കാഞ്ഞാര്‍: തൊടുപുഴ-പുളിയന്മല സംസ്ഥാന പാതയിലെ കുരുതിക്കളത്ത് നിയന്ത്രണം വിട്ട മിനിവാന്‍ കൊക്കയിലേക്ക് വീണു. റോഡിന് താഴെ തിട്ടയില്‍ നിന്ന മരത്തില്‍ തടഞ്ഞു നിന്നതിനാല്‍ വന്‍ അപകടം ഒഴിവായി. കുരുതിക്കളംചെക്ക് പോസ്റ്റിന് മുന്നിലെ ഒന്നാം വളവില്‍ വെളളിയാഴ്ച രാത്രി വൈകിയാണ് അപകടം നടന്നത്. പാലക്കാട്ട് പട്ടാമ്പിയില്‍ നിന്നുമെത്തിയ പതിമൂന്നംഗ വിനോദ സഞ്ചാരികള്‍ സഞ്ചരിച്ച ടെബോ ട്രാവലറാണ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞത്. മൂന്നാറില്‍ നിന്നും ഇടുക്കി വഴി തൊടുപുഴക്ക് വരവേയാണ് അപകടം സംഭവിച്ചത്. റോഡില്‍ നിന്നും കൊക്കയിലേക്ക് വീണ വാന്‍ തിട്ടയിലെ മരത്തിലിടിച്ച് തലകീഴായി തടഞ്ഞ് നില്‍ക്കുകയായിരുന്നു.
ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് വാഹനത്തില്‍ നിന്നും യാത്രക്കാരെ രക്ഷപെടുത്തിയത്. സംഭവമറിഞ്ഞ് കാഞ്ഞാര്‍, കുളമാവ് പോലീസ് സ്റ്റേഷനില്‍ നിന്നായി പോലീസും മൂലമറ്റത്ത് നിന്നും ഫയര്‍ഫോഴ്സും സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്കി. നൂറടിയിലധികം ആഴമുള്ള കൊക്കയിലേക്കാണ് വാന്‍ മറിഞ്ഞത്. വാന്‍ മരത്തില്‍ തടഞ്ഞ് നിന്നില്ലായിരുന്നെങ്കില്‍ വന്‍ ദുരന്തമുണ്ടായേനെയെന്ന് സമീപവാസികള്‍ ചൂണ്ടിക്കാട്ടി. നിരന്തരം അപകടങ്ങളുണ്ടാകുന്ന സംസ്ഥാന പാതയില്‍ പലയിടത്തും സംരക്ഷണ ഭിത്തിയില്ല. ഇത് പലപ്പോഴും അപകടത്തിന് കാരണമാകുന്നതായി നാട്ടുകാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: