ഭാരതചരിത്രം: സത്യവും മിഥ്യയും

Wednesday 21 March 2012 12:34 am IST

ഈ ആര്യാവര്‍ത്തദേശ(ഭാരതം)ത്തിനു തുല്യമായി മറ്റൊരു ദേശം ലോകത്തിലില്ല. അതിനാലാണ്‌, ഈ നാടിനെ സുവര്‍ണഭൂമി എന്നു പറയുന്നത്‌. ഈ നാട്ടിലാണ്‌ സ്വര്‍ണം, രത്നം മുതലായവ ഉത്പാദിപ്പിക്കുന്നത്‌. തന്നിമിത്തമാണ്‌ ആര്യന്മാര്‍ സൃഷ്ടിയുടെ തുടക്കത്തില്‍ ഇവിടെ വന്നു പാര്‍ത്തത്‌. സൃഷ്ടിവിഷയത്തെപ്പറ്റി പറഞ്ഞപ്പോള്‍ ആര്യന്‍ എന്നത്‌ ശ്രേഷ്ഠന്മാരുടെ പേരാണെന്നു ധരിക്കണം. ആര്യന്മാരല്ലാത്തവരുടെ പേര്‌ ദസ്യു എന്നാണ്‌(അനാര്യന്‍ അഥവാ ശ്രേഷ്ഠമായ ഗുണങ്ങളില്ലാത്തവന്‍). ലോകത്തിലുളള ദേശങ്ങളെല്ലാം ഭാരത ദേശത്തെ പാരസമണി (തൊട്ട ലോഹമെല്ലാം പൊന്നാക്കുന്ന സങ്കല്‍പമാത്രമായ ഒരുരത്നം) പുകഴ്ത്തുന്നു. അവര്‍ വിചാരിക്കുന്നതിങ്ങനെയാണ്‌:- പാരസമണിയെന്നൊരു രത്നക്കല്ലിനെപ്പറ്റി കേട്ടിട്ടുണ്ട്‌. പക്ഷേ അത്‌ ഇല്ലാത്തതാണ്‌ യഥാര്‍ഥ പാരസമണി ആര്യാവര്‍ത്തദേശമാണ്‌, ഇവിടെ വരുന്ന ദരിദ്രരായ വിദേശികള്‍ പാരസമണി തൊട്ട ലോഹം പോലെ സ്വര്‍ണമായി, അതായത്‌ സമ്പന്നരായി മാറുന്നു. സൃഷ്ടികാലം മുതല്‍ അയ്യായിരം കൊല്ലം മുമ്പു വരെ, ലോകത്തിലെ സാര്‍വഭൗമന്മാര്‍ അഥവാ സര്‍വാധികാരികളായ ചക്രവര്‍ത്തിമാര്‍ ആര്യന്മാരായിരുന്നു. ഇതരദേശങ്ങളില്‍ സാമന്ത രാജാക്കന്മാര്‍ മാത്രമാണുണ്ടായിരുന്നത്‌. കൗരവ-പാണ്ഡവരുടെ കാലം വരെ ഇവിടുത്തെ ഭരണത്തിലും അധീനതയിലുമാണ്‌ ലോകത്തിലെ രാജാക്കന്മാരും പ്രജകളും കഴിഞ്ഞിരുന്നത്‌. സൃഷ്ടിയുടെ ആദിയില്‍ ഉണ്ടായ മനുസ്മൃതിയിലെ വാക്യം ഇതിനു പ്രമാണമാണ്‌. "ഏതദ്ദേശപ്രസൂതസ്യ സകാശാദഗ്രജന്മനഃ സ്വം സ്വം ചരിത്രം ശിക്ഷേരന്‍ പൃഥിവ്യാം സര്‍വമാനവാഃ" (മനു. 2.20) ഈ ആര്യാവര്‍ത്തദേശത്തില്‍ ജനിച്ച ബ്രാഹ്മണരില്‍-വിദ്വാന്മാരില്‍- നിന്നുതന്നെ ലോകത്തിലുളള മനുഷ്യര്‍-ബ്രാഹ്മണര്‍, ക്ഷത്രിയര്‍, വൈശ്യര്‍, ശൂദ്രര്‍, ദസ്യുക്കള്‍, മ്ലേച്ഛര്‍ മുതലായവരെല്ലാം അവനവനു യോജിച്ച വിദ്യയും സ്വഭാവസംബന്ധിയായ ശിക്ഷണവും വിദ്യാഭ്യാസവും ഗ്രഹിച്ചുകൊള്ളണം. (ഇത്‌ ഭാരതീയ ചരിത്രത്തില്‍നിന്ന്‌ തെളിയുന്നു. മനുവിനുശേഷം ശിഷ്യരായ ഭൃഗു. നാരദന്‍ മുതലായവര്‍ മാനവ ധര്‍മ്മശാസ്ത്രം പരിഷ്ക്കരിച്ചിട്ടുണ്ട്‌. ഇന്നത്തെ മനുസ്മൃതിയില്‍ "ഇതി മാനവേ ധര്‍മശാസ്ത്രേ ഭൃഗുപ്രോക്തായാം സംഹിതായാമ്‌" (ഭൃഗു പ്രോക്തമായ മാനവ ധര്‍മശാസ്ത്ര സംഹിതയില്‍) എന്നു കാണുന്നു. ഭൃഗുവിനുശേഷം ഏറ്റവും കുറഞ്ഞത്‌ രണ്ടുതവണയെങ്കിലും മനസ്മൃതി പരിഷ്കരിക്കപ്പെട്ടിട്ടുണ്ട്‌. ഈ പരിഷ്കര്‍ത്താക്കളുടെ പേരും അജ്ഞാതമാണ്‌. ഈ സ്മൃതിയില്‍ രാജധര്‍മ്മം മാത്രമേ പ്രവചിച്ചിട്ടുള്ളൂ. ഇതിന്നും ലഭ്യമാണ്‌. പാശ്ചാത്യരും അവരുടെ അനുഗാമികളും മനുസ്മൃതിയുടെ കാലഘട്ടം ക്രി.പി. മൂന്നാം നൂറ്റാണ്ടെന്നു ഗണിക്കുന്നത്‌ ഈ പ്രക്ഷിപ്ത ശ്ലോകങ്ങളെ ആധാരമാക്കിയാണ്‌. ഇത്‌ ഭാരതീയ ഇതിഹാസത്തിനു വിരുദ്ധമാണ്‌.) യുധിഷ്ഠിര മഹാരാജാവിന്റെ രാജസൂയ യജ്ഞപര്യന്തവും മഹാഭാരത യുദ്ധം വരെയും എല്ലാരാജ്യങ്ങളും ഇവിടുത്തെ അധീനത്തിലായിരുന്നു. ചൈനയിലെ ഭഗദത്തന്‍, അമേരിക്കയിലെ ബഭ്രുവാഹനന്‍, യൂറോപ്പിലെ വിഡാലാക്ഷന്‍ അഥവാ പൂച്ചക്കണ്ണന്‍, യവനനെന്നു പറയപ്പെട്ട യൂനാന്‍, ഇറാനിലെ ശല്യര്‍ മുതലായ രാജാക്കന്മാരെല്ലാം രാജസൂയ യജ്ഞത്തിലും മഹാഭാരതയുദ്ധത്തിലും ആജ്ഞാനുസരണം പങ്കെടുത്തിരുന്നു. രഘുവംശക്കാര്‍ ഭരിച്ചു വന്നപ്പോള്‍ രാവണന്‍ ഇവിടുത്തെ അധീനതയിലായി രുന്നു. ശ്രീരാമന്റെ കാലത്ത്‌ വിരുദ്ധമായി പ്രവര്‍ത്തിച്ചതിന്‌ ശിക്ഷ നല്‍കി രാജ്യം കീഴടക്കി വിഭീഷണനെ രാജാവാക്കിയതാണ്‌. ഭാരതത്തിന്റെ അധഃപതന കാരണം സ്വയംഭുവ രാജാവു മുതല്‍ പാണ്ഡവര്‍ വരെ ആര്യന്മാരുടെ സാമ്രാജ്യം നിലനിന്നു. അതിനുശേഷം പരസ്പരവിരോധത്താല്‍ പോരാടി നശിച്ചു. എന്തുകൊണ്ടെന്നാല്‍, പരമാത്മാവിന്റെ ഈ സൃഷ്ടിയില്‍ ദുരഭിമാനികളും അന്യായക്കാരും അവിദ്വാന്മാരുമായവരുടെ രാജ്യം നീണ്ടുനില്‍ക്കുകയില്ല. വളരെയധികം ധനം ആവശ്യത്തിനുപരിയായി കൈവശം വന്നു ചേര്‍ന്നാല്‍ മടിയും പുരുഷാര്‍ത്ഥ രാഹിത്യവും ഈര്‍ഷ്യയും ദ്വേഷവും വിഷയാസക്തിയും പ്രമാദവും വര്‍ദ്ധിക്കുമെന്നത്‌ പ്രകൃതിനിയമമാണ്‌. ഇതുകൊണ്ട്‌ രാജ്യത്തില്‍ പഠിപ്പും സത്സ്വഭാവവും നഷ്ടപ്പെടുകയും ദുര്‍ഗുണവും ദുഃസ്വഭാവവും വര്‍ദ്ധിക്കുകയും ചെയ്യും. മദ്യപാനം, മാംസാഹാരം, ശൈശവവിവാഹം, തന്നിഷ്ടപ്രകാരം പ്രവര്‍ത്തിക്കല്‍ മുതലായ ദോഷങ്ങളും വര്‍ദ്ധിക്കും. അതുപോലെ, യുദ്ധവിഭാഗത്തില്‍, യുദ്ധതന്ത്ര കൗശലവും സൈന്യത്തിന്റെ അപ്രതിരോധ്യമായ ശക്തിയും വര്‍ദ്ധിച്ച്‌ ലോകത്തില്‍ അജയ്യമായിത്തീരുമ്പോള്‍, അവരില്‍ പക്ഷപാതവും ദുരഭിമാനവും വളര്‍ന്ന്‌ അന്യായം വര്‍ദ്ധിക്കും. ഈ ദോഷം വന്നു കൂടുമ്പോള്‍ തമ്മില്‍ വിരോധം ഉണ്ടായിട്ടോ, മറ്റേതെങ്കിലും രണ്ടാംകിട കുലത്തില്‍ നിന്ന്‌ എതിര്‍ക്കാന്‍ കരുത്തനായയാള്‍ വെല്ലുവിളിച്ച്‌ തോല്‍പിച്ചിട്ടോ നാശം വന്നുകൂടും. മുസല്‍മാന്മാരുടെ കാലത്ത്‌ ശിവജിയും, ഗോവിന്ദസിംഹനും ഇങ്ങനെ എതിര്‍ത്ത്‌ മുസ്ലീം രാജ്യം ഛിന്നഭിന്നമാക്കിയതാണ്‌. ചില പ്രാചീന ആര്യചക്രവര്‍ത്തിമാര്‍ അഥ കിമേതൈര്‌വാ പരേളന്യേ മഹാധനുര്‍ധര ശ്ചക്ര വര്‍ത്തിനഃ കേചിത്‌ സുദ്യുമ്ന ഭൂരിദ്യുമ്നേന്ദ്രദ്യുമ്ന കുവലയാശ്വവദ്‌യൗവനാശ്വധ്ര്യ ശ്വാശ്വപതി ശശിന്ദു ഹരിശ്ചന്ദ്രാമ്‌രീഷനനക്തു ശര്യാതി യാത്യതരണ്യാക്ഷസേ നാദയഃ. അഥ മരുത്തഭരതപ്രഭൃതയോ രാജാനഃ (മൈത്ര്യുപനിഷത്ത്‌. 1. 4.) ഇത്യാദി പ്രമാണങ്ങളില്‍ നിന്ന്‌, സൃഷ്ടി മുതല്‍ മഹാഭാരതകാലം വരേക്കും ആര്യകുലത്തില്‍ നിന്നു മാത്രമേ സമ്രാട്ടുകള്‍ ഉണ്ടായിട്ടുള്ളൂ എന്നു സിദ്ധിക്കുന്നു. ഇപ്പോള്‍ ഇവരുടെ സന്താനങ്ങള്‍ നിര്‍ഭാഗ്യവശാല്‍ രാജ്യഭ്രഷ്ടരും വിദേശികള്‍ക്കു കീഴ്പ്പെട്ടവരും ആയിരിക്കുന്നു. സുദ്യുമ്നന്‍, ഭൂരിദ്യുമ്നന്‍, ഇന്ദ്രദ്യുമ്നന്‍, കുവലയാശ്വന്‍, യൗവനാശ്വന്‍ (വദ്ധ്ര്യശ്വന്‍) അശ്വപതി, ശശിന്ദു, ഹരിശ്ചന്ദ്രന്‍, അംബരീഷന്‍, നനക്തു, ശര്യാതി, യയാതി, അനരണ്യന്‍, അക്ഷസേനന്‍, മരുത്ത്‌ എന്നിവരും ഭരതനും സാര്‍വഭൗമര്‍-സര്‍വലോകപ്രസിദ്ധരായ ചക്രവര്‍ത്തിമാര്‍- ആയിരുന്നെന്ന്‌ രേഖപ്പെടുത്തിയിട്ടുള്ളതുപോലെ സ്വായംഭൂവാദി ചക്രവര്‍ത്തിമാരുടെ പേരുകള്‍ മനുസ്മൃതി, മഹാഭാരതം മുതലായ ഗ്രന്ഥങ്ങളില്‍ എഴുതിയിരിക്കുന്നു. ഇതെല്ലാം കെട്ടുകഥകളാണെന്ന്‌ പറയുന്നത്‌ അജ്ഞാനികളുടെയും പക്ഷപാതമുള്ളവരുടെയും പണിയാണ്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.