മോഷണം വ്യാപകമാകുന്നു; ഭീതിയോടെ ജനം

Tuesday 20 September 2016 10:25 pm IST

പാലാ: പാലായില്‍ മോഷണം വ്യാപകമാകുന്നതോടെ ജനം ഭീതിയില്‍. കഴിഞ്ഞ ദിവസങ്ങളില്‍ നഗരത്തിലും പരിസരപ്രദേശങ്ങളിലുമായി നിരവധി മോഷണങ്ങളും മോഷണ ശ്രമങ്ങളുമാണ് അരങ്ങേറിയിരിക്കുന്നത്. മോഷണം തുടരുമ്പോളും പോലീസ് നിഷ്‌ക്രിയത്വം പാലിക്കുന്നത് ജനങ്ങളുടെ ആശങ്ക വര്‍ദ്ധിപ്പിച്ചിരിക്കുന്നു. ഞായറാഴ്ച രാത്രി ഊരാശാല ക്ഷേത്രത്തിന് സമീപം താമസിക്കുന്ന കെ.ആര്‍. ബാബുവിന്റെ വീട്ടില്‍ നടന്ന മോഷണമാണ് അവസാനമായി നടന്നിരിക്കുന്നത്. വീടിന്റെ ജനല്‍കമ്പി വളച്ച് അകത്തുകടന്ന മോഷ്ടാവ് വീട്ടില്‍ സൂക്ഷിച്ചിരുന്ന 2000 രൂപയും ഒരു പവനോളം വരുന്ന മോതിരവും മോഷ്ടിച്ചു. കുട്ടിയുടെ കഴുത്തില്‍ നിന്നും മാല പൊട്ടിക്കാന്‍ ശ്രമിക്കുന്നതിനിടെ കുട്ടി ഉണര്‍ന്ന് നിലവിളിച്ചതോടെ മോഷ്ടാവ് ഓടി രക്ഷപെടുകയായിരുന്നു. ശനിയാഴ്ച രാത്രി സെന്റ് തോമസ് ഹൈസ്‌ക്കൂളിന് സമീപമുള്ള 5 വ്യാപാരസ്ഥാപനങ്ങളില്‍ മോഷണം നടന്നു. കടകളുടെ പൂട്ട് തകര്‍ത്ത് അകത്ത് കയറി സൈക്കിള്‍, ചില്ലറ പൈസകള്‍ തുടങ്ങിയവ മോഷ്ടാക്കള്‍ കൊണ്ടുപോയി. രവീസ് സൈക്കിള്‍, അമ്മൂസ് കൂള്‍ബാര്‍, അനിയന്‍സ് കൂള്‍ബാര്‍, പ്രിന്‍സ് ഹൗസ്, സമീപത്തെ ചെരുപ്പുകട തുടങ്ങിയ സ്ഥാപനങ്ങളിലാണ് കവര്‍ച്ച നടന്നത്. സമീപത്തുള്ള ജൂവലറി അടക്കം മൂന്ന് കടകളില്‍ മോഷണ ശ്രമവും നടന്നു. ജൂവലറിയുടെ പിന്‍ഭാഗം കുത്തിത്തുരക്കാന്‍ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. ചുറ്റിക, സ്‌ക്രൂഡ്രൈവര്‍ എന്നിവ കടകള്‍ക്ക് സമീപത്തുനിന്നും കണ്ടെടുത്തിട്ടുണ്ട്. വിരലടയാള വിദഗ്ദ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ഇവിടുത്തെ കടകളില്‍ സ്ഥാപിച്ചിട്ടുള്ള സിസിടിവി കാമറാകളില്‍ മോഷ്ടാവിന്റെ ദ്യശ്യം പതിഞ്ഞിട്ടുണ്ടെന്ന നിഗമനത്തില്‍ ആ വഴിക്കും അന്വേഷണം നടത്തിയെങ്കിലും കാര്യമായ സൂചനകള്‍ കിട്ടിയിട്ടില്ല. ഒരാഴ്ച മുമ്പ് കടപ്പാട്ടൂര്‍ ക്ഷേത്ര ഗോപുരത്തിലെ കാണിക്കവഞ്ചി കുത്തിത്തുറക്കാന്‍ ശ്രമം നടന്നിരുന്നു. 24 മണിക്കൂറും വാഹനങ്ങളുള്ള പാലാ-ഏറ്റുമാനൂര്‍ ഹൈവേയുടെ വശത്തായി കൊട്ടാരമറ്റം ബസ് സ്റ്റാന്റിന് സമീപമാണ് കാണിക്കവഞ്ചിയും ചെറിയക്ഷേത്ര മാതൃകയും നിര്‍മ്മിച്ചിരിക്കുന്നത്. കോണ്‍ക്രീറ്റ് കെട്ടിനകത്തായാണ് കാണിക്കവഞ്ചി സ്ഥാപിച്ചിരുന്നത്. ഇത പ്രത്യേകതരത്തില്‍ മൂന്ന് തരത്തിലുള്ള ലോക്കുകളോടെ ഉറപ്പിച്ചവ ആയിരുത്തതിനാല്‍ കോണ്‍ക്രീറ്റ് തകര്‍ക്കാന്‍ മാത്രമാണ് മോഷ്ടാക്കള്‍ക്കായത്. മോഷണം വ്യാപകമായിരിക്കുമ്പോഴും പോലീസ് നിഷ്‌ക്രിയത്വം തുടരുകയാണ്. മോഷണക്കേസുകളില്‍ പ്രതികളെക്കുറിച്ച് ഒരു തുമ്പും ഉണ്ടാക്കാന്‍ പോലീസിനായിട്ടില്ലെന്ന് ആക്ഷേപമുണ്ട്. രാത്രി പട്രോളിംഗ് കാര്യക്ഷമമല്ലെന്നും പട്രോളിംഗ് വാഹനങ്ങള്‍ വാഹനപരിശോധനക്കായാണ് ഉപയോഗിക്കുന്നതെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്. സന്ധ്യമയങ്ങുന്നതോടെ നഗരത്തിന്റെ പലഭാഗത്തും സാമൂഹ്യവിരുദ്ധ ശല്യവും രൂക്ഷമായിരിക്കുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.