ഇടതു ഭീകരതയ്‌ക്കെതിരെ ദല്‍ഹിയില്‍ പ്രതിഷേധം

Saturday 17 September 2016 11:04 pm IST

ന്യൂദല്‍ഹി: കേരളത്തില്‍ സിപിഎമ്മിന്റെ നേതൃത്വത്തില്‍ നടമാടുന്ന ഇടതു ഭീകരതയ്‌ക്കെതിരെ രാജ്യതലസ്ഥാനത്ത് അഖിലഭാരതീയ മലയാളി സംഘിന്റെ ആഭിമുഖ്യത്തില്‍ പ്രതിഷേധ പ്രകടനം. ജന്തര്‍മന്ദറില്‍ നടന്ന പരിപാടിയില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു. മുംബൈ, അഹമ്മദാബാദ്, ഭോപ്പാല്‍, വസായ്, ഹൈദ്രാബാദ്, ഛണ്ഡീഗഡ് തുടങ്ങിയ നഗരങ്ങളിലും പരിപാടികള്‍ നടന്നു. ജന്തര്‍മന്ദറില്‍ നടന്ന പരിപാടിയില്‍ നവോദയം, സ്വദേശി ജാഗരണ്‍ മഞ്ച്, വിഎച്ച്പി, എബിവിപി, ബിജെപി ദക്ഷിണ ഭാരത സെല്‍ എന്നിവയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ ഒത്തുകൂടി. മെഴുകുതിരി തെളിയിച്ച് നടന്ന പ്രകടനത്തില്‍ ഇടതു ഭീകരതയ്‌ക്കെതിരെ പ്രതിഷേധം ഉയര്‍ന്നു. കേരളത്തില്‍ ബിജെപി-സംഘപരിവാര്‍ സംഘടനാ പ്രവര്‍ത്തകര്‍ക്ക് നേരേ നടക്കുന്ന അക്രമങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ രാജ്യത്തെ ഏറ്റവും ചെറിയ രാഷ്ട്രീയ പാര്‍ട്ടിയെന്ന നിലയില്‍ സിപിഎമ്മിന് ഉണ്ടാകാന്‍ പോകുന്ന നഷ്ടങ്ങള്‍ വലുതായിരിക്കുമെന്ന് നവോദയം പ്രസിഡന്റ് അഡ്വ. കൈലാസനാഥ പിള്ള മുന്നറിയിപ്പ് നല്‍കി. സംഘടനാ സ്വാതന്ത്ര്യം നല്‍കിയില്ലെങ്കില്‍ കേരളത്തിന് പുറത്ത് സിപിഎമ്മും ഇതേ പ്രതിസന്ധി നേരിടേണ്ടി വരുമെന്ന് എബിവിപി സംസ്ഥാന സെക്രട്ടറി ഭരത് പറഞ്ഞു. ബിജെപി ദക്ഷിണഭാരത സെല്‍ അധ്യക്ഷന്‍ ജയകുമാര്‍ അണ്ണ, നവോദയം വൈസ് പ്രസിഡന്റ് ഷൈന്‍ പി. ശശിധര്‍, എന്‍. വേണുഗോപാല്‍, പ്രസന്നന്‍ പിള്ള എന്നിവര്‍ പ്രസംഗിച്ചു. 1996 സപ്തംബര്‍ 17ന് പരുമല ദേവസ്വം ബോര്‍ഡ് കോളേജില്‍ എബിവിപി പ്രവര്‍ത്തകരായ മൂന്നു വിദ്യാര്‍ത്ഥികളെ കല്ലെറിഞ്ഞ് പമ്പയില്‍ മുക്കി കൊലപ്പെടുത്തിയ സംഭവത്തിന്റെ ഇരുപതാം വാര്‍ഷിക ദിനത്തിലാണ് രാജ്യവ്യാപകമായി മലയാളി സംഘിന്റെ നേതൃത്വത്തില്‍ ഇടതു ഭീകരതയ്‌ക്കെതിരെ പ്രതിഷേധിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.