ലണ്ടന്‍ പാലം പൂട്ടുന്നു, മൂന്നു മാസത്തേക്ക്

Tuesday 20 September 2016 10:39 pm IST

ലണ്ടന്‍: 122 വര്‍ഷം പഴക്കമുള്ള ലണ്ടന്‍ പാലം അറ്റകുറ്റപ്പണിക്ക് ഒക്‌ടോബര്‍ ഒന്നു മുതല്‍ ഡിസംബര്‍ 30 വരെ അടയ്ക്കും. ടവര്‍ പാലമെന്നും പ്രസിദ്ധമാണിത്. പ്രതിദിനം 21,000 വാഹനങ്ങള്‍ കടന്നുപോകുന്ന, 40,000 ല്‍പരം പേര്‍ തെംസ് നദിയുടെ മറുകര കടക്കുന്നതാണ് പാലം. നൂറുകണക്കിന് ലോക വിനോദസഞ്ചാരികള്‍ ദിവസവും ലണ്ടന്‍ പാലം കാണാനെത്താറുണ്ട്. നിരവധി ഹോളിവുഡ്, ബോളിവുഡ്, മലയാളം ഉള്‍പ്പെടെ പ്രാദേശിക ഭാഷാ സിനിമകളുടെ ഷൂട്ടിങ് ലൊക്കേഷനായിട്ടുണ്ട് ലണ്ടന്‍ പാലം. 35 വര്‍ഷമായി അറ്റകുറ്റപ്പണി ചെയ്തിട്ട്. തുരുമ്പു പിടിച്ചിരിക്കുന്ന ഭാഗങ്ങള്‍ മാറ്റണം, പെയിന്റു ചെയ്യണം, കാര്യമായ ചില എഞ്ചിനീയറിങ് ജോലികള്‍ ചെയ്യണം. നാട്ടുകാര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതെ കുറ്റമറ്റ സംവിധാനം ഒരുക്കിയെന്നതാണ് പ്രത്യേകത. സൈക്കിള്‍ യാതക്കാര്‍ക്കും വാഹനങ്ങള്‍ക്കും ബസുകള്‍ക്കും കാല്‍നടക്കാര്‍ക്കും പ്രത്യേകം യാത്രാ സംവിധാനങ്ങള്‍ സിറ്റി ഓഫ് ലണ്ടന്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ ഇപ്പോഴേ പ്രഖ്യാപിച്ചുകഴിഞ്ഞു.  പാലത്തിനു മുകളിലെ കണ്ണാടിപ്പാലം ആദ്യ ലണ്ടന്‍ പാലത്തിന് 600 വര്‍ഷം പഴക്കമുണ്ടെന്നു പറയപ്പെടുന്നു. പില്‍ക്കാലത്ത് കോണ്‍ക്രീറ്റും ഇരുമ്പുംകൊണ്ട് പണിതീര്‍ത്തതാണ് ടവര്‍ പാലമെന്ന ലണ്ടന്‍ പാലം. ഇതിനു മുകളിലെ കണ്ണാടിപ്പാലമാണ് ഏറ്റവും അത്ഭുതം. പാലത്തിന് 140 അടി മുകളിലാണ് കണ്ണാടിപ്പാലം. അഞ്ചു തട്ടായി കണ്ണാടിയിട്ടിരിക്കുന്നു. വളരെ വ്യക്തമായി പാലവും പുറം കാഴ്ചകളും കാണാം. ലണ്ടന്റെ വിശാല കാഴ്ചയ്ക്ക് ഈ പാലത്തിനു മുകളില്‍ കയറുന്ന സഞ്ചാരികള്‍ ഏറെയാണ്. ദില്‍വാലെ ദുല്‍ഹനിയാ ലേ ജായേംഗേ, പര്‍ദേശ്, ഗോള്‍, ചക്‌ദേ ഇന്ത്യ തുടങ്ങിയ ഒട്ടേറെ ഹിറ്റ് ചിത്രങ്ങള്‍ക്ക് പാലം ലൊക്കേഷനായി. കഴിഞ്ഞ വര്‍ഷം ഇവിടെ ചിത്രീകരിച്ച ഇരുപതോളം ബോളിവുഡ് സിനിമകളില്‍ പാലമുണ്ട്. ലണ്ടന്‍ ബ്രിഡ്ജ് എന്ന മലയാളം സിനിമയുണ്ട്. ഉയരം കൂടിയ കപ്പലുകള്‍ കടന്നു പോകുമ്പോള്‍ പാലം നടുവില്‍ ഉയരുകയും പഴയസ്ഥിതിയിലാവുകയും ചെയ്യുന്ന രീതിയിലാണ് നിര്‍മ്മാണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.