ആരാണ് 'ഞാന്‍!'

Saturday 17 September 2016 10:35 pm IST

ആര്‍ഷഭാരതത്തിലെ പൂര്‍വരാം ഋഷീന്ദ്രന്മാര്‍ ഇതിനുത്തരം കണ്ടെത്താന്‍ ആയുസ്സ് ചെലവാക്കി. തത്വചിന്തകരും അന്വേഷിച്ചു. എന്നിട്ടും 'ഞാന്‍' ഇന്നും പിടികിട്ടാപ്പുള്ളിയായി കഴിയുന്നു. സാധാരണക്കാരായ നമ്മെ സംബന്ധിച്ച് പഞ്ചേന്ദ്രിയങ്ങളും കര്‍മേന്ദ്രിയങ്ങളും മനസ്സും ചേര്‍ന്നുണ്ടാകുന്ന ജൈവപരമായ ശരീരമാണ് ഞാന്‍. ശങ്കരാചാര്യ സ്വാമികള്‍ പറഞ്ഞു, ''അഹം നിര്‍വികല്‍പോ, നിരാകാര രൂപോ വിഭുത്വാശ്ച സര്‍വത്ര സര്‍വേന്ദ്രിയാണാം നചസ്സംഗതോ നൈവ മുക്തില്‍ നമേയ- ശ്ചിതാനന്ദ രൂപാ ശിവോഹം ശിവോഹം.'' ഒരുപാടന്വേഷിച്ചെങ്കിലെ ഇതിന്റെ അര്‍ത്ഥം മനസ്സിലാകൂ. അതുകൊണ്ട് അതിവിടെ വിടുന്നു. ''മനുഷ്യന്‍, എത്ര സുന്ദരമായ പദം'' എന്നു പ്രസ്താവിച്ചത് മാക്‌സിം ഗോര്‍ക്കിയാണ്. ഇവിടെ പദമാണ് സുന്ദരം. മനുഷ്യനോ? കോങ്കണ്ണിക്ക് കമലാക്ഷിയെന്നു പേരിട്ടതുപോലെ. നിവര്‍ന്നുനടക്കാന്‍ ജീവനില്ലാത്തവന് ഹനുമാന്‍ സിങ് എന്നുപേരിട്ടതുപോലെ. ഗോര്‍ക്കി പറഞ്ഞ 'സുന്ദര'ത്തിന് പിന്നില്‍ ആകാരസൗഷ്ഠവം മാത്രമല്ല എന്നു വ്യക്തം. ദത്തയേവ്‌സ്‌കിയുടെ അഭിപ്രായത്തില്‍ മനുഷ്യന്‍ ഒരു മഹാരഹസ്യമാണ്. അംഗീകരിച്ചേ പറ്റൂ. ആ രഹസ്യത്തിന്റെ ചുക്കാന്‍ മനസ്സാണ്. അതിന്നുവരെ ആര്‍ക്കും പിടികൊടുത്തിട്ടുമില്ല. സുന്ദരമെന്ന പദത്തിന് പിന്നിലുള്ള കാഴ്ചപ്പാടും, മഹാരഹസ്യമെന്ന കാഴ്ചപ്പാടും ഒത്തുചേര്‍ന്ന മനുഷ്യന്‍ അത്യത്ഭുതം തന്നെ. ഗോര്‍ക്കി സൂചിപ്പിച്ച 'സൗന്ദര്യം' എങ്ങനെ നേടാനാവും. ഒരുത്തരമേയുള്ളൂ; ധര്‍മാധിഷ്ഠിതമായ ജീവിതത്തിലൂടെ. ധര്‍മ്മം ആചരിക്കുവാനുള്ളതാണ്, പ്രസംഗിക്കുവാനുള്ളതല്ല. കാലദേശങ്ങള്‍ക്കനുസരിച്ച് അതിനു മാറ്റം വരാം. അങ്ങനെ മാറുന്ന ഒന്നിനെ എങ്ങനെ മുറുകെപിടിക്കുവാനാകും. അതിനുള്ള മറുപടിയാണ് ഗുരുദേവന്റെ ഈ തിരുവായ്‌മൊഴി. 'അവനവനാത്മസുഖത്തിനാചരിക്കുന്നവ അപരന്റെ സുഖത്തിനായ്‌വരേണം! നാം സാമൂഹ്യജീവികളാണ്. എന്നെപ്പോലെതന്നെ ജീവിക്കുവാനുള്ള അവകാശം എന്റെ സഹജീവികള്‍ക്കുമുണ്ട്. സുഖം തേടിയുള്ള എന്റെ മരണപ്പാച്ചില്‍ അവര്‍ക്കു ശല്യമോ ദുഃഖകാരണമോ ആവരുത്. അപരന്‍ എന്നതില്‍ മനുഷ്യര്‍ മാത്രമല്ല. ഈശ്വരന്റെ സൃഷ്ടിയില്‍പ്പെട്ട എല്ലാമുണ്ട്. നമ്മുടെ പ്രവൃത്തി സ്‌നേഹം, കരുണ, സഹിഷ്ണുത, ത്യാഗം ഇവയുടെ ഒക്കെ അടിസ്ഥാനത്തിലാണെങ്കില്‍ ആ പ്രവൃത്തി ധര്‍മ്മാധിഷ്ഠിതമാണ്. മാക്‌സിംഗോര്‍ക്കിയുടെ വിശേഷണം അന്വര്‍ത്ഥമാവണമെങ്കില്‍ മനുഷ്യന്‍ ധര്‍മ്മത്തെ അറിയുക, അതിന്റെ വഴിയെ ചരിക്കുക. അതുവഴി സൗന്ദര്യം താനേ വന്നുചേരും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.