ഗാന്ധിനഗര്‍: ഗോതമ്പുമാവും ശര്‍ക്കരയും നെയ്യും ചേര്‍ത്തുണ്ടാക്കുന്ന ‘സുഖ്ദി’യാണ് മകന് ഇഷ്ടപ്പെട്ട പലഹാരം. പിറന്നാളിന് സുഖ്ദിയുണ്ടാക്കി ഹീരാ ബാ മകനെ കാത്തിരിക്കുകയാണ്. കണ്‍നിറയെ കാണാന്‍, ആശീര്‍വദിക്കാന്‍.
പിറന്നാളുകാരന് മകന് മറ്റാരുമല്ല. ഭാരത പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ന് അദ്ദേഹത്തിന് 66ാം പിറന്നാള്‍. ഔദ്യോഗിക അറിയിപ്പൊന്നുമില്ലെങ്കിലും മോദിയെത്തും അമ്മയെ കാണാന്‍, അനുഗ്രഹം വാങ്ങാന്‍. മറ്റ് ഔദ്യോഗിക തിരക്കുകളൊന്നുമില്ലെങ്കില്‍ മുടക്കമില്ലാത്ത സന്ദര്‍ശനമാണിത്. പ്രതീക്ഷയോടെ, ആഹ്ലാദത്തോടെ കാത്തിരിക്കുകയാണ് കുടുംബമൊന്നാകെ.
അമ്മയെ കാണാന്‍ റായ്സാനിലുള്ള സഹോദരന് പങ്കജിന്റെ പുതിയ വീട്ടിലാകും മോദിയെത്തുക. അതുകഴിഞ്ഞ് രണ്ടു പൊതുപരിപാടികളില്‍ പങ്കെടുക്കും. മറ്റൊരു സഹോദരന് പ്രഹ്ലാദിന്റെ വീടും മോദി സന്ദര്‍ശിച്ചേക്കും. അദ്ദേഹത്തിന്റെ മകള്‍ അടുത്തയിടെയാണ് മരിച്ചത്.
കഴിഞ്ഞവര്‍ഷം പിറന്നാളിന് മോദിക്ക് അമ്മയുടെ അരികിലെത്താന്‍ കഴിഞ്ഞിരുന്നില്ല. പക്ഷേ അധികാരത്തിലേറിയ വര്‍ഷം, 2014 ല്‍ അദ്ദേഹമെത്തി. അന്ന് അമ്മ മകന് പിറന്നാള്‍ സമ്മാനമായി നല്‍കിയത് ഭഗവത്ഗീത. ഒപ്പം 5001 രൂപയും മധുരപലഹാരങ്ങളും. കാശ്മീരിലെ വെള്ളപ്പൊക്ക ദുരിതാശ്വാസനിധിയിലേക്ക് മോദി ആ തുക സംഭാവന ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: