ഭീകരക്യാമ്പുകളില്‍ സേന തിരിച്ചടിക്കും

Sunday 18 September 2016 11:21 pm IST

ന്യൂദല്‍ഹി: പാക്കിസ്ഥാന്റെ പിന്തുണയോടെ ഉറിയില്‍ സൈനിക ആസ്ഥാനം ആക്രമിച്ച സംഭവത്തില്‍ തിരിച്ചടിക്കാന്‍ കരസേന. പാക് അധീന കശ്മീരിലെ ഭീകരപരിശീലന കേന്ദ്രങ്ങളുടെയും ഭീകരരുടെ ഒളിസങ്കേതങ്ങളുടേയും വിവരങ്ങള്‍ ഇന്നലെ കരസേന കേന്ദ്രപ്രതിരോധമന്ത്രിക്ക് കൈമാറി. മ്യാന്മര്‍ മാതൃകയില്‍ കമാന്‍ഡോ ഓപ്പറേഷനുള്ള സാധ്യതകളും കരസേന പ്രതിരോധമന്ത്രിക്ക് മുന്നില്‍ സമര്‍പ്പിച്ചു. ഇക്കാര്യത്തില്‍ ഉന്നത രാഷ്ട്രീയ തീരുമാനം ഉണ്ടാകേണ്ടതുണ്ട്. പത്താന്‍കോട്ട് ആക്രമണ സമയത്തും സമാന പദ്ധതി സമര്‍പ്പിച്ചെങ്കിലും നിയമപരമായ നീക്കങ്ങള്‍ക്കാണ് കേന്ദ്രസര്‍ക്കാര്‍ പ്രാധാന്യം നല്‍കിയത്. ഭീകരാക്രമണം ഉണ്ടായി മണിക്കൂറുകള്‍ക്കകം കരസേനാ മേധാവി ദല്‍ബീര്‍സിങ് സുഹാഗും കേന്ദ്രപ്രതിരോധമന്ത്രി മനോഹര്‍ പരീഖറും ശ്രീനഗറിലെ സൈനികാസ്ഥാനത്തെത്തി. സൈനിക ക്യാമ്പില്‍ പ്രവേശിച്ച് ആക്രമണം നടത്തിയ ഭീകരരെ നേരിടുന്നതിനായി സ്വീകരിച്ച നടപടികള്‍ ഉന്നത സൈനിക മേധാവികള്‍ പ്രതിരോധമന്ത്രിയുടെ സാന്നിധ്യത്തില്‍ വിലയിരുത്തി. പരിക്കേറ്റ ജവാന്മാരെ ശ്രീനഗറിലെ സൈനികാശുപത്രിയില്‍ പരീഖര്‍ സന്ദര്‍ശിച്ചു. ഭീകരരുടെ പക്കല്‍ നിന്ന് 4 എ.കെ 47 തോക്കുകളും 4 അണ്ടര്‍ ബാരല്‍ ഗ്രനേഡ് ലോഞ്ചറുകളും വെടിയുണ്ടകളുമാണ് സൈന്യം കണ്ടെടുത്തത്. പാക് മുദ്രയുള്ള ആയുധങ്ങള്‍ പാക് സൈന്യത്തിന്റേതെന്ന് വ്യക്തമാണെന്ന് കരസേന പ്രതിരോധമന്ത്രിയെ ധരിപ്പിച്ചു. പാക് സൈന്യം പരിശീലനം നല്‍കിയ ഭീകരരോ പാക് സൈന്യത്തിന്റെ പിന്തുണയോടെ നുഴഞ്ഞുകയറിയ ഭീകരരോ ആണ് ആക്രമണത്തിന് പിന്നില്‍. ജയ്‌ഷെ മുഹമ്മദ് ഭീകരരാണ് ആക്രമണത്തിന് പിന്നിലെന്നും സ്ഥീകരിച്ചിട്ടുണ്ട്. കേന്ദ്രആഭ്യന്തര സെക്രട്ടറി രാജീവ് മെഹ്‌റിഷി ഇന്ന് ശ്രീനഗര്‍ സന്ദര്‍ശിക്കും. ജമ്മു കശ്മീര്‍ ഉദ്യോഗസ്ഥരുമായി സുരക്ഷാ സംവിധാനങ്ങള്‍ വിലയിരുത്താനാണ് അയയ്ക്കുന്നത്. സംസ്ഥാനത്ത് കൂടുതല്‍ ശക്തമായ നടപടികളിലേക്ക് കേന്ദ്രസര്‍ക്കാര്‍ കടക്കാന്‍ പോവുകയാണെന്ന വിവരം കേന്ദ്രആഭ്യന്തര സെക്രട്ടറി സംസ്ഥാനത്തിന് കൈമാറും.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.