സുരക്ഷയ്ക്ക് മുന്‍ഗണന

Friday 16 September 2016 9:09 pm IST

പത്തനംതിട്ട: ഉത്രട്ടാതി ജലമേളയ്ക്ക് മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കൂടുതല്‍ സുരക്ഷാ മുന്‍കരുതലുകളാണ് സ്വീകരിച്ചിരിക്കുന്നത്. പമ്പാനദിയില്‍ പലയിടത്തും മണ്‍പുറ്റുകളും ചുഴികളും അപകടം വിതയ്ക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇക്കാരണങ്ങള്‍ മുന്‍നിര്‍ത്തി എല്ലാ പള്ളിയോടങ്ങളിലും ലൈഫ് ബോയ് സുരക്ഷാ സംവിധാനങ്ങളും വായു നിറച്ച റബ്ബര്‍ ട്യൂബുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജലമേളനടക്കുന്ന ദിനത്തില്‍ അഗ്നിരക്ഷാ സേനയുടെ മുങ്ങല്‍ വിദഗ്ദ്ധര്‍ക്ക് പുറമേ തദ്ദേശീയരായ മുങ്ങല്‍ വിദഗ്ദ്ധരുടെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങളെ നേരിടാന്‍ പൊലീസും അഗ്നിരക്ഷാസേനയും സ്‌കൂബ ഡൈവേഴ്‌സും പള്ളിയോട സേവാസംഘത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന സുരക്ഷാ മുന്‍കരുതല്‍കള്‍ക്ക് സഹായം നല്‍കും.ആറന്മുള ഉത്രട്ടാതി ജലമേളയുടെ ഉദ്ഘാടനത്തിനും മറ്റ് വിശിഷ്ട അതിഥികള്‍ക്കുള്ള ഇരിപ്പിടവുമൊരുക്കുന്ന പവലിയന്റെ വലിപ്പം വര്‍ദ്ധിപ്പിച്ചു. സുരക്ഷാ കാരണങ്ങള്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ പരിഗണിച്ച് പള്ളിയോട സേവാസംഘം ആവശ്യപ്പെട്ടതനുസരിച്ചാണ് പവലിയന്റെ വലിപ്പം വര്‍ദ്ധിപ്പിച്ചത്. പമ്പാ നദിയിലിലെ പുറ്റ് നീക്കുന്ന ജോലികള്‍ ഇത്തവണയും നടക്കുന്നുണ്ടെങ്കിലും വരുന്ന വേനല്‍ക്കാലത്ത് ഇക്കാര്യത്തില്‍ തുടര്‍ നടപടിയുണ്ടാകുമെന്നാണ് ഇറിഗേഷന്‍ വകുപ്പ് അറിയിച്ചിരിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.