കൊല്ലത്ത് ചരക്ക് ട്രെയിന്‍ പാളം തെറ്റി; പത്തിലേറെ ട്രെയിനുകള്‍ റദ്ദാക്കി

Tuesday 20 September 2016 1:10 pm IST

കൊല്ലം: കരുനാഗപ്പള്ളിക്ക് സമീപം മാരാരിത്തോട്ടത്ത് ചരക്കു ട്രെയിന്‍ പാളം തെറ്റി. ട്രെയിനിന്റെ ആറ് ബോഗികളാണ് പാളം തെറ്റിയത്. കൊല്ലത്ത് നിന്നും കോട്ടയത്തേയ്ക്ക് രാസവളവുമായി പോവുകയായിരുന്നു ട്രെയിനാണ് പുലര്‍ച്ചെ പന്ത്രണ്ടര മണിയോടെ അപകടത്തില്‍പ്പെട്ടത്‍. അപകടത്തെത്തുടര്‍ന്ന് സംസ്ഥാനത്തെ ട്രെയിന്‍ ഗതാഗതം താറുമാറായി. ചരക്ക് തീവണ്ടിയുടെ കാലപ്പഴക്കമാണ് അപകടത്തിന് കാരണമെന്നാണ് റെയില്‍‌വേയുടെ പ്രാഥമിക വിലയിരുത്തല്‍. അപകടത്തില്‍ കരുനാഗപ്പള്ളിക്കും ശാസ്താംകോട്ടയ്ക്കും ഇടയിലുള്ള 150 മീറ്റര്‍ റെയില്‍‌പ്പാളം പൂര്‍ണമായും അടര്‍ന്നു മാറി. പുലര്‍ച്ചെ രണ്ടരമണിയോടെ റെയില്‍‌വേ അധികൃതരെത്തി ട്രാക്കിന്റെ അറ്റകുറ്റപ്പണികള്‍ ആരംഭിച്ചു. ഒരു ഭാഗത്ത് കൂടെ മാത്രമേ ഇപ്പോള്‍ ട്രെയിന്‍ സര്‍വീസ് നടത്തുന്നുള്ളൂ. അതിനാല്‍ തിരുവനന്തപുരത്ത് നിന്നും വരുന്നതും പോകുന്നതുമായ എല്ലാ ട്രെയിനുകളും മണിക്കൂറുകളോളം വൈകിയാണ് ഓടുന്നത്. പത്ത് പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്. മൂന്ന് ട്രെയിനുകള്‍ വഴി തിരിച്ചുവിട്ടു. കൊല്ലം ആലപ്പുഴ-പാസഞ്ചര്‍ (56300), ആലപ്പുഴ-എറണാകുളം പാസഞ്ചര്‍ (56302), എറണാകുളം-ആലപ്പുഴ പാസഞ്ചര്‍ (56303), ആലപ്പുഴ-കൊല്ലം (56301), കൊല്ലം-എറണാകുളം (56392), എറണാകുളം-കായംകുളം പാസഞ്ചര്‍ (56387) എന്നീ ട്രെയിനുകളാണ് റദ്ദാക്കിയത്. ഇതിനു പുറമേ കോട്ടയം വഴിയുള്ള കൊല്ലം-എറണാകുളം (66300) എറണാകുളം-കൊല്ലം (66301) എന്നീ മെമു തീവണ്ടികളും റദ്ദാക്കി. ആലപ്പുഴ വഴിയുള്ള എറണാകുളം-കൊല്ലം (66302) കൊല്ലം-എറണാകുളം (66303) എന്നീ തീവണ്ടികളും റദ്ദാക്കി. മൂന്നു ട്രെയിനുകള്‍ ഭാഗികമായി സര്‍വീസ് നിര്‍ത്തിവച്ചു. കൊല്ലം-കോട്ടയം പാസഞ്ചര്‍ (56305) എറണാകുളം-കൊല്ലം (66307) കൊല്ലം-എറണാകുളം (66308) എന്നീ തീവണ്ടികളാണ് ഭാഗികമായി നിര്‍ത്തി വച്ചത്. റെയില്‍ ഗതാഗതം വൈകുന്നേരത്തൊടെ പുനസ്ഥാപിക്കാന്‍ കഴിയുമെന്ന് ദക്ഷിണ റെയില്‍‌വേ ഡിവിഷണല്‍ മാനേജര്‍ പ്രകാശ് ഭൂട്ടാനി അറിയിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.