കര്‍മമെന്താണ്? അകര്‍മമെന്താണ്? (4-16)

Monday 19 September 2016 9:39 pm IST

കഴിഞ്ഞ അധ്യായത്തില്‍ ലൗകികവും വൈദികവും ആത്മീയവുമായ എല്ലാ കര്‍മങ്ങളും ശ്രീകൃഷ്ണാരാധനയില്‍ ചെയ്യണം എന്നാണ് പറഞ്ഞുവച്ചത്. ഈ അധ്യായത്തിന്റെ തുടക്കത്തില്‍ അര്‍ജ്ജുനന്റെ ചോദ്യത്തിനുത്തരമായി ഭഗവാന്റെ അവതാരങ്ങളുടെ സ്വഭാവം, കാലങ്ങള്‍, ഉദ്ദേശ്യം ഇവ വിവരിക്കേണ്ടിവന്നു. ഈ ശ്ലോകം മുതല്‍ കര്‍മയോഗ വിവരണം തുടരുന്നു. അര്‍ജ്ജുനന്‍ മനസ്സില്‍ സംശയിച്ചു. ഭഗവാന്‍ നിര്‍ദ്ദേശിച്ചതുകൊണ്ട് കര്‍മം ചെയ്യാം, യുദ്ധം ചെയ്യാം. പക്ഷേ എന്താണ് കര്‍മം, എന്താണ് അകര്‍മ്മം? ഭഗവാന്‍ അതറിഞ്ഞുകൊണ്ട് മറുപടി പറയുന്നു. മോക്ഷം വേണമെന്ന് ആഗ്രഹിക്കുന്നവന്‍ ചെയ്യേണ്ട കര്‍മ്മത്തിന്റെ സ്വരൂപം എന്താണ്? ഏതു കര്‍മവും ഏതു രീതിയില്‍ ചെയ്താലാണ് ബന്ധകാരണമാവുന്നത്? ഏതു രീതിയില്‍ ചെയ്താലാണ് ബന്ധകാരണമാവാത്തത്? ഈ ജ്ഞാനമുള്ളവര്‍ ചെയ്യുന്ന കര്‍മം ബന്ധകാരണമാവുകയില്ല. പക്ഷേ കര്‍മാകര്‍മ്മങ്ങളുടെ യഥാര്‍ത്ഥ സ്വരൂപവും സ്വഭാവവും ആര് പറഞ്ഞുതരും? കര്‍മ്മത്തെപ്പറ്റിയും അകര്‍മ്മത്തെപ്പറ്റിയും വിചാരം ചെയ്യുന്ന ബുദ്ധിമാന്മാരായ പണ്ഡിതന്മാര്‍ പോലും വ്യത്യസ്താഭിപ്രായക്കാരാണ്? ശ്രുതികളിലും സ്മൃതികളിലും വിധിച്ചിരിക്കുന്ന കര്‍ത്തവ്യങ്ങളാണ് കര്‍മം, വിധിക്കാത്തത് അധര്‍മം എന്ന് ഒരു കൂട്ടം ആള്‍ക്കാര്‍ പറയും. ശ്രുതി സ്മൃതികളില്‍ വിധിച്ചിരിക്കുന്ന കര്‍മം ഉപേക്ഷിക്കുകയാണ് അകര്‍മ്മം എന്നും പറയും. കര്‍മ്മം എന്നാല്‍ ചലിക്കുക എന്നും അകര്‍മ്മം എന്നാല്‍ ചലിക്കാതിരിക്കുകയാണെന്നും മറ്റു ചിലര്‍ പറയും. ഇങ്ങനെ വൈദികന്മാരും താന്ത്രികന്മാരും ധര്‍മശാസ്ത്രജ്ഞന്മാരും കര്‍മാകര്‍മ്മ തത്വം നിര്‍ണയിക്കുന്ന കാര്യത്തില്‍ മൂഢന്മാരാണ്; അജ്ഞന്മാരാണ്. അതുകൊണ്ട് കര്‍മ്മാ കര്‍മ്മ സ്വരൂപം അറിയാത്ത നിനക്ക് ഞാന്‍ കര്‍മ്മാകര്‍മ്മ ലക്ഷണം ഉപദേശിച്ചുതരാം; അതുപ്രകാരം അനുഷ്ഠിച്ചാല്‍.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.