സിപിഎം മാപ്പ് പറയണം: എം. ടി. രമേശ്

Saturday 17 September 2016 10:56 pm IST

കോഴിക്കോട്: ശ്രീനാരായണ ഗുരുവിനെ ആക്ഷേപിച്ച ചരിത്രമുള്ള സിപിഎം ഇപ്പോഴത്തെ നിലപാട് മാറ്റം ആത്മാര്‍ത്ഥതയുള്ളതാണെങ്കില്‍ കേരള സമൂഹത്തോട് മാപ്പ് പറയണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്. മുഖ്യമന്ത്രി ഇപ്പോള്‍ നടത്തുന്ന പ്രസ്താവനകള്‍ ആത്മാര്‍ത്ഥതയുള്ളതെങ്കില്‍ ഗുരുദേവനെ പരസ്യമായി ആക്ഷേപിച്ചിട്ടുള്ള ഇഎംഎസ് അടക്കമുള്ള സിപിഎം നേതാക്കളെ തള്ളിപ്പറയണം. ഗുരുദേവനെ ആധുനിക കേരളത്തിന്റെ ശില്‍പ്പി എന്ന് ആര്‍എസ്എസ് വിശേഷിപ്പിച്ചപ്പോള്‍ അതിനെ എതിര്‍ത്തയാളാണ് ഇഎംഎസ്. അരുവിപ്പുറം പ്രതിഷ്ഠയുടെ നൂറാം വാര്‍ഷികത്തില്‍ എല്‍.കെ. അദ്വാനി, രാജീവ് ഗാന്ധി എന്നിവര്‍ പങ്കെടുത്തപ്പോള്‍ അതില്‍ നിന്ന് വിട്ടു നില്‍ക്കുകയും ബഹിഷ്‌കരണത്തെ ന്യായീകരിച്ച് ലേഖനമെഴുതുകയും ചെയ്തു അദ്ദേഹം. ഇക്കാര്യങ്ങള്‍ ബോധപൂര്‍വ്വം മറന്നാണ് സിപിഎം ഇപ്പോള്‍ ഗുരുദേവനെ അനുകൂലിച്ച് നിലപാട് എടുക്കുന്നത്. ഗുരുദേവന്‍ എന്ന് പോലും ശ്രീനാരായണഗുരുവിനെ വിശേഷിപ്പിക്കാത്തയാളായിരുന്നു ഇഎംഎസ്. ഗുരുദേവനെയും കുമാരനാശാനേയും പട്ടും വളയ്ക്കും വേണ്ടി രാജഭക്തി പ്രകടിപ്പിക്കുന്നവര്‍ എന്നാണ് ഇഎംഎസ് വിശേഷിപ്പിച്ചത്. എസ്എന്‍ഡിപി യോഗം മലബാറിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ നടത്തിയ ശ്രമങ്ങളെ കായികമായി സിപിഎം നേരിട്ടത് കേരളം മറന്നിട്ടില്ല. ഗുരുദേവനെ ചുവപ്പണിയിക്കാനുള്ള സിപിഎമ്മിന്റെ ശ്രമം വിലപ്പോവില്ല. ഹിന്ദു സന്യാസി തന്നെയാണ് ഗുരു. സന്യാസ സങ്കല്‍പ്പങ്ങള്‍ ഹിന്ദുസംസ്‌കാരത്തില്‍ മാത്രമേയുള്ളു. ഗുരുദേവനെ കേരളത്തിന് വെളിയിലേക്ക് പരിചയപ്പെടുത്താന്‍ 1967 ലെ ജനസംഘം സമ്മേളനത്തിലൂടെ സാധിച്ചു. കോഴിക്കോട് ജില്ലാ അദ്ധ്യക്ഷന്‍ ടി.പി. ജയചന്ദ്രന്‍ മാസ്റ്റര്‍, ജില്ലാ സെക്രട്ടറി അഡ്വ.കെ.വി. സുധീര്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.