കാഞ്ഞിരപ്പള്ളി പഞ്ചായത്തിന്റെ വിവിധ പദ്ധതികള്‍ക്ക് അംഗീകാരം മാലിന്യപ്രശ്‌നത്തിന് ശാശ്വത പരിഹാരമാകുമോ?

Saturday 17 September 2016 10:09 pm IST

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി നഗരത്തിലെ മാലിന്യ നിര്‍മ്മാജനത്തിന് പുതുതായി ഇന്‍സിനിറ്റേര്‍ സ്ഥാപിക്കുന്നതിന് അംഗീകാരം. മാലിന്യ നിര്‍മ്മാര്‍ജ്ജന പദ്ധതിക്ക് ഊന്നല്‍ നല്‍കി ഗ്രാമപഞ്ചായത്ത് അവതരിപ്പിച്ച പദ്ധതിയ്ക്കാണ് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം ലഭിച്ചത്. ഇതിനായി 30 ലക്ഷം രൂപയാണ് മാറ്റിവച്ചിരിക്കുന്നത്. വര്‍ഷങ്ങളായി മാലിന്യ പ്രശ്‌നത്തിന് പരിഹാരം കാണുമെന്ന് പഞ്ചായത്ത് അധികൃതര്‍ വാഗ്ദാനം നല്‍കുന്നുണ്ടെങ്കിലും അതുപോലെ ആകുമോയെന്ന ആശങ്കയും ഉയരുന്നുണ്ട്. ജില്ലാ പഞ്ചായത്തിന്റെ സഹായവും ഇതിനായി ലഭിക്കും. ടൗണ്‍ ഹാള്‍ പരിസരത്ത് സ്ഥാപിച്ചിരിക്കുന്ന മാലിന്യസംസ്‌ക്കരണ പ്ലാന്റിനോട് ചേര്‍ന്ന് ഇന്‍സിനേറ്റര്‍ സ്ഥാപിക്കും. ആകെ 8,89,02716 രൂപയുടെ പദ്ധതിയ്ക്കാണ് അംഗീകാരം ലഭിച്ചിരിക്കുന്നത്. ക്ഷീരകര്‍ഷകര്‍ക്ക് പശുക്കളെ വാങ്ങാന്‍ നാല് ലക്ഷം രൂപ ബജറ്റില്‍ വകയിരുത്തി. ക്ഷീരകര്‍ഷകര്‍ക്കുള്ള ഇന്‍സന്റീവിനായി അഞ്ചു ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഒരു ലക്ഷം രൂപ വര്‍ധിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു. കുടുംബശ്രീ യൂണിറ്റുകളുടെയും കാര്‍ഷിക ഉല്‍പന്നങ്ങളും വിറ്റഴിക്കുന്നതിന് മിനി സിവില്‍ സ്‌റ്റേഷനു സമീപം നിര്‍മിച്ച വനിതാ ഉല്‍പ്പന വിപണനകേന്ദ്രം പണി പൂര്‍ത്തിയാക്കും. ഇതിനായി 14 ലക്ഷം മാറ്റി വച്ചു. പുത്തനങ്ങാടിയില്‍ പഞ്ചായത്ത് വക സ്ഥലത്ത് 15 ലക്ഷം രൂപയുടെ പുതിയ കെട്ടിടം നിര്‍മ്മിക്കും. പഞ്ചായത്ത് ലൈബ്രറി പ്രവര്‍ത്തിച്ചു വരുന്ന സഹൃദയ വായനശാല തനിമ നിലനിര്‍ത്തി നവീകരിക്കും. ടൗണ്‍ ഹാള്‍ നവീകരിക്കുന്നതിനായി 30 ലക്ഷം വകയിരുത്തി. പശ്ചാത്തല മേഖലയില്‍ 3,3703839 രൂപ മാറ്റിവച്ചു. വീട് പുനരുദ്ധാരണത്തിന് പ്രത്യേകം തുക വകയിരുത്തി. പഞ്ചായത്തിലെ 207 കുടുംബങ്ങള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. കൊരട്ടി ആലുംപരപ്പ് കുടിവെള്ള പദ്ധതി പൂര്‍ത്തീകരിക്കാന്‍ 15 ലക്ഷം വകയിരുത്തി. പദ്ധതി പൂര്‍ത്തീകരിക്കുന്നതോടെ മൂന്ന് വാര്‍ഡുകളിലുള്ള ജനങ്ങള്‍ക്ക് പ്രയോജനം ലഭിക്കും. പട്ടിമറ്റം -മോതിയംപറമ്പ് ജലവിതരണ പദ്ധതിയുടെ ടാങ്ക് നിര്‍മിക്കുന്നതിന് പത്തു ലക്ഷം രൂപ മാറ്റി വച്ചു. പേട്ടകവലയില്‍ ഓപ്പണ്‍ സ്‌റ്റേജ് നിര്‍മ്മിക്കുന്നതിന് അഞ്ചു ലക്ഷം രൂപയും, കൂടാതെ അഞ്ചു ലക്ഷം ബ്ലോക്ക് പഞ്ചായത്തും മാറ്റി വച്ചിട്ടുണ്ട്. സ്വന്തമായി സ്ഥലമില്ലാത്ത പട്ടികജാതി കുടുംബങ്ങള്‍ക്ക് സ്ഥലം വാങ്ങാന്‍ സാമ്പത്തിക സഹായം നല്‍കും. പഠനത്തില്‍ മികവു പുലര്‍ത്തുന്ന പട്ടികജാതി കുടുംബങ്ങള്‍ക്ക് ലാപ്‌ടോപ് നല്‍കുന്നതിനും പട്ടികവര്‍ഗ വിഭാഗത്തിലുള്ള യുവാക്കള്‍ക്ക് ഓട്ടോറിക്ഷ വാങ്ങുന്നതിനും ധനസഹായം നല്‍കും. എസ്‌സി, എസ്ടി. വിഭാഗങ്ങള്‍ക്ക് ഭവനനിര്‍മാണത്തിനും, പുനരുദ്ധാരണത്തിനും തുക മാറ്റി വച്ചിട്ടുണ്ട്. ശിശുക്ഷേമത്തിനും പ്രത്യേക തുക മാറ്റിവച്ചിട്ടുണ്ട്. ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്തിനും കൃഷിക്കാര്‍ക്ക് പുരസ്‌ക്കാരം അവരുടെ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാനുള്ള വിപണി വിപുലമാക്കുന്നതിനുമുള്ള പ്രത്യേക പരിഗണന നല്‍കിയാണ് ബജറ്റ് അവതരിപ്പിച്ചിരിക്കുന്നതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷക്കീല നസീര്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.