ഗദ്ദികയാടി അവര്‍ ഓണം ആഘോഷിച്ചു

Friday 16 September 2016 3:02 am IST

ഗദ്ദികയാടി അടിയര്‍ ഓണം ആഘോഷിക്കുന്നു

ബത്തേരി: മാവേലിയും വാമനനും പൂവിളിയും പുക്കളവും ഓണപ്പാട്ടുകളും ഒന്നുമില്ലാത്ത വനവാസി വിഭാഗമായ അടിയര്‍ അവരുടെ അനുഷ്ഠാന കലാരൂപമായ ഗദ്ദികയാടി ഓണം ആഘോഷിച്ചു.

കബനീ നദിയുടെ തീരപ്രദേശമായ ചേകാടിയിലെ കട്ടക്കണ്ടി അടിയ പാടിയില്‍ തിരുവോണ നാള്‍ അര്‍ദ്ധരാത്രിയില്‍ ആരംഭിച്ച ഗദ്ദികയാട്ടം അവിട്ടം നാള്‍ പുലര്‍ച്ചെയാണ് സമാപിച്ചത്.

നൂറ്റാണ്ടുകള്‍ക്ക് മുമ്പ് കര്‍ണ്ണാടകയില്‍ നിന്ന് കുടിയേറിയവരുടെ പിന്‍മുറക്കാരാണ് വയനാട്ടിലെ അടിയ സമൂഹം. വടക്കേ വയനാട്ടില്‍ തിരുനെല്ലിയിലും തെക്കേ വയനാട്ടിലെ കബനീതീര പ്രദേശത്തുമാണ് ഈ വിഭാഗക്കാര്‍ അധിവസിക്കുന്നത്. വടക്കന്‍ കേരളത്തിന്റെ അനുഷ്ഠാന കലാരൂപമായ തെയ്യത്തിന് സമാനമാണ് തങ്ങള്‍ക്ക് ഗദ്ദികയെന്ന് ഇവര്‍ പറയുന്നു. ദിവസങ്ങളോളമുളള വ്രതാനുഷ്ഠാനത്തിന് ശേഷമാണ് ഇവര്‍ ഇത് കെട്ടിയാടുന്നത്.

മുഖ്യധാരാ മലയാളി സമൂഹത്തിന്റെ ഓണഘോഷത്തിലെ മാവേലിക്കും വാമനനും പകരം ഇവരുടെ ഗദ്ദികയില്‍ കുളിയന്‍, ചാമുണ്ടി, മാരിയമ്മ, പാക്കംദൈവം തുടങ്ങിയ മൂര്‍ത്തികളെ വിളിച്ചാണ് ഗദ്ദികയാട്ടം.

രോഗ ദുരിതങ്ങളില്‍ നിന്നും കഷ്ടപ്പാടുകളില്‍ നിന്നും കാത്തു കുലത്തെ രക്ഷിക്കണമേ എന്ന അപേക്ഷയാണ് ഓണ ഗദ്ദികയുടേയും ഇതിവ്യത്തം. പോയ കാലത്തെ നെല്‍ വയല്‍ സംസ്‌ക്യതിയുടെ കാവലാളായിരുന്നു. ഈ സമുദായം. മറ്റ് വനവാസി വിഭാഗങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഓണത്തിന് സസ്യാഹരം മാത്രമാണ് ഇവര്‍ വിളമ്പുന്നത്. ഓണത്തെക്കുറിച്ചുളള വേറിട്ട കാഴ്ചയാണ് അടിയരുടെ ഓണ സങ്കല്‍പ്പം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.