കുടുംബശ്രീ ഓണചന്തകളില്‍ റെക്കോര്‍ഡ് വില്‍പ്പന

Sunday 18 September 2016 10:04 pm IST

കല്‍പ്പറ്റ: കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഓണചന്തകളില്‍ റെക്കോര്‍ഡ് വില്‍പ്പന. ജില്ലയിലെ 26 സി.ഡി.എസ്സുകളിലും ജില്ലാ തലത്തിലും സംഘടിപ്പിച്ച ഓണചന്തകളില്‍ ഈ വര്‍ഷം ആകെ 75,38,047 രൂപയുടെ വില്‍പനയാണ് നടന്നത്. ബത്തേരി നഗരസഭ സി.ഡി.എസിന്റെ ഓണച്ചന്തയിലാണ് ഏറ്റവും കൂടുതല്‍ വില്‍പ്പന നടന്നത്. 12,32,341 രൂപയുടെ വിറ്റുവരവാണ് ഇവിടെ നേടിയത്. 7,01,287 രൂപ വിറ്റുവരവ് നേടിയ പടിഞ്ഞാറത്തറ സി.ഡി.എസും 5,59,248 രൂപ നേടിയ തവിഞ്ഞാല്‍ സി.ഡി.എസുമാണ് തൊട്ടടുത്ത സ്ഥാനങ്ങളില്‍. ഉല്‍പ്പന്നങ്ങളുടെ ഗുണമേ•ന്മയും നിലവാരവും ഉറപ്പു വരുത്തിയിരുന്നതിന് പ്രത്യേക സംവിധാനമേര്‍പ്പെടുത്തിയിരുന്നു. പാക്കിംഗും ലേബലും ഇത്തവണ നിര്‍ബന്ധമാക്കിയിരുന്നു. കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്കായിരുന്നു ഇത്തവണ ഏറ്റവും കൂടുതല്‍ ഡിമാന്റ്. 30.5 ലക്ഷം രൂപയാണ് ഇവയുടെ വില്‍പനയിലൂടെ സംരംഭകര്‍ക്ക് ലഭിച്ചത്. ഓണചന്തകള്‍ ലക്ഷ്യം വെച്ച് കുടുബശ്രീ നടപ്പാക്കിയ പൊലിവ് കാമ്പയിന്‍ മുഖേന ഉത്പാദിപ്പിച്ച പച്ചക്കറികള്‍ ധാരാളമായി ചന്തകളില്‍ വില്‍പ്പനക്കെത്തിയിരുന്നു. 14.13 ലക്ഷം രൂപയുടെ ഭക്ഷ്യ ഉല്‍പന്നങ്ങളും ചന്തകളില്‍ വില്‍പ്പന നടത്തി. തുണിത്തരങ്ങളുടെയും മറ്റും വില്‍പ്പനയിലൂടെ 10 ലക്ഷം രൂപയുടെ വിറ്റുവരവ് നേടാന്‍ കഴിഞ്ഞു. പച്ചക്കറി കൃഷിയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ചന്തകളില്‍ നിന്നും സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് പച്ചക്കറി വിത്തുകള്‍ സൗജന്യമായി വിതരണം ചെയ്യുന്നതിനും സി.ഡി.എസുകള്‍ ശ്രദ്ധിച്ചു. വിത്തുകള്‍ തദ്ദേശ ഭരണ സ്ഥാപനങ്ങളും കുടുംബശ്രീ ചന്തകള്‍ക്ക് പ്രത്യേക പരിഗണന നല്‍കിയിരുന്നു. സ്ഥല സൗകര്യങ്ങള്‍ ഒരുക്കുന്നതിന് സ്‌പോണ്‍സര്‍ഷിപ്പടക്കം സാമ്പത്തിക സഹായമുറപ്പിക്കാനും ഭരണ സമിതികളും ജനപ്രതിനിധികളും ശ്രദ്ധിച്ചതിനാല്‍ ഓണച്ചന്തകളുടെ സംഘാടനം കുറ്റമറ്റ രീതിയില്‍ സംഘടിപ്പിക്കാന്‍ സി.ഡി.എസ്സുകള്‍ക്ക് സാധിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.