മാലിന്യം കൊണ്ടുവന്ന ലോറി നാട്ടുകാര്‍ പിടികൂടി

Sunday 18 September 2016 8:11 pm IST

ഏലപ്പാറ: കട്ടപ്പന റൂട്ടില്‍ ഒന്നാം മൈലിന് സമീപം മാലിന്യം കൊണ്ടുവന്നു തള്ളിയ ലോറി നാട്ടുകാര്‍ പിടികൂടി. കോട്ടയം, ഏറ്റുമാനൂര്‍ മേഖലയിലെ ഹോട്ടല്‍ മാലിന്യങ്ങളും അറവുശാലമാലിന്യങ്ങളും ക്വട്ടേഷന്‍ എടുത്താണ് ഏലപ്പാറയിലെ വിവിധ മേഖലകളില്‍ കൊണ്ടുവന്ന് തള്ളാനൊരുങ്ങിയത്.  ഒന്നാംമൈല്‍ മുതല്‍ ചിന്നാറുവരെ മാലിന്യം കൊണ്ടുവന്ന് തള്ളിയിരിക്കുകയാണ്. ഇത് മൂലം വഴിയാത്രക്കാരും വാഹനയാത്രക്കാരും ബുദ്ധിമുട്ടുകയാണ്. മൂക്ക് പൊത്താതെ ഇതുവഴി കടന്നുപോകാനാകില്ല. പല സ്ഥലങ്ങളിലും വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ കഴിയാത്ത വിധമാണ് മാലിന്യങ്ങള്‍ തള്ളിയിരിക്കുന്നത്. ഏലപ്പാറ പഞ്ചായത്തിന്റെ പരിധിയിലേക്ക് വാഹനങ്ങള്‍ എത്തണമെങ്കില്‍ രണ്ട് ചെക്കുപോസ്റ്റുകള്‍ കടക്കണം. ഇത്രയും ദുര്‍ഗന്ധമുള്ള മാലിന്യങ്ങള്‍ ചെക്ക് പോസ്റ്റ് വഴി കടന്നുവന്നതും ദുരൂഹമാണ്. പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നാട്ടിന്‍പുറത്തെ ടൗണുകളെയും ഹൈറേഞ്ചിനെയും മലിനമാക്കരുതെന്നും ഇത്തരം പ്രവര്‍ത്തി ചെയ്യുന്നവര്‍ക്ക് എതിരെ പഞ്ചായത്തും പോലീസും ശക്തമായ നടപടി എടുക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.കഴിഞ്ഞ മാസം ഇതേ രീതിയില്‍ വാഗമണ്‍ റൂട്ടിലും കട്ടപ്പന റൂട്ടിലും മാലിന്യം തള്ളിയ ലോറി പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.