അരനൂറ്റാണ്ടിന്റെ ചരിത്രവുമായി ഉപാദ്ധ്യായനം

Wednesday 21 September 2016 12:55 pm IST

ഉപാദ്ധ്യായനത്തിന്‍റെ ഉദ്ഘാടനത്തിന് ശേഷം ചിത്രങ്ങള്‍ കാണുന്ന കൈതപ്രം ദാമോദരന്‍ നമ്പൂതിരി. ബിജെപി ദേശീയ സെക്രട്ടറി എച്ച്. രാജ, സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍ തുടങ്ങിയവര്‍ സമീപം.

കോഴിക്കോട്: അരനൂറ്റാണ്ടുകാലത്തെ ചരിത്രത്തിലേക്കുള്ള പ്രയാണമായി ഉപാദ്ധ്യായനത്തിന് മിഴിതുറന്നു. ബിജെപി ദേശീയ കൗണ്‍സില്‍ സമ്മേളനത്തിന്റെ ഭാഗമായി കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കേളേജ് ഗ്രൗണ്ടിലാരംഭിച്ച പ്രദര്‍ശനമാണ് ഭാരതീയ ജനസംഘത്തിന്റെയും ബിജെപിയുടെയും അരനൂറ്റാണ്ടുകാലത്തെ വളര്‍ച്ചയുടെ ഘട്ടങ്ങള്‍ അടയാളപ്പെടുത്തുന്നത്.

ജനസംഘം അദ്ധ്യക്ഷനായിരുന്ന ദീനദയാല്‍ ഉപാദ്ധ്യായക്ക് സ്മരണാഞ്ജലിയായി ഉപാദ്ധ്യായനമെന്നാണ് പ്രദര്‍ശനത്തിന് പേരു നല്‍കിയിരിക്കുന്നത്. കടന്നുവന്ന വഴിത്താരകള്‍ കല്ലും മുള്ളും നിറഞ്ഞതായിരുന്നുവെന്നും ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ ജീവന്‍ നല്‍കിയാണ് ഈ പ്രസ്ഥാനം കെട്ടിപ്പടുത്തതെന്നും പ്രദര്‍ശനം ഓര്‍മ്മപ്പെടുത്തുന്നു.

ജനസംഘം അദ്ധ്യക്ഷനായിരുന്ന ദീനദയാല്‍ ഉപാദ്ധ്യായയുടെ ജീവിതത്തിലെ അപൂര്‍വ്വ നിമിഷങ്ങള്‍ ഒപ്പിയെടുത്ത ചിത്രങ്ങള്‍ ഏവരെയും ആകര്‍ഷിക്കുന്നതാണ്. 1967ല്‍ കോഴിക്കോട്ട് നടന്ന ഭാരതീയ ജനസംഘം സമ്മേളനത്തിന്റെ ദൃശ്യങ്ങളാണ് പ്രദര്‍ശന നഗരിയില്‍ എത്തുന്നവരെ സ്വാഗതം ചെയ്യുന്നത്. സമ്മേളനത്തിനെത്തിയ ദീനദയാല്‍ ഉപാദ്ധ്യായയെയും അടല്‍ ബിഹാരി വാജ്‌പേയിയെയും സ്വീകരിക്കുന്ന ചിത്രം മുതല്‍ ദീനദയാല്‍ ഉപാദ്ധ്യായ മടങ്ങിപ്പോകുന്നതുവരെയുള്ള ചിത്രങ്ങള്‍ പ്രദര്‍ശനിയിലെ സവിശേഷ സാന്നിധ്യമാണ്. സമ്മേളനത്തിലെ വിവിധ നിമിഷങ്ങള്‍, പ്രകടനം എന്നിവയെല്ലാം ചരിത്രത്തിന്റെ ഓര്‍മ്മപ്പെടുത്തലാവുന്നു.

ജനസംഘത്തിന്റെ ആദ്യ യോഗം മുതല്‍ പാര്‍ട്ടിയുടെ ചരിത്രവഴികളിലെ വളര്‍ച്ച വിവരിക്കുന്ന ചിത്രങ്ങളും പ്രദര്‍ശനിയില്‍ ഇടംപിടിച്ചിട്ടുണ്ട്. ദീനദയാല്‍ ഉപാദ്ധ്യായ പൊതുയോഗങ്ങളില്‍ സംസാരിക്കുന്നതിന്റെ ചിത്രങ്ങളും വാജ്‌പേയിക്കും മറ്റ് ജനസംഘം നേതാക്കള്‍ക്കും ഒപ്പമുള്ള ചിത്രങ്ങളുമുണ്ട്. അദ്ദേഹത്തിന്റെ മരണവുമായി ബന്ധപ്പെട്ട പത്രവാര്‍ത്തകളും ചിത്രങ്ങളും പ്രദര്‍ശനത്തിലുണ്ട്.

കേരളത്തിലെ സിപിഎം ക്രൂരതയുടെ നേര്‍ചിത്രമാവുകയാണ് പ്രദര്‍ശനത്തിന്റെ ഒരു ഭാഗം. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ സിപിഎം അക്രമത്തിനിരയായി ബലിദാനികളായ ദേശീയ പ്രസ്ഥാനത്തിന്റെ പതാകാവാഹകര്‍ പ്രദര്‍ശനത്തില്‍ അനുസ്മരിക്കപ്പെടുന്നു. സിപിഎം അക്രമ രാഷ്ട്രീയത്തിന്റെ ഭീകരതയും ഈ ചിത്രങ്ങള്‍ വിളിച്ചുപറയുന്നു. കേരളത്തില്‍ സിപിഎം നടത്തിയ ക്രൂരത വെളിപ്പെടുത്തുന്ന ചിത്രങ്ങള്‍ ഏവരുടെയും കരളലിയിപ്പിക്കുന്നതാണ്. സിപിഎം ഫാസിസത്തിന്റെ നേര്‍ചിത്രമാണ് ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നത്.

കേരളത്തിന്റെ രാഷ്ട്രീയ, സാംസ്‌കാരിക ചരിത്രത്തില്‍ ഉജ്ജ്വലമുഹൂര്‍ത്തങ്ങളായി അടയാളപ്പെടുത്തപ്പെട്ട അടിയന്തരാവസ്ഥ വിരുദ്ധ പ്രക്ഷോഭം, തളി ക്ഷേത്ര വിമോചനസമരം, മലപ്പുറം ജില്ലാ വിരുദ്ധസമരം, നിലയ്ക്കല്‍ പ്രക്ഷോഭം, ജയില്‍നിറയ്ക്കല്‍ സമരം, വിശാല ഹിന്ദുസമ്മേളനം, ഹിന്ദുസംഗമം വിവേകാനന്ദ സ്മാരക നിര്‍മ്മാണം, അമര്‍നാഥ് പ്രക്ഷോഭം, ശ്രീരാമസേതുപ്രക്ഷോഭം, മാറാട് പ്രക്ഷോഭം എന്നിവയെല്ലാം പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഏകതായാത്രയുടെ ഭാഗമായി ലാല്‍ചൗക്കില്‍ ദേശീയ പതാക ഉയര്‍ത്തുന്ന മുരളീമനോഹര്‍ ജോഷിയുടെയും നരേന്ദ്രമോദിയുടെയും ചിത്രത്തിന് ഇന്നത്തെ സാഹചര്യത്തില്‍ ഒരുപാട് പ്രാധാന്യമുണ്ട്.

കേരളത്തില്‍ ബിജെപി നടത്തിയ സാമൂഹ്യ ഇടപെടലുകള്‍, സമരങ്ങള്‍, മുന്നേറ്റങ്ങള്‍, ദേശീയ രാഷ്ട്രീയത്തില്‍ ബിജെപി ഉണ്ടാക്കിയ പരിവര്‍ത്തനം, പ്രധാനമന്ത്രി നരേന്ദ്ര മോദി നടപ്പിലാക്കിയ ജനക്ഷേമ പദ്ധതികള്‍, കേരളത്തിനായി അനുവദിച്ച പദ്ധതികള്‍, കേരളത്തിന്റെ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന പാരമ്പര്യ തൊഴിലുകളെക്കുറിച്ചുള്ള വിവരങ്ങള്‍, എന്നിവയെല്ലാം പ്രദര്‍ശനത്തെ നവ്യാനുഭവമാക്കി മാറ്റുന്നു.

യാഗാ ശ്രീകുമാര്‍ കണ്‍വീനറായ സമിതി സി.വി. സജിനി, ബിജെപി മുന്‍ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് രഞ്ജിത്ത്, കെ. ഷൈനു, ചന്ദ്രന്‍ തില്ലങ്കേരി എന്നിവരുടെ നേതൃത്വത്തിലാണ് പ്രദര്‍ശിനി തയ്യാറാക്കിയിരിക്കുന്നത്. പ്രദര്‍ശനം 25ന് സമാപിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.