തിരിച്ചടിക്കും: കരസേന

Monday 19 September 2016 10:50 pm IST

  ന്യൂദല്‍ഹി: ഉറി ഭീകരാക്രമണത്തിന് ഉചിതമായ തിരിച്ചടി നല്‍കുമെന്ന് കരസേന. കരസേന തെരഞ്ഞെടുക്കുന്ന സ്ഥലത്ത് വെച്ച് തന്നെ ശരിയായ സമയത്ത് അവര്‍ക്ക് തിരിച്ചടി നല്‍കും. ഇത്തരം ആക്രമണങ്ങള്‍ നടത്തിയവരെ ശിക്ഷിക്കുമെന്ന കാര്യത്തില്‍ യാതൊരു സംശയവും വേണ്ട, ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിറ്ററി ഓപ്പറേഷന്‍സ് ലഫ്. ജനറല്‍ രണ്‍ബീര്‍ സിങ് പറഞ്ഞു. സൈന്യത്തിന് നേര്‍ക്ക് നടന്ന ഇത്ര പ്രകോപനപരമായ നടപടിയെ നേരിടുന്ന കാര്യത്തില്‍ യാതൊരു വിധ ആശങ്കകളുമില്ല. സൈന്യം ഇക്കാര്യത്തില്‍ സര്‍വ്വസജ്ജമാണെന്നും ഡിജിഎംഒ അറിയിച്ചു. ഭീകരരുടെ പക്കല്‍ നിന്നു കണ്ടെത്തിയ ആയുധങ്ങളിലും ഭക്ഷണ പായ്ക്കറ്റുകളിലും പാക് മുദ്രകളുണ്ടെന്നും ലഫ്. ജനറല്‍ രണ്‍ബീര്‍ സിങ് പറഞ്ഞു. കൊല്ലപ്പെട്ട ഭീകരരുടെ പക്കല്‍ നിന്നു നാല് എ.കെ. 47 തോക്കുകള്‍, നാല് ഗ്രനേഡ് ലോഞ്ചറുകള്‍, നാല് അണ്ടര്‍ ബാരല്‍ ഗ്രനേഡ് ലോഞ്ചറുകള്‍, അഞ്ച് കൈ ഗ്രനേഡുകള്‍, രണ്ട് റേഡിയോ സെറ്റുകള്‍, രണ്ട് ജിപിഎസ് സംവിധാനം എന്നിവയാണെന്നും കരസേന വെളിപ്പെടുത്തി. ഭക്ഷണ സാധനങ്ങളും മരുന്നു പായ്ക്കറ്റുകളും ഭീകരരുടെ പക്കല്‍ നിന്നു കണ്ടെടുത്തു. 2016ല്‍ നിയന്ത്രണ രേഖവഴി 17 നുഴഞ്ഞുകയറ്റ ശ്രമങ്ങളാണ് നടന്നത്. ഇവയെല്ലാം സൈന്യം വിജയകരമായി നേരിട്ടു. വിവിധ സൈനിക നടപടികളില്‍ 110 ഭീകരരാണ് അതിര്‍ത്തിയില്‍ കൊല്ലപ്പെട്ടത്. 31പേര്‍ നിയന്ത്രണ രേഖ മറികടക്കുന്നതിനുള്ള ശ്രമങ്ങള്‍ക്കിടയിലും സൈന്യത്തിന്റെ ഇരയായിട്ടുണ്ടെന്നും ഡിജിഎംഒ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.