മുഹമ്മ: ദല്‍ഹി ഐഐടിയിലെ സീനിയര്‍ പ്രൊഫസറും ദേശീയപുരസ്കാര ജേതാവുമായ ആലപ്പുഴ മുഹമ്മ കരിപ്പുറത്തുവീട്ടില് ഡോ: കെ. ആര്. രാജഗോപാല്‍(55) അന്തരിച്ചു. സംസ്ക്കാരം ദല്‍ഹിയില്‍ ഇന്ന് രാവിലെ. ഭാര്യ: സുചിത്ര(ചാര്‍ട്ടേഡ് അക്കൗണ്ടന്റ്). മക്കള്‍: ശ്രേയ(ബി ടെക് വിദ്യാര്‍ത്ഥിനി), സൂരജ്.
മുഹമ്മ കരിപ്പുറത്ത് പരേതരായ റിട്ട: അധ്യാപകനും സംസ്കൃത പണ്ഡിതനുമായ എം. ഡി. രാമനാഥ ശര്‍മയുടെയും റിട്ട: അധ്യാപിക എം. സുനന്ദഭായിയുടെയും മകനാണ്. 1991ല്‍ ദല്‍ഹി ഐഐടിയില്‍ നിന്നും പവര്‍ ഇലക്ട്രോണിക്സ്-ഇലക്ട്രിക്കല്‍ മെഷിന്‍സ് ആന്റ് ഡ്രൈവ്സ് എന്ന വിഷയത്തില്‍ ഒന്നാം റാങ്കോടെ എംടെക് കരസ്ഥമാക്കിയ രാജഗോപാല്‍ 18 വര്‍ഷമായി ഐഐടിയില്‍ ജോലിചെയ്തുവരികയാണ്.
തിരുവനന്തപുരം ഐഎസ്ആര്‍ഒ ഇനീഷ്യല്‍ സിസ്റ്റം യൂണിറ്റില്‍ സീനിയര്‍ എന്‍ജിനീയറായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഐഎസ്ആര്‍ഒ വിക്ഷേപിച്ചിട്ടുള്ള ഐആര്‍എസ് ഇന്‍സാറ്റ് ഉപഗ്രഹങ്ങളിലെ സൂര്യപാളികളെ എപ്പോഴും സൂര്യന് നേരെതിരിച്ചുനിര്ത്തുന്ന സ്റ്റെപ്പര്‍ മോട്ടോറുകള്‍ വികസിപ്പിച്ചെടുത്തത് രാജഗോപാലായിരുന്നു.
വികസിത രാജ്യങ്ങളില്‍ മാത്രം നിര്‍മ്മിക്കുന്ന ഇത്തരം മോട്ടോറുകള്‍ ഭാരതത്തില്‍ ആദ്യമായി വികസിപ്പിച്ചെടുത്തത് ഇദ്ദേഹമാണ്. വിദേശ രാഷ്ട്രങ്ങളില്‍ ഇലക്ട്രിക്കല്‍-ഇലക്ട്രോണിക്സ് സമ്മേളനങ്ങളില്‍ പ്രബന്ധം അവതരിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.
നാഷണല്‍ എന്‍ജിനീയറിംഗ് അക്കാദമിയിടെ ഡോക്ടറേറ്റ് തലത്തിലുള്ള ഏറ്റവും മികച്ച ഗവേഷണ പ്രബന്ധത്തിനുള്ള ദേശീയ അവാര്‍ഡ് രാജഗോപാലിന് ലഭിച്ചിരുന്നു. മുഹമ്മ എന്‍എം എ ക്ലബ്ബിലൂടെ പൊതുരംഗത്ത് വളര്‍ന്നുവന്ന രാജഗോപാല്‍ മികച്ച വോളിബോള്‍ താരമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: