അരുണാചലും കോണ്‍ഗ്രസ് മുക്തം

Sunday 18 September 2016 10:15 pm IST

അഴിമതി വീരന്മാരെ അധികാരത്തില്‍നിന്ന് ഒഴിവാക്കുന്നതിന് പ്രതീകാത്മകമായി 'കോണ്‍ഗ്രസ് മുക്തഭാരതം' എന്ന് ബിജെപി മുദ്രാവാക്യമുയര്‍ത്തിയിരുന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലും അതിനുശേഷവും ഈ മുദ്രാവാക്യം ആവര്‍ത്തിച്ചു. ഇത് അസഹിഷ്ണുതയാണെന്നും ജനാധിപത്യവിരുദ്ധമാണെന്നുമൊക്കെ പരാതി പറയാന്‍ രാഷ്ട്രീയ പ്രതിയോഗികള്‍ നന്നായി അദ്ധ്വാനിച്ചു. എന്നാല്‍ ജനങ്ങള്‍ ബിജെപിയുടെ അഭ്യര്‍ത്ഥന മാനിച്ചു. അരനൂറ്റാണ്ടിലധികം കേന്ദ്രഭരണത്തിലിരുന്ന കോണ്‍ഗ്രസ്സിന് ചരിത്രത്തിലില്ലാത്ത തോല്‍വിയാണ് ജനങ്ങള്‍ സമ്മാനിച്ചത്. ഔദ്യോഗിക പ്രതിപക്ഷ നേതൃസ്ഥാനം ലഭിക്കാനുള്ള പത്ത് ശതമാനം സീറ്റുപോലും അവര്‍ക്ക് ലഭിച്ചില്ല. സീറ്റില്ലെങ്കിലും പ്രതിപക്ഷനേതാവാക്കാത്തതില്‍ കോണ്‍ഗ്രസ് പാര്‍ലമെന്റിനകത്തും പുറത്തും നടത്തിയ കോലാഹലങ്ങള്‍ ജനങ്ങള്‍ കണ്ടതാണ്. അധികാരം, അതാണവര്‍ക്ക് മുഖ്യം. അധികാരത്തിലിരിക്കുന്നത് അഴിമതി നടത്താനാണെന്ന് അവര്‍ തെളിയിച്ചിട്ടുണ്ട്. ഏറ്റവും ഒടുവില്‍ കോണ്‍ഗ്രസ് നയിച്ച യുപിഎ ഭരണത്തില്‍ നടത്തിയ അഴിമതി ലോകചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്തതാണ്. ഭൂമിയും ആകാശവും പാതാളവുംവരെ അഴിമതി നീണ്ടു. പന്ത്രണ്ടുലക്ഷം കോടിയുടെ അഴിമതിക്കഥകള്‍ പുറംലോകം അറിഞ്ഞു. അറിയാത്ത കഥകളും ഒരുപാടുണ്ടാകാം. ഇത് ബോദ്ധ്യപ്പെട്ട ജനങ്ങളാണ് നല്ലൊരു നേതാവിനെയും അവസരവും ഒത്തുവന്നപ്പോള്‍ കൈക്കിലപോലും കൂടാതെ കോണ്‍ഗ്രസിനെ തൂക്കിയെടുത്ത് പുറത്തിട്ടത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ മാത്രമല്ല തുടര്‍ന്ന് നടന്ന നിയസഭാ തെരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസിനെ കാത്തിരുന്നത് തോല്‍വികളാണ്. കോണ്‍ഗ്രസ് കുത്തകയാക്കിയിരുന്ന മഹാരാഷ്ട്ര അവര്‍ക്ക് നഷ്ടമായി. ഹരിയാനയും പോയി, അസമിലും ഏറ്റവും ഒടുവില്‍ കേരളത്തിലും തോല്‍വി ആവര്‍ത്തിച്ചു. കേരളത്തില്‍ ഭരണത്തുടര്‍ച്ച ഏറെ പ്രതീക്ഷിച്ചിരുന്നു. അതിനായി കരുക്കള്‍ നീക്കി. കാടിളക്കി പ്രചാരണം നടത്തി. എന്നിട്ടും ഏറ്റുവാങ്ങേണ്ടിവന്നത് ദയനീയ പരാജയമാണ്. പ്രചാരണത്തിലുടനീളം ബിജെപിയെ ശക്തമായി ഏതിര്‍ത്തു. ബിജെപി ജയിച്ചാല്‍ കേരളത്തില്‍ കലാപമെന്നുവരെ പ്രചരിപ്പിച്ചു. ബിജെപിയെ നിയമസഭയില്‍ കടക്കാന്‍ അനുവദിക്കില്ലെന്ന ധിക്കാരപരമായ നിലപാടു സ്വീകരിച്ചു. പക്ഷേ ബിജെപി ഒരു മണ്ഡലത്തില്‍ വിജയിച്ച് അത്ഭുതം സൃഷ്ടിച്ചു. എഴിടത്ത് രണ്ടാം സ്ഥാനത്തെത്തി. 30 ലക്ഷം വോട്ടുനേടി ശക്തമായ പാര്‍ട്ടിയെന്ന് തെളിയിച്ചു. ഇത്രയും പറഞ്ഞത് അരുണാചല്‍ പ്രദേശില്‍ സംഭവിച്ച അത്ഭുതം ചൂണ്ടിക്കാട്ടാനാണ്. അരുണാചലില്‍ വന്‍ ഭൂരിപക്ഷം നേടി കോണ്‍ഗ്രസ് ഭരിക്കുകയായിരുന്നു. 60 അംഗ നിയമസഭയില്‍ 43 കോണ്‍ഗ്രസ്സുകാരുണ്ടായിരുന്നു. അതില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെ 42 പേര്‍ ബിജെപിയുടെ സഖ്യകക്ഷിയായ പീപ്പിള്‍സ് പാര്‍ട്ടി ഓഫ് അരുണാചലില്‍ (പിപിഎ) ചേര്‍ന്നു. രാഷ്ട്രീയ രംഗത്തെ ആകെ ഞെട്ടിച്ച സംഭവമായി ഇതുമാറി. കോണ്‍ഗ്രസ് മുക്ത ഭാരതത്തിന്റെ ഭാഗമാകാന്‍ അരുണാചലിലെ കോണ്‍ഗ്രസ് നേതാക്കള്‍ തീരുമാനിച്ചതായി ഇതിനെ കാണാം. മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ നബാം തുകി മാത്രമാണ് കോണ്‍ഗ്രസ്സില്‍ അവശേഷിക്കുന്ന എംഎല്‍എ. പതിനഞ്ച് വര്‍ഷമായി അരുണാചലില്‍ രാഷ്ട്രീയ അനിശ്ചിതത്വമുണ്ട്. കൂറുമാറ്റവും കാലുമാറ്റവും അവിടത്തുകാര്‍ക്കൊരു ശീലമാണ്. തുടര്‍ന്ന് രാഷ്ട്രപതിഭരണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഏതാനും മാസം മുമ്പ് പതിനൊന്നംഗ ബിജെപിയുടെ പിന്തുണയോടെ വിമതന്‍ മുഖ്യമന്ത്രിയായതാണ്. നബാം തുകിക്കെതിരെ വന്ന അവിശ്വാസപ്രമേയം പാസായതോടെയാണ് വിമതര്‍ ആദ്യം ഭരണം പിടിച്ചത്. 18 വിമത കോണ്‍ഗ്രസ് എംഎല്‍എമാരും രണ്ട് സ്വതന്ത്രരും ബിജെപിയുമായി ചേര്‍ന്നാണ് അവിശ്വാസം പാസാക്കിയത്. ജൂലൈയില്‍ സുപ്രീംകോടതി റദ്ദാക്കിയതോടെ വീണ്ടും കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നു. നിയമസഭാ സ്പീക്കറെ കണ്ട് കോണ്‍ഗ്രസ് എംഎല്‍എ മാരെല്ലാം പീപ്പിള്‍സ് പാര്‍ട്ടിയില്‍ ലയിക്കുന്നതായി അറിയിക്കുകയായിരുന്നു. ഏഴുമാസത്തിനിടെ ഇതു രണ്ടാം തവണയാണ് കോണ്‍ഗ്രസ്സിന് അരുണാചല്‍ ഭരണം നഷ്ടപ്പെടുന്നത്. മുഖ്യമന്ത്രിപദം നഷ്ടപ്പെട്ട വിമത നേതാവ് കാഖിലോപുള്‍ കഴിഞ്ഞ മാസം ഒമ്പതിന് ആത്മഹത്യ ചെയ്തതും അത്ഭുതാവഹമായിരുന്നു. പേമ ഖണ്ഡുവിനെ മുഖ്യമന്ത്രി പദത്തിലെത്തിച്ച് ഭരണം തിരിച്ചുപിടിച്ച കോണ്‍ഗ്രസ് ഹൈമാന്റിന് പക്ഷേ പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനായില്ല. ഒരു പ്രശ്‌നവും രമ്യമായി പരിഹരിക്കാന്‍ കഴിയുന്ന നേതാവോ നേതൃത്വമോ കോണ്‍ഗ്രസിന് ഇന്നില്ലെന്നാണ് അരുണാചല്‍ സംഭവങ്ങള്‍ വ്യക്തമാക്കുന്നത്. കോണ്‍ഗ്രസിന് ഇപ്പോള്‍ എല്ലായിടത്തും വേണ്ടത് ബിജെപി നിയിക്കുന്ന കേന്ദ്ര സര്‍ക്കാരിനോട് ഏറ്റുമുട്ടലാണ്. അരുണാചലിലെ കോണ്‍ഗ്രസ് നേതൃത്വം അതിനെതിരെ വെട്ടിത്തുറന്ന നിലപാടാണെടുത്തത്. കേന്ദ്രവുമായി ഏറ്റുമുട്ടാന്‍ തങ്ങളില്ല. അരുണാചലിന് വേണ്ടത് വികസനമാണ്. വികസനത്തിന് ഊന്നല്‍ നല്‍കുന്ന എന്‍ഡിഎ സര്‍ക്കാരിനോടൊപ്പമാണ് തങ്ങളെന്നാണ് മുഖ്യമന്ത്രി പ്രസ്താവിച്ചത്. സുപ്രീംകോടതി വിചാരിച്ചാലും രക്ഷപ്പെടാന്‍ പറ്റാത്ത ഗതികേടിലാണ് കോണ്‍ഗ്രസ് എന്നാണിത് വ്യക്തമാക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.