കണ്ണൂര്‍: പയ്യന്നൂര്‍ ടൗണ്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് നിയമനങ്ങളില്‍ അഴിമതി ആരോപിച്ച് സമരം നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തല്ലിച്ചതച്ചു. ആക്രമണത്തില്‍ പരിക്കേറ്റ രണ്ടു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സ്ത്രീകള്‍ ഉള്‍പ്പടെയുള്ള സമരക്കാരെയാണ് ബാങ്ക് ജീവനക്കാരുടെ സഹായത്തോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചത്. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഭരണസമിതിയാണ് ബാങ്ക് ഭരിക്കുന്നത്. ഇന്ന് രാവിലെ മുതലാണ് ബാങ്കിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് അനിശ്ചിതകാല സമരം തുടങ്ങിയത്. സമരം തുടങ്ങി നിമിഷങ്ങള്‍ക്കകം തന്നെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്ഥലത്ത് എത്തി ബോര്‍ഡുകള്‍ നശിപ്പിക്കുകയും കസേരകള്‍ വലിച്ചെറിയുകയും ചെയ്തു. ഇതിനെ ചെറുത്ത യൂത്ത് കോണ്‍ഗ്രസുകാരെ മര്‍ദ്ദിച്ച് അവശരാക്കി. പയ്യന്നൂര്‍ പോലീസ് സ്ഥലത്ത് എത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കിയത്.
ഈയടുത്തകാലത്ത് വിവിധ തസ്തികകളിലായി മൂന്ന് നിയമനങ്ങള്‍ ബാങ്കില്‍ നടന്നിരുന്നു. കോഴ വാങ്ങിയാണ് ഈ നിയമനങ്ങള്‍ നടത്തിയതെന്നാണ് യൂത്ത് കോണ്‍ഗ്രസിന്റെ ആരോപണം. മര്‍ദ്ദനമേറ്റെങ്കിലും സമരം തുടരാന്‍ തന്നെയാണ് യൂത്ത് കോണ്‍ഗ്രസിന്റെ തീരുമാനം. സ്ഥലത്ത് പോലീസ് ശക്തമായ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: