പരാതിപ്പെട്ടത് തെളിവുസഹിതമെന്ന് അഞ്ജു

Saturday 17 September 2016 10:58 pm IST

തിരുവനന്തപുരം: കേരള സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ നടന്ന അഴിമതികളെക്കുറിച്ച് മുന്‍ പ്രസിഡന്റ് അഞ്ജു ബോബി ജോര്‍ജ് വിജിലന്‍സിന് പരാതി നല്‍കിയത് തെളിവുസഹിതം. വിജിലന്‍സ് ത്വരിതാന്വേഷണം പൂര്‍ത്തിയാക്കി കേസ് രജിസ്റ്റര്‍ ചെയ്താല്‍ കൈവശമുള്ള തെളിവുകള്‍ അന്വേഷണ ഉദ്യോഗസ്ഥന് കൈമാറുമെന്ന് അഞ്ജു ജന്മഭൂമിയോട് പറഞ്ഞു. സ്‌പോര്‍ട്‌സ് ലോട്ടറി നടത്തിപ്പിലടക്കം സ്‌പോര്‍ട്‌സ് കൗണ്‍സിലിലെ സാമ്പത്തിക ഇടപാടുകളില്‍ വന്‍ ക്രമക്കേടുകളാണ് കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ നടന്നത്. എല്ലാത്തിന്റെയും രേഖകള്‍ അടക്കമുള്ള തെളിവാണ് കൈവശമുള്ളത്. വിജിലന്‍സ് വിശദമായി പരിശോധിച്ചശേഷം നടപടിയെടുക്കട്ടെയെന്നും അഞ്ജു വ്യക്തമാക്കി. കേസ് അന്വേഷിക്കേണ്ടെന്ന സര്‍ക്കാര്‍ നിലപാട് തള്ളിയാണ് വിജിലന്‍സ് ത്വരിതാന്വേഷണവുമായി മുന്നോട്ടുപോയത്. അന്വേഷണം ഏതാണ്ട് പൂര്‍ത്തിയായി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാമെന്ന തീരുമാനത്തിലാണ് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്. ത്വരിതാന്വേഷണത്തില്‍ തന്നെ വന്‍ക്രമക്കേടുകള്‍ നടന്നിരിക്കാമെന്ന സൂചനയാണ് വിജിലന്‍സിന് ലഭിച്ചത്. വിജിലന്‍സിന്റെ ചോദ്യങ്ങള്‍ക്ക് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഭാരവാഹികള്‍ വ്യക്തമായ ഉത്തരം നല്‍കിയില്ല, ഇതും വിജിലന്‍സിനെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പ്രേരിപ്പിക്കുന്നു. അഞ്ജു ബോബി ജോര്‍ജ് സ്ഥാനമൊഴിയും മുന്‍പ് ഉന്നയിച്ച ആരോപണങ്ങള്‍ പ്രധാനമായും വിരല്‍ ചൂണ്ടുന്നത് മുന്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി. ദാസന് നേര്‍ക്ക്. അഞ്ജുവിനൊപ്പം മറ്റു മൂന്നു പേര്‍ കൂടി വിജിലന്‍സിന് പരാതി നല്‍കി. ഗള്‍ഫില്‍ ടിക്കറ്റ് വില്‍പ്പനയ്ക്കായി ദാസന്‍ നേരിട്ട് ഏര്‍പ്പാടു ചെയ്ത കോഴിക്കോട് സ്വദേശി ഖാലിദിന്റെ പ്രവര്‍ത്തനങ്ങള്‍ ദുരൂഹമാണെന്നും പരാതിയുണ്ട്. ഇയാള്‍ക്ക് എത്ര ടിക്കറ്റ് നല്‍കിയിട്ടുണ്ടെന്നോ ഇയാള്‍ എത്ര പണം അടച്ചിട്ടുണ്ടെന്നോ ഉള്ള വിവരം ലഭ്യമല്ല. ഇതേക്കുറിച്ചുള്ള വിജിലന്‍സിന്റെ ചോദ്യങ്ങള്‍ക്കും മറുപടി ലഭിച്ചിട്ടില്ല. കൃത്യമായ രേഖകളുണ്ടെന്ന് ദാസന്‍ തിരുവനന്തപുരം: സ്‌പോര്‍ട്‌സ് ലോട്ടറിയില്‍ ക്രമക്കേടുകള്‍ നടന്നിട്ടില്ലെന്ന് പ്രസിഡന്റ് ടി.പി. ദാസന്‍ ജന്മഭൂമിയോടു പറഞ്ഞു. ലോട്ടറി വിറ്റതിന്റെയും ലഭിച്ച പണത്തിന്റെയും കുടിശിക തുകയുടെയും വിശദമായ കണക്കുകള്‍ ഓഫീസില്‍ ലഭ്യമാണ്. വിജിലന്‍സിന് എപ്പോള്‍ വേണമെങ്കിലും അത് പരിശോധിക്കാം. എന്നാല്‍ അഞ്ജു ബോബി ജോര്‍ജ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ് ഇതുവരെ തന്നെ സമീപിച്ചിട്ടില്ലെന്നും ദാസന്‍ വ്യക്തമാക്കി. ഗള്‍ഫില്‍ ലോട്ടറി പ്രമോട്ടു ചെയ്യാന്‍ സര്‍ക്കാര്‍ നിശ്ചയിച്ച ഏജന്റാണ് ഖാലിദ്. ഖാലിദിന് നല്‍കിയ ലോട്ടറി ടിക്കറ്റുകളുടെയും അയാളില്‍ നിന്ന് ലഭിച്ച പണത്തിന്റെയും നല്‍കിയ കമ്മീഷന്റെയും വ്യക്തമായ കണക്കുകളുണ്ട്. ഓഡിറ്റര്‍ ആവശ്യപ്പെട്ടതനുസരിച്ച് ഫയലുകള്‍ നല്‍കി. ആവശ്യമുണ്ടെങ്കില്‍ ഇനിയും രേഖകള്‍ പരിശോധിക്കാം. പല ജില്ലാ കൗണ്‍സിലുകളും പഞ്ചായത്തുകളും ക്ലബ്ബുകളും ലോട്ടറി വിറ്റ പണം അടയ്ക്കാനുണ്ട്. പഞ്ചായത്തുകള്‍ അടയ്‌ക്കേണ്ട പണവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ കേസ് നടക്കുന്നു. 18.15 ലക്ഷം രൂപ കുടിശിക ഇനത്തില്‍ ലഭ്യമായത് ബാങ്കിലുണ്ട്. മുന്‍ കൗണ്‍സിലില്‍ അംഗങ്ങളായ ചിലര്‍ നല്‍കിയ വിവരങ്ങള്‍ വച്ചാണ് അഞ്ജു പരാതിനല്‍കിയിരിക്കുന്നതെന്നും ദാസന്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.