സംസ്ഥാനപാത തകര്‍ന്നു : യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും കുഴികള്‍ ഭീഷണിയാകുന്നു

Friday 16 September 2016 9:40 pm IST

ഇരിങ്ങാലക്കുട : കോടികള്‍ മുടക്കി റീടാര്‍ ചെയ്ത പോട്ട മൂന്നുപീടിക സംസ്ഥാനപാതയില്‍ ആളൂര്‍ മുതല്‍ ഇരിങ്ങാലക്കുട വരെയുള്ള ഭാഗത്ത് പലയിടത്തും റോഡ് ഭാഗികമായി തകര്‍ന്നത് യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും ഒരുപോലെ ഭീഷണിയാകുന്നു. വെള്ളിയാഴ്ച വിശ്വനാഥപുരം ക്ഷേത്രത്തിനു മുന്‍വശം ഒരു ടിപ്പര്‍ ലോറി ഓടികൊണ്ടിരിക്കേ ആക്‌സില്‍ ഒടിഞ്ഞു നടുറോഡില്‍ കിടന്നത് ഗതാഗത തടസമുണ്ടാക്കി. ശ്രീനാരായണഗുരു ജയന്തി ഘോഷയാത്ര വരാനിരിക്കെയാണ് അപകടം സംഭവിച്ചത്. പുല്ലൂര്‍ ആശുപത്രിക്കു സമീപത്തെ റോഡ് മുഴുവന്‍ തകര്‍ന്നനിലയിലാണ്, ഇതിലൂടെ പോകുന്ന ഭാരവാഹനങ്ങള്‍ എല്ലാം തന്നെ റോഡിന്റെ മോശം അവസ്ഥകരണം കേടുപാടുകള്‍ സംഭവിക്കുന്നത് പതിവാണ് ഇപ്പോള്‍. കോടികണക്കിന് രൂപ ചിലവഴിച്ചാണ് കഴിഞ്ഞ വര്‍ഷം ഇവയെല്ലാം മെക്കാഡം ടാറിങ്ങ് നടത്തിയിരിക്കുന്നത്. പലയിടത്തും വലിയ കുഴികള്‍ മൂടിയിട്ടുണ്ടെങ്കിലും പലയിടത്തും ടാറിങ്ങ് അടര്‍ന്നുപോയി രൂപപ്പെട്ട കുഴികള്‍ യാത്രക്കാര്‍ക്ക് ഭീഷണി ഉയര്‍ത്തുന്നു. ഒരു വര്‍ഷം മുമ്പ് റീടാറിംഗ് നടത്തിയ റോഡാണ് ഒഴുകി പോയിരിക്കുന്നത്. കോടികള്‍ മുടക്കി റീടാര്‍ ചെയ്ത പോട്ടമൂന്നുപീടിക സംസ്ഥാനപാതയില്‍ കല്ലേറ്റുംകര മുതല്‍ ഇരിങ്ങാലക്കുട വരെയുള്ള ഭാഗത്ത് പലയിടത്തും റോഡ് മുഴുവനായി തകര്‍ന്ന നിലയിലാണ്. പലയിടത്തും പൊളിഞ്ഞ് പോയ ടാറിങ്ങിന് താഴെ പത്ത് വര്‍ഷം മുമ്പ് ചെയ്ത റോഡിന്റെ ഉപരിതലം ഇപ്പോഴും കേടുകൂടാതെ നില്ക്കുകയാണ്. മെറ്റലിളകി റോഡിന്റെ വശങ്ങളിലേയ്ക്ക് തള്ളിപ്പോയ അവസ്ഥയിലാണ്. ഈ റോഡില്‍ മെറ്റലില്‍ വണ്ടി തെന്നി വിണ് അപകടം പതിവാണെന്ന് നാട്ടുകാര്‍ പറഞ്ഞു. മെക്കാഡം ടാറിങ്ങിലെ അഴിമതിയും നിലവാര തകര്‍ച്ചയുമാണ് റോഡ് തകരാന്‍ കാണമെന്നാണ് നാട്ടുകാരുടെ ആക്ഷേപം. സമ്പൂര്‍ണ്ണ കുടിവെള്ള പദ്ധതിക്കായി പൊളിച്ച് റീ ടാറിങ്ങ് നടത്തിയ പടിയൂര്‍ മതിലകം റോഡിലും കുഴികള്‍ രൂപപ്പെട്ടിരിക്കുന്നതും ഭീഷണി ഉയര്‍ത്തുന്നുണ്ട്. നിരന്തരം അപകടങ്ങള്‍ ഉണ്ടാകുന്ന സാഹചര്യത്തില്‍ അടിയന്തിരമായി കുഴികളടക്കാന്‍ പിഡബ്ലിയുഡി അധികാരികള്‍ തയ്യാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.