ഒന്‍പത് പദ്ധതിയില്‍ തട്ടിയെടുത്തത് അഞ്ച് കോടി

Sunday 18 September 2016 11:37 pm IST

ഇടുക്കി: പിന്നാക്ക വിഭാഗങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ പട്ടികജാതി വികസന വകുപ്പ് നടപ്പാക്കിയ സ്വയംപര്യാപ്ത ഗ്രാമം പദ്ധതിയിലെ തട്ടിപ്പിനെക്കുറിച്ചുള്ള അന്വേഷണം ഇഴയുന്നു. രണ്ട് മാസം മുന്‍പാണ് പദ്ധതി നിര്‍വ്വഹണത്തില്‍ തട്ടിപ്പ് കണ്ടെത്തിയത്. ഇടുക്കി ജില്ലാ പോലീസ് സൂപ്രണ്ടിന്റെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് രഹസ്യാന്വേഷണ വിഭാഗത്തിലെ ഡിവൈഎസ്പി വി.എന്‍. സജിയാണ് തട്ടിപ്പിനെക്കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. വണ്ണപ്പുറം പഞ്ചായത്തിലെ ഊറ്റുകണ്ണി കോളനിയില്‍ നടത്തിയ നിര്‍മ്മാണ പ്രവര്‍ത്തനത്തില്‍ അരക്കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നതായി കണ്ടെത്തി. കരാറുകാരന്‍ നെടുങ്കണ്ടം മുണ്ടിയെരുമ സ്വദേശി മൈക്കിളിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കാളിയാര്‍ പോലീസ് കേസെടുത്തെങ്കിലും അന്വേഷണം എങ്ങുമെത്തിയില്ല. തമിഴ്‌നാട്ടിലെ സുഖവാസ കേന്ദ്രത്തില്‍ കഴിയുന്ന മൈക്കിളിനെ പിടികൂടാന്‍ പോലീസ് ശ്രമവും നടത്തിയില്ല. ഊറ്റുകണ്ണിയിലെ കേസിന് ശേഷം ശാന്തന്‍പാറ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ വരുന്ന തൊട്ടിക്കാനം എസ്‌സി കോളനി, ദിഡീര്‍നഗര്‍ കോളനി, കുമളി സ്റ്റേഷന്‍ പരിധിയില്‍ വരുന്ന ചെങ്കര, നെടുങ്കണ്ടം സ്റ്റേഷന്‍ പരിധിയില്‍ വരുന്ന ആദിയാര്‍പുരം, മൂന്നാര്‍ സ്റ്റേഷന്‍ പരിധിയില്‍ വരുന്ന സാന്റോസ് കോളനി, അടിമാലി സ്റ്റേഷന്‍ പരിധിയില്‍ വരുന്ന അടിമാലി എസ്‌സി കോളനി, ആലക്കോട് എസ്‌സി കോളനി എന്നിവിടങ്ങളിലെല്ലാം നടത്തിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ അഴിമിതിയുണ്ടെന്ന് കണ്ടെത്തി. തുടര്‍ന്ന് അതത് സ്റ്റേഷനുകളില്‍ കേസെടുത്തു. മൂന്ന് കേസുകളില്‍ മുണ്ടിയെരുമ സ്വദേശി മൈക്കിളാണ് പ്രതി. ഇയാള്‍ ഉന്നത കോണ്‍ഗ്രസ് നേതാവാണ്. ഇയാളുടെ ഭാര്യ ജില്ലാ പഞ്ചായത്ത് അംഗവുമാണ്. രാഷ്ട്രീയ ഇടപെടലിനെത്തുടര്‍ന്ന് മൈക്കിളിന്റെ അറസ്റ്റ് വൈകിക്കുകയാണെന്നും ഇയാള്‍ക്ക് മുന്‍കൂര്‍ ജാമ്യത്തിനുള്ള ശ്രമമാണ് പോലീസ് ഒരുക്കുന്നതെന്നും ആക്ഷേപമുണ്ട്. ഒമ്പത് പദ്ധതികളില്‍ നിന്നായി അഞ്ച് കോടിയോളം രൂപ കരാറുകാരും ഉദ്യോഗസ്ഥരും ചേര്‍ന്ന് തട്ടിയെടുത്തെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.