കാവേരി പ്രശ്‌നം: സംയമനം വേണം

Thursday 15 September 2016 11:39 pm IST

കാവേരി നദീജലം പങ്കിടുന്നത് സംബന്ധിച്ച് കര്‍ണാടകത്തിലും തമിഴ്‌നാട്ടിലും തുടരുന്ന സംഘര്‍ഷം വന്‍നാശനഷ്ടമാണ് വരുത്തുന്നത്. രണ്ടുദിവസംകൊണ്ട് നുറിലധികം വാഹനങ്ങള്‍ ബെംഗളൂരുവില്‍ മാത്രം തകര്‍ത്തു. കര്‍ണാടകത്തിന്റേ പല നഗരങ്ങളിലും കലാപം പടരുകയുണ്ടായി. തമിഴര്‍ക്കും തമിഴ്‌നാട് രജിസ്‌ട്രേഷനുള്ള വാഹനങ്ങള്‍ക്കും നേരെയാണ് മുഖ്യമായും അക്രമങ്ങളുണ്ടായത്. തുടര്‍ന്ന് അന്തര്‍സംസ്ഥാന യാത്രാ വാഹനങ്ങള്‍ നിര്‍ത്തിവയ്‌ക്കേണ്ടിവന്നു. സമയോചിതമായി റെയില്‍വെ അനുവദിച്ച പ്രത്യേത തീവണ്ടികളും കേരളാ സ്റ്റേറ്റ് ബസ്സുകളുമാണ് ഓണത്തിന് നാട്ടിലെത്താന്‍ മലയാളികള്‍ക്ക് തുണയായത്. തമിഴ്‌നാട്ടിലും പ്രതിഷേധം കത്തുകയാണ്. മിക്ക രാഷ്ട്രീയപാര്‍ട്ടികളും കര്‍ണാടകത്തിനെതിരെ പ്രക്ഷോഭത്തിന് കോപ്പുകൂട്ടി. കര്‍ണാടകയില്‍ ഹര്‍ത്താല്‍ ആചരിക്കുമ്പോള്‍തന്നെ തമിഴ്‌നാട്ടിലും ഹര്‍ത്താല്‍ ആഹ്വാനമുണ്ട്. കാവേരി ജലം തമിഴ്‌നാടിന് വിട്ടുനല്‍കാനുള്ള സുപ്രീം കോടതി ഉത്തരവാണ് പ്രക്ഷോഭത്തിന് വഴിവച്ചത്. രണ്ടുപേരുടെ മരണത്തിനിടയാക്കി. ബെംഗളൂരുവിലും മൈസൂറിലും അടക്കം പലയിടങ്ങളിലും വന്‍തോതിലാണ് അക്രമങ്ങള്‍ അരങ്ങേറിയത്. കെപിഎന്‍ ട്രാവല്‍സിന്റെ മൈസൂര്‍ റോഡിലുള്ള ഡിപ്പോയില്‍ക്കിടന്ന 56 ബസുകള്‍ കത്തിച്ചു. പലയിടങ്ങളിലായി 12 തമിഴ്‌നാട് ലോറികള്‍ അടക്കം അനവധി വാഹനങ്ങള്‍ കത്തിച്ചു. തമിഴരുടെ ഹോട്ടലുകള്‍ തകര്‍ത്തു, ഗതാഗതം സ്തംഭിച്ചു. കേരളത്തിലേക്കുള്ള ബസ് സര്‍വ്വീസ് പൂര്‍ണ്ണമായും നിര്‍ത്തിവച്ചിരിക്കുകയാണ്. ബെംഗളൂരില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചു. മെട്രോ ട്രെയിന്‍ സര്‍വ്വീസും നിര്‍ത്തിവച്ചു. ദിവസവും 15000 ഘനയടി വെള്ളം വിട്ടുനല്‍കണമെന്ന ഈ മാസം അഞ്ചിന്റെ ഉത്തരവ് പരിഷരിച്ച് 12000 ഘനയടിയായി സുപ്രീംകോടതി കുറച്ചു. ഈ മാസം 20 വരെ നിത്യേന ഇത്രയും വെള്ളം നല്‍കാനാണ് നിര്‍ദ്ദേശം. കര്‍ണാടകം നല്‍കിയ പുനപ്പരിശോധനാ ഹര്‍ജിയിലാണ് നടപടി. കോടതി വിധിയെതുടര്‍ന്ന് കലാപത്തിലേക്ക് ജനങ്ങള്‍ തിരിയുന്നതിനെതിരെ സുപ്രീംകോടതി ഇരുസംസ്ഥാനങ്ങളെയും താക്കീത് ചെയ്തിരിക്കുകയാണ്. നിയമം കയ്യിലെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒത്താശ ചെയ്യരുതെന്നും ശക്തമായ നടപടി സ്വീകരിക്കണമെന്നുമാണ് സുപ്രീംകോടതി നിര്‍ദ്ദേശിച്ചത്. ഇരുസംസ്ഥാനങ്ങളിലും മലയാളികള്‍ അക്രമിക്കപ്പെടുന്നില്ലെങ്കിലും സമരം നീണ്ടാല്‍ ഏറെ ദോഷം ഉണ്ടാക്കുന്നത് കേരളത്തിനാകും. കേരളത്തിനാവശ്യമുള്ള എല്ലാ സാധനങ്ങളും എത്തേണ്ടത് കര്‍ണാടകയില്‍നിന്നും തമിഴ്‌നാട്ടില്‍നിന്നുമാണ്. ഹര്‍ത്താലുകളും വഴിതടയലും നീണ്ടാല്‍ എല്ലാം മുടങ്ങും. സാധനങ്ങളുടെ നീക്കം ഇല്ലാതാകും. വിലക്കയറ്റം രൂക്ഷമാകും. കര്‍ണാടകയില്‍ ഇപ്പോള്‍തന്നെ വലിയ നഷ്ടമാണുണ്ടാക്കിയത്. രാജ്യത്തെ ഐടി കമ്പനികളുടെ തലസ്ഥാനമായാണ് ബെംഗളൂരുവിനെ കണക്കാക്കുന്നത്. രണ്ടുദിവസം അവിടെ ജനജീവിതം സ്തംഭിച്ചപ്പോള്‍തന്നെ 25000 കോടിയുടേയെങ്കിലും നഷ്ടമാണുണ്ടാക്കിയത്. ഐടി മേഖലയില്‍ 500 സ്ഥാപനങ്ങള്‍ ബെംഗളൂരുവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ബഹുരാഷ്ട്ര കമ്പനികളുടെ ബാക്ക് ഓഫീസും ഇവിടെ ഉണ്ട്. ഈ സ്ഥാപനങ്ങളില്‍മാത്രം മുക്കാല്‍ ലക്ഷം ടെക്കികളാണ് ജോലിചെയ്യുന്നത്. കാവേരി സംഘര്‍ഷത്തിനുപുറമെ പൊതുപണിമുടക്കും ഐടി കമ്പനികളെ പ്രതികൂലമായി ബാധിച്ചു. കാവേരിജലം സംബന്ധിച്ച തര്‍ക്കവും സംഘര്‍ഷവും വേദനാജനകമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിച്ചിട്ടുണ്ട്. സമാധാനമുണ്ടാക്കാന്‍ മുഖ്യമന്ത്രിമാര്‍ മുന്‍കൈ എടുക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചെങ്കിലും കാര്യമായ എന്തെങ്കിലും നടപടി മുഖ്യമന്ത്രിമാര്‍ സ്വീകരിച്ചതായി കാണുന്നില്ല. മാധ്യമങ്ങള്‍ നിയന്ത്രണം പാലിക്കണമെന്നും കേന്ദ്രം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. പ്രകോപനപരവും വികാരപരമായും ചില ചാനലുകള്‍ വാര്‍ത്ത നല്‍കിയത് സംഘര്‍ഷങ്ങള്‍ക്ക് ആക്കം കൂട്ടിയ സാഹചര്യത്തിലാണ് കേന്ദ്ര നിര്‍ദ്ദേശം. ജനങ്ങളെ ശാന്തരാക്കുന്നതിനുപകരം എരിതീയില്‍ എണ്ണയൊഴിക്കുന്ന സമീപനമാണ് ഇരു സംസ്ഥാനങ്ങളിലേയും ഭരണക്കാരും സ്വീകരിച്ചത്. അയല്‍സംസ്ഥാനത്തെ ശത്രുതയോടെ കണ്ട് പ്രക്ഷോഭത്തിനിറങ്ങുന്നത് രാജ്യത്തിന് വലിയ ദോഷമാണുണ്ടാക്കുക. അതുകൊണ്ട് സമചിത്തതയോടെ കാര്യങ്ങള്‍ വീക്ഷിക്കുകയും സംയമനം പാലിക്കാനുള്ള പ്രയത്‌നങ്ങള്‍ ശക്തമാക്കുകയുമാണ് ഇന്നത്തെ ആവശ്യം.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.