പിണറായി ഭരണത്തില്‍ ചുവപ്പ് ഭീകരത: ബിജെപി

Sunday 18 September 2016 10:40 pm IST

ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള സിപിഎം അക്രമങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ നിയോഗിച്ച എംപിമാരുടെ സംഘം ഗവര്‍ണ്ണര്‍ ജസ്റ്റിസ് സദാശിവത്തിന് നിവേദനം നല്‍കുന്നു. എംപിമാരായ ഭൂപേന്ദ്ര യാദവ്, ആനന്ദ് ഹെഡ്‌ഗേ, മീനാക്ഷിലേഖി, നളിന്‍കുമാര്‍ കട്ടീല്‍, സുരേഷ് ഗോപി, ബിജെപി ദേശീയ സെക്രട്ടറി എച്ച്.രാജ, സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍, ദേശീയ നിര്‍വ്വാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ്, ജില്ലാ പ്രസിഡന്റ് അഡ്വ.എസ്.സുരേഷ്, സംസ്ഥാന സെക്രട്ടറിവി.കെ.സജീവന്‍ എന്നിവരെ കാണാം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഭരണത്തിനു കീഴില്‍ കേരളത്തില്‍ അരങ്ങേറുന്നത് ചുവപ്പു ഭീകരതയാണെന്ന് ബിജെപി എംപിമാര്‍. ഇതേക്കുറിച്ച് സ്വതന്ത്രമായ എജന്‍സിയോ റിട്ടയേര്‍ഡ് ഹൈക്കോടതി ജഡ്ജിയോ അന്വേഷിക്കണം. ആക്രമിക്കപ്പെട്ടവര്‍ക്കും കൊല്ലപ്പെട്ടവരുടെ ആശ്രിതര്‍ക്കും ഉചിതമായ നഷ്ടപരിഹാരം സംസ്ഥാന സര്‍ക്കാര്‍ നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

തിരുവനന്തപുരത്ത് ഗവര്‍ണറെ സന്ദര്‍ശിച്ച് സിപിഎം ആക്രമണങ്ങള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നിവേദനം സമര്‍പ്പിച്ച ശേഷം പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

പിണറായി അധികാരമേറ്റ് നാലു മാസത്തിനിടെ 400 രാഷ്ട്രീയ സംഘര്‍ഷ കേസുകളാണ് കണ്ണൂര്‍ ജില്ലയില്‍ മാത്രം രജിസ്റ്റര്‍ ചെയ്തത്. കൂടാതെ നാല് രാഷ്ട്രീയ കൊലപാതകങ്ങളും നടന്നു. 200 വീടുകള്‍ക്ക് തീയിട്ട സിപിഎം ക്രിമിനലുകള്‍ അച്ഛന്‍ ബിജെപിക്കാരനായതിന്റെ പേരില്‍ ഏഴുവയസ്സുകാരനായ മകന്റെ കൈ വെട്ടി. പെരുമ്പാവൂരില്‍ മഹിളാമോര്‍ച്ച സംസ്ഥാന പ്രസിഡന്റും ദളിത് നേതാവുമായ രേണുകാ സുരേഷ് ആക്രമിക്കപ്പെട്ട് നാലുദിവസമായിട്ടും പ്രതികളെ പിടികൂടിയിട്ടില്ല. ഇങ്ങനെ അധികാരത്തിന്റെ തണലില്‍ അക്രമം അഴിച്ചുവിടുന്നത് സംസ്ഥാനത്തിന്റെ വികസനവും പുരോഗതിയും അസാധ്യമാക്കും.

ദളിത് രക്ഷാവേഷം അണിയുന്ന സിപിഎമ്മിന് അവരുടെ വോട്ടുമാത്രം മതി. അതിന്റെ തെളിവാണ് കണ്ണൂരില്‍ ദളിത് പെണ്‍കുട്ടികള്‍ക്ക് നേരെ ഉണ്ടായ ആക്രമണം. രക്തം ചീന്താതെ രാഷ്ട്രീയ എതിരാളികളെ വകവരുത്തുന്ന സിപിഎമ്മിന്റെ ബംഗാള്‍ മാതൃക പുറത്തുവിട്ടത് സിപിഎം നേതാക്കളാണ്. ബംഗാളില്‍ നാലുപതിറ്റാണ്ടുകൊണ്ട് 50,000 രാഷ്ട്രീയ എതിരാളികളെയാണ് സിപിഎം വകവരുത്തിയത്. അധികാരം ലഭിച്ചപ്പോള്‍ കേരളത്തിലും ഇത് നടപ്പാക്കുന്നു.

കേരളത്തില്‍ വികസനമല്ല, രാഷ്ട്രീയ കൊലപാതകങ്ങളാണ് ചര്‍ച്ച ചെയ്യപ്പെടുന്നത്. അഭിപ്രായ-പ്രവര്‍ത്തന സ്വാതന്ത്ര്യങ്ങള്‍ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ക്കും ലഭ്യമാക്കേണ്ടത് ഭരിക്കുന്നവരുടെ കടമയാണ്. എന്നാല്‍ ഭരണം നടക്കുന്നത് എകെജി സെന്ററിലാണ്. അതിനാലാണ് മുഖ്യമന്ത്രി ജനിച്ച ഗ്രാമത്തില്‍ അദ്ദേഹത്തിന്റെ ബന്ധുക്കള്‍ പോലും രാഷ്ട്രീയവൈരത്തിന്റെ പേരില്‍ ആക്രമിക്കപ്പെടുന്നത്. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നാട്ടിലും അക്രമത്തിന് കുറവില്ല. ഇത്തരം രാഷ്ട്രീയ പകപോക്കല്‍ കേരളത്തിലല്ലാതെ മറ്റൊരു സംസ്ഥാനത്തുമില്ല. അക്രമം നടന്ന പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് പ്രവര്‍ത്തകരോട് നേരിട്ട് സംസാരിച്ച് തയ്യാറാക്കുന്ന റിപ്പോര്‍ട്ട് ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്ക് നല്‍കുമെന്നും അവര്‍ പറഞ്ഞു.

സിപിഎം അതിക്രമങ്ങളെക്കുറിച്ച് നേരിട്ട് പരിശോധിച്ച് വസ്തുതാ വിവരണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായി ദേശീയ അധ്യക്ഷന്‍ അമിത് ഷായാണ് എംപിമാരുടെ സംഘത്തെ നിയോഗിച്ചത്. എംപിമാരായ ഭൂപേന്ദ്രയാദവ്, മീനാക്ഷി ലേഖി, അനന്ത് ഹെഗ്‌ഡെ, നളിന്‍കുമാര്‍ കട്ടീല്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. ദേശീയ സെക്രട്ടറി എച്ച്. രാജ, സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍, നേതാക്കളായ പി.കെ. കൃഷ്ണദാസ്, വി.കെ. സജീവന്‍, അഡ്വ. എസ്. സുരേഷ് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.