ബിജെപി ദേശീയ കൗണ്‍സില്‍ സമ്മേളനം: ഇന്ന് ബൈക്ക് റാലി

Tuesday 20 September 2016 3:41 pm IST

കോഴിക്കോട്: ബിജെപി ദേശീയ കൗണ്‍സില്‍ സമ്മേളനത്തിന്റെ അടുക്കളയില്‍ സമൃദ്ധമായ വിഭവങ്ങളൊരുക്കാന്‍ വിപുലമായ തയ്യാറെടുപ്പ്. 22 ന് കലവറ നിറയ്ക്കുന്നതോടെ സ്വപ്‌ന നഗരിയില്‍ അടുക്കള സജീവമാകും. പാലക്കാട്, മലപ്പുറം, വയനാട്, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള പച്ചക്കറിയും പലവ്യഞ്ജനങ്ങളും അരിയുമാണ് കലവറയിലേക്ക് അന്ന് ഏറ്റുവാങ്ങുക. പഴയിടം മോഹനന്‍ നമ്പൂതിരി ഒരുക്കുന്ന 101 ഇന സദ്യയാണ് സമ്മേളനത്തെ സമൃദ്ധമാക്കുന്ന ഒരിനം. ആറന്മുള സദ്യയിലെ 77 ഇനങ്ങളോടൊപ്പം ഉത്തരേന്ത്യന്‍ ഭക്ഷണവിഭവങ്ങളും മധുര പലഹാരങ്ങളും ചേര്‍ത്താണ് 101 വിഭവങ്ങള്‍ സപ്തംബര്‍ 24 ന് ദേശീയ കൗണ്‍സില്‍ പ്രതിനിധികള്‍ക്ക് സ്വപ്‌നനഗരിയില്‍ വിളമ്പുക. അയ്യായിരം ചതുരശ്ര മീറ്റര്‍ അടുക്കളയും പതിനാലായിരും ചതുരശ്ര മീറ്റര്‍ ഊട്ടുപുരയും നിര്‍മ്മാണത്തിന്റെ അവസാന മിനുക്കുപണിയിലാണ്. 22 മുതല്‍ സ്വപ്‌നനഗരയില്‍ സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ നടത്തുന്ന വളണ്ടിയര്‍മാര്‍ക്ക് ഭക്ഷണം വിതരണം ആരംഭിക്കും. എന്‍. ശിവരാജന്‍, പി. രഘുനാഥ്, പ്രമീള നായ്ക് എന്നിവരുടെ നേതൃത്വത്തിലുള്ള 50 അംഗ കമ്മറ്റിയാണ് 11 വിവിധ സബ്കമ്മിറ്റികള്‍ രൂപീകരിച്ച് പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്. പാലക്കാട്ട് നിന്ന് പച്ചക്കറിയും മലപ്പുറത്ത് നിന്ന് പഴവര്‍ഗ്ഗങ്ങളും കോഴിക്കോട്ട് നിന്ന് അരിയും തേങ്ങയും, വയനാട്, ഇടുക്കി ജില്ലകളില്‍ നിന്ന് തേയിലയും സംഭരിക്കുന്നുണ്ട്. മാധ്യമപ്രവര്‍ത്തകര്‍, പോലീസ്, സുരക്ഷാ സേനയുടെ വിവിധ വിഭാഗങ്ങള്‍, കേന്ദ്രമന്ത്രിമാരുടെ പേഴ്‌സണല്‍ സെക്രട്ടറിമാര്‍, സ്റ്റാഫ്, എന്നിവര്‍ക്കും ഭക്ഷണം നല്‍കാന്‍ പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കുന്നുണ്ട്. സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ക്ക് ആവേശം നല്‍കിക്കൊണ്ട് ഇന്ന് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നഗരത്തില്‍ ബൈക്ക് റാലി നടത്തും. കോഴിക്കോട് മെഡിക്കല്‍ കോളജ്, കിഡ്‌സണ്‍ കോര്‍ണര്‍ എന്നിവിടങ്ങളില്‍ നിന്നാരംഭിക്കുന്ന ബൈക്ക് റാലികള്‍ വൈകിട്ട് 5 മണിക്ക് മുതലക്കുളത്ത് സമാപിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.