വത്തിക്കാനില്‍ സര്‍വമത സമ്മേളനം നാളെ

Sunday 18 September 2016 11:36 pm IST

വത്തിക്കാന്‍ സിറ്റി: അസീസിയില്‍ 20 ന് നടക്കുന്ന സമാധാനത്തിനുള്ള പ്രാര്‍ത്ഥനയില്‍ മാര്‍പ്പാപ്പയും പത്തിലേറെ വിവിധ മതനേതാക്കളും പങ്കെടുക്കും. റോം ആസ്ഥാനമായ സാന്റേജിഡിയോ സന്യാസ സമൂഹത്തിന്റെ ആഭിമുഖ്യത്തിലാണ് പ്രാര്‍ത്ഥനയും മൂന്നു ദിവസത്തെ തുടര്‍പരിപാടികളും. 1986 ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ നടത്തിയ അസീസി മതസമാധാന സമ്മേളനത്തിന്റെ മുപ്പതാം വാര്‍ഷികത്തിലാണ് പരിപാടി. ഇസ്ലാം, ജൂത, മഹായാനബുദ്ധ വിഭാഗം നേതാക്കള്‍ പങ്കെടുക്കും. ഇത്തവണ തിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമക്ക് ക്ഷണമില്ല. കോണ്‍സ്റ്റാന്റിനോപ്പിള്‍ ഓര്‍ത്തഡോക്‌സ് എക്യൂമിനിക്കല്‍ പാത്രിയാര്‍ക്കിസ് ബാര്‍ത്തലോമിയോ ഒന്നാമന്‍, കാന്റര്‍ബറി ആര്‍ച്ച്ബിഷപ് ജസ്റ്റിന്‍ പോര്‍ട്ടല്‍ വെല്‍ബി തുടങ്ങിയവര്‍ ഉണ്ടാകും. സമാധാനത്തിനും വിശ്വാസത്തിനും സംസ്‌കാരത്തിനും വേണ്ടിയുള്ള ചര്‍ച്ച എന്നുപേരുള്ള സമ്മേളനത്തിന്റെ സമാപനപരിപാടിയില്‍ പങ്കെടുക്കുന്ന മാര്‍പ്പാപ്പ, ചില മതനേതാക്കളുമായി വ്യക്തിഗത ചര്‍ച്ചകളും നടത്തും. പാത്രിയാര്‍ക്ക് ബര്‍ത്തേലോമിയോ, ആര്‍ച്ച്ബിഷപ് വെല്‍ബി, അന്ത്യോക്യ സിറിയന്‍ ഓര്‍ത്തഡോക്‌സ് പാത്രിയക്കീസ് ഇഗ്‌നേഷ്യസ് അഫ്രേം രണ്ടാമന്‍ തുടങ്ങി മത തലവന്മാരെ മാര്‍പ്പാപ്പ അസീസിയിലേക്ക് സ്വാഗതം ചെയ്യുമെന്നാണ് വത്തിക്കാനില്‍നിന്നുള്ള അറിയിപ്പ്. പ്രാര്‍ത്ഥനയില്‍, യുദ്ധത്തില്‍ പങ്കാളികളായ ഒട്ടേറെ പേരുമുണ്ടാകും. മതനേതാക്കള്‍ക്കൊപ്പം മാര്‍പ്പാപ്പ ഉച്ചയൂണു കഴിക്കും. തുടര്‍ന്നാണ് ചിലരുമായി സ്വകാര്യ കൂടിക്കാഴ്ച. മത പ്രാര്‍ത്ഥന അതത് സമ്പ്രദായങ്ങള്‍ അനുസരിച്ച് വെവ്വേറേ ആയിരിക്കും. ലേവര്‍ ബസലിക്കയിലെ സെന്റ് ഫ്രാന്‍സിസില്‍ എക്യൂമനിക്കല്‍ പ്രാര്‍ത്ഥനയിലായിരിക്കും മാര്‍പ്പാപ്പ പങ്കെടുക്കുക. പ്രാര്‍ത്ഥന കഴിഞ്ഞ്, മതനേതാക്കളെല്ലാം ബസലിക്കയ്ക്കു പുറത്തെ ചത്വരത്തില്‍ സമാധാന സംരക്ഷണത്തിന് യുദ്ധ ഇരകളുടെ അഭിപ്രായങ്ങള്‍ കേള്‍ക്കും. തുടര്‍ന്ന് പൊതു നിവേദനത്തില്‍ ഒപ്പുവെക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.