ദമ്പതികളെ കെട്ടിയിട്ട് കവര്‍ച്ച; പോലീസ് സംഘം ഒഡീഷയില്‍

Saturday 17 September 2016 7:59 pm IST

തൊടുപുഴ: പെട്രോള്‍ പമ്പ് ഉടമയേയും ഭാര്യയേയും ആക്രമിച്ച് പണവും സ്വര്‍ണ്ണവും കവര്‍ന്ന കേസിലെ പ്രതികളെ പിടികൂടാന്‍ തൊടുപുഴ എസ്.ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഒഡീഷയിലെത്തി. കേസിലെ മുഖ്യ പ്രതിയെന്ന് പോലീസ് സംശയിക്കുന്ന രമേശിനെ പിടികൂടാനാണ് കേരള പോലീസ് ഒഡീഷയിലെത്തിയിരിക്കുന്നത്. ഇവിടുത്തെ ലോക്കല്‍ പോലീസിന്റെ സഹായവും കേരള പോലീസ് തേടിയിട്ടുണ്ട്. ഒരാഴ്ച മുമ്പാണ്  ഒഡീഷക്കാരുടെ നേതൃത്വത്തിലുള്ള മോഷണ സംഘം തൊടുപുഴയില്‍ കവര്‍ച്ച നടത്തി രക്ഷപ്പട്ടത്. തൊടുപുഴ പോലീസ് സ്‌റ്റേഷന് മുന്നിലുള്ള ക്യാമറയില്‍ അത്ര വ്യക്തമല്ലാത്ത കവര്‍ച്ചക്കാരുടെ ചിത്രങ്ങള്‍ പതിഞ്ഞിരുന്നു. ഇതിന്റെ വെളിച്ചത്തില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതികളെ കണ്ടെത്താനുള്ള സൂചനയും കണ്ടു പിടിച്ചിരുന്നു. എന്നിട്ടും അന്വേഷണ സംഘത്തിന് ഏറെ മുന്നോട്ടു പോകാനായില്ല. മോഷണത്തിനുശേഷം സംഘം തൊണ്ടിമുതലുമായി പോലീസ് സ്‌റ്റേഷനും, നഗരസഭയ്ക്കും മുന്നിലൂടെ പാലം കടന്ന് അക്കരയെത്തിയാണ്  ഓട്ടോവിളിച്ച് രക്ഷപെട്ടത്. ഓട്ടോറിക്ഷക്കാര്‍ അപരിചിതരായ ആളുകള്‍ ഓട്ടം വിളിച്ചാല്‍ പോലീസിനെ വിവരം അറിയിക്കണമെന്ന നിര്‍ദ്ദേശം പാലിക്കാത്തതാണ് പ്രതികള്‍ രക്ഷപ്പെടാന്‍ വഴി ഒരുക്കിയത്. അര്‍ധരാത്രിയില്‍ വീട്ടിലെത്തി കോളിങ് ബെല്‍ അടിച്ചും നിലവിളിച്ചും വാതില്‍ തുറപ്പിച്ച ശേഷം ഗൃഹനാഥനേയും ഭാര്യയേയും ആക്രമിച്ച് കീഴ്‌പ്പെടുത്തി കെട്ടിയിട്ട് നാലംഗസംഘം പണവും സ്വര്‍ണാഭരണങ്ങളും മോഷ്ടിച്ച് കടക്കുകയായിരുന്നു.  തൊടുപുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന് സമീപത്ത് താമസിക്കുന്ന പ്രമുഖ വ്യവസായിയും പമ്പുടമയുമായ കൃഷ്ണവിലാസം ബാലചന്ദ്രന്റെ വീട്ടിലാണ് മോഷണം നടന്നത്.മോഷണത്തിന്റെ പശ്ചാത്തലത്തില്‍ തൊടുപുഴയില്‍ രാത്രികാലത്ത് കര്‍ശന പരിശോധനയാണ് പോലീസ് സംഘം നടത്തുന്നത്. അമ്പതോളം പോലീസുകാര്‍ മഫ്തിയിലും യൂണിഫോമിലുമായി രംഗത്തുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.