കശ്മീര്‍ ഭീകരാക്രമണത്തിനു പിന്നില്‍ ജയ്ഷ് ഇ മുഹമ്മദ്

Sunday 18 September 2016 6:19 pm IST

ശ്രീനഗര്‍: കശ്മീരിലെ സൈനിക ബ്രിഗേഡ് ആസ്ഥാനത്ത് ഉണ്ടായ ഭീകരാക്രമണത്തിനു പിന്നില്‍ പാക്കിസ്ഥാനിലെ ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദ് ആണെന്ന് സൈന്യം. കൊല്ലപ്പെട്ട ഭീകരരില്‍നിന്നു കണ്ടെടുത്ത ആയുധങ്ങള്‍ വിദേശ നിര്‍മ്മിതമാണെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിട്ടറി ഓപ്പറേഷന്‍സ് ലെഫ്റ്റനന്റ് ജനറല്‍ രണ്‍ബീര്‍ സിംഗ് വ്യക്തമാക്കി. നാല് എകെ 47 തോക്കുകള്‍, ഗ്രനേഡ് ലോഞ്ചറുകള്‍ എന്നിവയാണ് ഭീകരരില്‍നിന്നു കണ്ടെടുത്തത്.പാക് മുദ്രണമുള്ള ചില ആയുധങ്ങള്‍ കണ്ടെത്തിയതിലുള്ള ആശങ്ക പാക് സൈനിക നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സൈനിക ആസ്ഥാനത്തിനുനേര്‍ക്കു നടന്ന ഭീകരാക്രമണത്തില്‍ 17 സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. 20 പേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച പുലര്‍ച്ചെ അഞ്ചരയോടെ നിയന്ത്രണരേഖയ്ക്കു സമീപം ഉറി സെക്ടറിലെ കരസേനയുടെ 12 -ാം ബ്രിഗേഡിന്റെ ആസ്ഥാനത്താണ് ആക്രമണം ഉണ്ടായത്. ശ്രീനഗര്‍-മുസഫറാബാദ് ഹൈവേയ്ക്കരികിലാണു സൈനിക കേന്ദ്രം. ആക്രമണത്തില്‍ ചില ബാരക്കുകള്‍ക്കു തീപിടിച്ചു. പ്രദേശത്ത് വന്‍ ശബ്ദത്തോടെ സ്‌ഫോടനങ്ങള്‍ നടന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സൈനിക യൂണിഫോം ധരിച്ചെത്തിയ ഭീകരര്‍ സുരക്ഷാവലയം ഭേദിച്ച് സൈനിക ആസ്ഥാനത്ത് കടന്നുകയറുകയായിരുന്നു. ഇതിനു ശേഷമാണ് ആക്രമണം അഴിച്ചുവിട്ടത്. ഹെലിപാഡില്‍ സ്‌ഫോടനം നടത്തിയ ഭീകരര്‍ സൈനികര്‍ക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നു.പരിക്കേറ്റ സൈനികരെ ഹെലിക്കോപ്റ്ററില്‍ സമീപത്തെ ആശുപത്രിയിലെത്തിച്ചു. ഇതില്‍ മൂന്നു പേരുടെ നില ഗുരുതരമാണ്. ചാവേറുകളായെത്തിയ നാല് ഭീകരരാണ് കടന്നുകയറിയതെന്നും ഇവരെ വധിച്ചതായും സൈന്യം അറിയിച്ചു. കശ്മീര്‍ ഭീകരാക്രമണത്തെത്തുടര്‍ത്ത് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങിന്റെ വിദേശയാത്രകള്‍ മാറ്റിവെച്ചു. സംഭവം വിലയിരുത്താന്‍ മന്ത്രി അടിയന്തരയോഗം വിളിച്ചിട്ടുണ്ട്.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.