ഇന്ന് കിയാല്‍ ഓഫീസ് ഉപരോധം മട്ടന്നൂര്‍ വിമാനത്താവളം: സ്‌ഫോടനത്തില്‍ വീട് തകര്‍ന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കിയില്ല

Monday 19 September 2016 10:14 pm IST

മട്ടന്നൂര്‍: മട്ടന്നൂര്‍ അന്താരാഷ്ട്ര വിമാനത്താവള പദ്ധതി പ്രദേശത്ത് കല്ല് ശേഖരിക്കുന്നതിനായി ഇക്കഴിഞ്ഞ ജനുവരി 28ന് വെടിമരുന്ന് ഉപയോഗിച്ച് നടത്തിയ അതിശക്തമായ സ്‌ഫോടനത്തില്‍ ഒട്ടേറെ വീടുകള്‍ക്ക് കേടുപാടുകള്‍ പറ്റിയിട്ടും നഷ്ടപരിഹാരം അനുവദിക്കാത്തതിനെ തുടര്‍ന്ന് കര്‍മ്മ സമിതി ഇന്ന് മട്ടന്നൂരിലെ കിയാല്‍ ഓഫീസ് ഉപരോധിക്കും. പലതവണ നിവേദനങ്ങള്‍ നല്‍കിയിട്ടും നടപടിയുണ്ടാവാത്തതിനെ തുടര്‍ന്നാണ് നാട്ടുകാരുടെ കര്‍മ്മ സമിതി കിയാല്‍ ഓഫീസ് ഉപരോധിക്കാന്‍ തീരുമാനിച്ചത്. സ്‌ഫോടനത്തില്‍ കല്ലേരിക്കരയിലെ പുനരധിവാസ സ്ഥലത്ത് നിര്‍മ്മിച്ച മുഴുവന്‍ വീടുകള്‍ക്കും ഈ സ്ഥലത്തിന് മുന്‍വശം അഞ്ചരക്കണ്ടി റോഡരികിലെ വീടുകള്‍, കാര ദുര്‍ഗ്ഗ ഭഗവതി ക്ഷേത്രത്തിന് സമീപമുള്ള വീടുകള്‍, കാര കള്ള്ഷാപ്പിന് സമീപമുള്ള വീടുകള്‍ എന്നിവയ്ക്ക് പുറമെ സ്‌ഫോടനം നടന്നതിനെ ഒരു കിലോമീറ്ററോളം മാറിയുള്ള വീടുകള്‍ക്കുമുള്‍പ്പെടെ അറുനൂറോളം വീടുകള്‍ക്ക് ക്ഷതകം സംഭവിച്ചിരുന്നു. അന്നത്തെ സ്ഥലം എംഎല്‍എയും ഇപ്പോള്‍ വ്യവസായ മന്ത്രിയുമായ ഇ.പി.ജയരാജന്‍ നിരവധി തവണ സന്ദര്‍ശനം നടത്തി പ്രശ്‌നത്തിന് പരിഹാരം കാണാം എന്ന് വാഗ്ദാനം നല്‍കിയതല്ലാതെ തന്നെ ജയിപ്പിച്ച മണ്ഡലത്തിലെ വിഷയം പരിഹരിക്കുന്നതില്‍ വഞ്ചനാപരമായ നിലപാടാണെടുത്തത്. അന്നത്തെ ജില്ലാകലക്ടര്‍ പി.ബാലകിരണും സന്ദര്‍ശനം നടത്തി വീടുകള്‍ക്കുണ്ടായ ക്ഷതകം നേരില്‍കണ്ട് ബോധ്യപ്പെട്ടിരുന്നു. പക്ഷേ 218 വീടുകള്‍ക്ക് മാത്രമാണ് നഷ്ടപരിഹാരം അനുവദിച്ചത്. തുടര്‍ന്ന് കാര-കല്ലേരിക്കര കര്‍മ്മസമൃതി മുഖ്യമന്ത്രി, വ്യവസായ വകുപ്പ് മന്ത്രി, ജില്ലാ കലക്ടര്‍ എന്നിവര്‍ക്ക് നിവേദനം സമര്‍പ്പിച്ചിരുന്നുവെങ്കിലും നടപടികളില്ലാത്തതിനെ തുടര്‍ന്നാണ് ഇന്ന് നാട്ടുകാര്‍ കിയാല്‍ ഓഫീസ് ഉപരോധിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.