അവധികളുടെ ഓണം

Friday 16 September 2016 11:21 pm IST

തിരുവനന്തപുരം: ഇക്കൊല്ലത്തെ ഓണത്തിന് ഒമ്പതുദിവസത്തെ തുടര്‍ച്ചയായ അവധികള്‍. ഓണം, ബക്രീദ്, നാരായണഗുരു ജയന്തി തുടങ്ങി സപ്തംബര്‍ 10 മുതല്‍ 19 വരെയുള്ള നീണ്ട അവധികള്‍. ഒരുവിഭാഗം ആളുകള്‍ക്ക് ആശ്വാസകരമാവുമ്പോള്‍ സാധാരണക്കാരന് നല്‍കുന്നത് ദുരിതമാണ്. തുടര്‍ച്ചയായ ഒഴിവുകളില്‍ ബാങ്കുകളുള്‍പ്പെടെ നിരവധി സ്ഥാപനങ്ങള്‍ 'പണിമുടക്കിയപ്പോള്‍' സാധാരണക്കാരെ അത് പ്രതികൂലമായി ബാധിച്ചു. അവധികള്‍ സര്‍ക്കാര്‍ ജീവനക്കാര്‍ ആഘാഷമാക്കിയപ്പോള്‍ സംസ്ഥാനത്തെ ഭരണവിഭാഗം പ്രവര്‍ത്തനരഹിതമായി. ബാങ്കുകള്‍ 10 മുതല്‍ അവധിയായതിനാല്‍ ഉത്രാടദിനത്തിന്റെ തലേനുതന്നെ എടിഎം കൗണ്ടറുകള്‍ കാലിയായി. അധികൃതര്‍ ഇടപെട്ട് എടിഎമ്മുകള്‍ പ്രവര്‍ത്തന സജ്ജമാക്കിയെങ്കിലും ഓണത്തിരക്കില്‍ ഇടയ്ക്കിടെ കൗണ്ടറുകള്‍ കാലിയായത് ഉപഭോക്താക്കളെ വലച്ചു. ബാങ്കുകള്‍ പ്രവര്‍ത്തിക്കാതിരുന്നതിനാല്‍ പെന്‍ഷന്‍ വിതരണം പൂര്‍ണമായും മുടങ്ങി. ഓണം ലഘുവായെങ്കിലും ആഘോഷിക്കാന്‍ പെന്‍ഷന്‍ പ്രതീക്ഷിച്ചിരുന്നവര്‍ നിരാശരായി. ഓണം പ്രമാണിച്ച് സ്വകാര്യ, സര്‍ക്കാര്‍ മേഖലകള്‍ സ്തംഭിച്ചപ്പോള്‍ ആഘോഷങ്ങളും അവധികളും മറന്ന് മാധ്യമങ്ങളും, ആതുരാലയങ്ങളും, പോലീസ്, ഫയര്‍ഫോഴ്‌സ് വിഭാഗങ്ങളും പതിവുതെറ്റാതെ പ്രവര്‍ത്തിച്ചു. ഓണാവേശത്തില്‍ നാടും നഗരവും ഒരുപോലെ ഉത്സവലഹരിയില്‍ മുഴുകിയപ്പോഴും അവധിയാഘോഷിക്കാന്‍ ബീച്ചുകളിലും പാര്‍ക്കുകളിലും മറ്റ് വിനോദസഞ്ചാരകേന്ദ്രങ്ങളിലും എത്തുന്നവരുടെ വന്‍തിരക്കാണ് അനുഭവപ്പെട്ടത്. റോഡുകളിലും കട കമ്പോളങ്ങളിലും തിരുവോണ നാളിലും തിരക്കിന് കുറവൊന്നുമുണ്ടായില്ല. അവധികളാല്‍ സമ്പന്നമായ ഇത്തവണത്തെ ഓണം അക്ഷരാര്‍ത്ഥത്തില്‍ 'അവധികളുടെ ഓണ'മായി മാറി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.