മാന്നാര്‍ (ആലപ്പുഴ): പരുമല ദേവസ്വം ബോര്‍ഡ് പമ്പാ കോളേജില്‍ മൂന്ന് എബിവിപി പ്രവര്‍ത്തകരെ വെള്ളത്തില്‍ മുക്കിക്കൊന്ന സിപിഎം അക്രമത്തിന് നാളെ 20 വര്‍ഷം പൂര്‍ത്തിയാകുന്നു. 1996 സെപ്റ്റംബര്‍ 17നാണ് ദേശീയതയുടെ ആദര്‍ശത്തില്‍ വിശ്വസിച്ചതിന്റെ പേരില്‍ മൂന്ന് എബിവിപി പ്രവര്‍ത്തകരെ സിപിഎം-ഡിവൈഎഫ്ഐക്കാര്‍ പമ്പയാറ്റില്‍ മുക്കിക്കൊന്നത്.
മാന്നാര്‍ ആലുംമൂട് കിം കോട്ടേജില്‍ പരേതരായ കരുണാകരന്-ലീലാമ്മ ദമ്പതികളുടെ ഏക മകന് കിം കരുണാകരന്(17). കുട്ടംമ്പേരൂര്‍ ഇന്ദിരാലയത്തില്‍ ശശിധരന് നായര്‍-ഇന്ദിര ദമ്പതികളുടെ ഏക മകന് അനു പി.എസ്(20), ചെട്ടികുളങ്ങര കണ്ണമംഗലം ശാരദാഭവനം ശിവദാസന്‍ നായരുടെയും പരേതയായ ശാരദയുടേയും മകന് സുജിത്ത്(17). എന്നിവരാണ് കൊല്ലപ്പെട്ടത്.
പുറമെനിന്നുള്ള ഗുണ്ടകളുടെ നേതൃത്വത്തില്‍ കോളേജിനുള്ളില്‍ കയറി നടത്തിയ ആക്രമണത്തില്‍ നിന്നു രക്ഷ നേടുന്നതിനായി കോളേജിനു സമീപത്തുകൂടി ഒഴുകുന്ന പമ്പാ നദിയിലേക്കു ചാടിയ ഇവരെ ചവിട്ടിയും കല്ലെറിഞ്ഞും വെള്ളത്തില്‍ താഴ്ത്തി കൊല്ലുകയായിരുന്നു.
മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിച്ച ഈ സംഭവത്തിലെ പ്രതികളെ തെളിവുകള്‍ നശിപ്പിച്ച് രക്ഷപ്പെടുത്തുകയാണ് അന്ന് സംസ്ഥാനം ഭരിച്ചിരുന്ന ഇ.കെ. നായനാരുടെ നേതൃത്വത്തുള്ള ഇടതുസര്‍ക്കാര്‍ ചെയ്തത്. കൊലയാളികളെ പിടിക്കുന്നതിനു പകരം കൊല്ലപ്പെട്ടവരെ മോശമായി ചിത്രീകരിക്കാനാണ് നിയമപാലകരും ഇവരെ നയിക്കുന്നവരും ചെയ്തത്.
തെളിവുകളുടെ അഭാവത്തില്‍ പ്രതികളെ വെറുതെ വിട്ട ഹൈക്കോടതി അന്വേഷണത്തെയും തുടര്‍നടപടികളെയും നിശിതമായി വിമര്‍ശിച്ചു. കോടതിക്ക് ഈ സംഭവത്തില്‍ മാതാപിതാക്കളുടെ ദുഖത്തില്‍ പങ്കുചേരുവാന്‍ മാത്രമെ സാധിക്കുകയുള്ളു എന്ന് നിസ്സഹായവസ്ഥയില്‍ പറയേണ്ടിവന്നു. ഇതിന്റെ ഫലമായി ഈ നരമേധത്തിനു നേതൃത്വം കൊടുത്തവരും നടത്തിയവരും ഇന്നും അക്രമപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്കി പരുമലയിലും പരിസരപ്രദേശങ്ങളിലും സസുഖം വാഴുന്നു. ചിലര്‍ വിദേശത്തേക്കും കടന്നു. ഭരണസ്വാധീനത്തില്‍ തെളിവുകള്‍ നശിപ്പിച്ച് പ്രതികളെ രക്ഷപ്പെടുത്തിയ കേസില്‍ പുനരന്വേഷണാവശ്യത്തെ ഇടത്-വലത് സര്‍ക്കാരുകള്‍ അവഗണിക്കുകയാണ് ചെയ്തത്.
യുവമോര്‍ച്ചയും പരുമല ബലിദാന്‍ ട്രസ്റ്റിന്റെയും നേതൃത്വത്തില്‍ ബലിദാനദിനാചരണം നാളെ രാവിലെ ഒന്‍പതിന് യുഐറ്റി കോളേജ് ജംഗ്ഷനില്‍ ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം അഡ്വ.പി.എസ്. ശ്രീധരന്‍പിള്ള ഉദ്ഘാടനം ചെയ്യും. പരുമല ബലിദാന്‍ ട്രസ്റ്റ് സെക്രട്ടറി മധു പരുമല അദ്ധ്യക്ഷത വഹിക്കും. യോഗത്തില്‍ പരുമല പമ്പാ കോളേജില്‍ നിന്നും ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് പരുമല ബലിദാന്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ എന്‍ഡോവ്മെന്റ് വിതരണം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: