പരിയാരം മെഡിക്കല്‍ കോളേജ്: അംഗീകാരം നഷ്ടമായേക്കും

Tuesday 20 September 2016 9:53 pm IST

കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളേജ് ഏറ്റെടുക്കാന്‍ സര്‍ക്കാരിന് വിമുഖത. കോളേജിന് ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരം നഷ്ടമായേക്കും. ഒരുമാസം മുന്‍പ് മെഡിക്കല്‍ കോളേജില്‍ കൗണ്‍സില്‍ പരിശോധന നടത്തിയിരുന്നു. സ്വന്തമായി ഭൂമിയില്ലാത്തതിനാല്‍ അംഗീകാരം നല്‍കാനാവില്ലെന്നും പത്ത് ദിവസത്തിനകം മറുപടി നല്‍കണമെന്നും കോളേജ് അധികൃതര്‍ക്ക് നോട്ടീസും നല്‍കി. ജനങ്ങള്‍ക്ക് സൗജന്യചികിത്സയൊരുക്കാന്‍ സ്വാതന്ത്ര്യസമരസേനാനി സാമുവല്‍ ആറോണ്‍ സൗജന്യമായി നല്‍കിയ സ്ഥലത്താണ് മെഡിക്കല്‍ കോളേജ്. നേരത്തെ മദ്രാസ് പ്രൊവിന്‍ഷ്യല്‍ വെല്‍ഫെയര്‍ ഫണ്ട് സൊസൈറ്റിയുടെ കീഴില്‍ ഇവിടെ ടിബി സാനറ്റോറിയമുണ്ടായിരുന്നു. 1957ല്‍ സര്‍ക്കാര്‍ ഇത് ഏറ്റെടുത്തു. 1994 ലാണ് ഒരു ഭാഗത്ത് പരിയാരം മെഡിക്കല്‍ കോളേജ് ആരംഭിച്ചത്. സൗജന്യ ചികിത്സ നല്‍കിയ സാനറ്റോറിയം പൂട്ടി സ്ഥലം സഹകരണ മെഡിക്കല്‍ കോളേജിന് നല്‍കിയതിനെതിരെ ചിലര്‍ ഹൈക്കോടതിയില്‍ നിന്ന് ഭൂമി കൈമാറ്റം തടഞ്ഞ് ഉത്തരവ് നേടി. സാനറ്റോറിയത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കാതെ സര്‍ക്കാരിന് മെഡിക്കല്‍ കോളേജും സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയും പ്രവര്‍ത്തിപ്പിക്കാമെന്നും കോടതി വ്യക്തമാക്കിയിരുന്നു. പിന്നീട് ഭൂമിയില്ലാതെ തന്നെ മെഡിക്കല്‍ കോളേജിന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കി. മെഡിക്കല്‍ കോളേജ് അധികൃതരില്‍ നിന്നു സ്ഥലത്തിന്റെ നികുതി സ്വീകരിക്കുന്നത് പഞ്ചായത്ത് നിര്‍ത്തലാക്കി. ഇതോടെ സാങ്കേതികമായും കോളേജിന് സ്വന്തമായി സ്ഥലമില്ലാതെയായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.