കണ്ണൂര്‍: ജില്ലാ ആശുപത്രിയില്‍ പുതുതായി സ്ഥാപിച്ച 5 ഡയാലിസിസ് യന്ത്രങ്ങളുടെ പ്രവര്‍ത്തനോദ്ഘാടനം 24 ന് പി.കെ.ശ്രീമതി എംപി നിര്‍വഹിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. എംപിയുടെ പ്രാദേശിക വികസന നിധിയില്‍ നിന്ന് അനുവദിച്ച 45 ലക്ഷം രൂപ ഉപയോഗിച്ചാണ് പുതിയ ഡയാലിസിസ് യന്ത്രങ്ങളും അനുബന്ധ ഉപകരണങ്ങളും വാങ്ങിയത്.
ഇതോടെ ജില്ലാ ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റില്‍ 17 യന്ത്രങ്ങളായി. രണ്ട് ഷിഫ്റ്റ് പ്രവര്‍ത്തിച്ചിരുന്നത് 4 ആയും വര്‍ധിച്ചു. ഇനി ദിവസം125 രോഗികള്‍ക്ക് ഡയാലിസിസ് നടത്താനുളള സൗകര്യം സെന്ററിലുണ്ടാകും.
24 ന് ഉച്ചക്ക് 2.30 ന് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷ് അധ്യക്ഷത വഹിക്കും. ഡയാലിസിസ് അധിക ഷിഫ്റ്റിന്റെ തുടക്കം കുറിക്കല്‍ മേയര്‍ ഇ.പി.ലത നിര്‍വഹിക്കും. ജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദലി മുഖ്യാതിഥി ആകും. സൂപ്രണ്ട് ഡോ.പി.പി.പ്രീത റിപ്പോര്‍ട്ട് അവതരിപ്പിക്കും. സ്നേഹജേ്യാതി കിഡ്നി പേഷ്യന്റ്സ് വെല്‍ഫെയര്‍ സൊസൈറ്റി മുഖേന നാല് ഡയാലിസിസ് ടെക്നീഷ്യന്മാരെ നിയമിച്ചതായും പ്രസിഡണ്ട് അറിയിച്ചു. ഉദാരമനസ്കരായ എല്ലാവരുടെയും സഹായം സ്നേഹജേ്യാതി സൊസൈറ്റിക്ക് ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു. സംഭാവന നല്കാന് ആഗ്രഹിക്കുന്നവര്‍ക്ക് സൊസൈറ്റിയുടെ 42632200000361 എന്ന സിണ്ടിക്കേറ്റ് ബാങ്ക് സിവില്‍ സ്റ്റേഷന് ബ്രാഞ്ച് (ഐ എഫ് എസ് സി കോഡ് – എസ്വൈബി 004200) അക്കൗണ്ടില്‍ പണം നിക്ഷേപിക്കാം. ജില്ലാ പഞ്ചായത്തിലെ സൊസൈറ്റി ഓഫീസില്‍ നേരിട്ടും സംഭാവന സ്വീകരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: