ചങ്ങനാശ്ശേരിയില്‍ ജലവിതരണം അലങ്കോലപ്പെട്ടു

Wednesday 21 September 2016 9:42 pm IST

ചങ്ങനാശ്ശേരി: ജലവിതരണവകുപ്പിന്റെ അനാസ്ഥമൂലം ചങ്ങനാശ്ശേരിയിലെ ജലവിതരണം അലങ്കോലമായി. രണ്ടാഴ്ചയോളം നിര്‍ത്തിവച്ച ജലവിതരണം പുനഃസ്ഥാപിച്ചതിന് തൊട്ടുപിന്നാലെ വീണ്ടും രണ്ടുതവണ വിതരണം തടസ്സപ്പെട്ടു. കെഎസ്ടിപി റോഡ് നിര്‍മ്മാണ ഭാഗമായി തകര്‍ന്ന ജലവിതരണക്കുഴലുകളുടെ അറ്റകുറ്റപണികള്‍ക്കായാണ് രണ്ടാഴ്ച ജലവിതരണം നിര്‍ത്തിവച്ചിരുന്നത്. ഉത്രാടനാളില്‍ പുനഃസ്ഥാപിച്ച വിതരണം തിരുവോണദിവസം വീണ്ടും തടസ്സപ്പെട്ടു. പെരുന്ന പമ്പ് ഹൗസിലെ ട്രാന്‍സ്‌ഫോര്‍മര്‍ പണിമുടക്കിയതിനെ തുടര്‍ന്ന് രണ്ടുതവണയാണ് ജലവിതരണം നിര്‍ത്തിവച്ചത്. ഓണക്കാലത്ത് കുടിവെള്ളമില്ലാതെ ജനങ്ങള്‍ നെട്ടോട്ടത്തിലായിരുന്നു. കാലപ്പഴക്കം ചെന്ന വൈദ്യുതലൈനിലെ ഉപകരണങ്ങള്‍ മാറ്റി പുതിയത് പിടിപ്പിച്ചാല്‍ മാത്രമേ പ്രശ്‌നപരിഹാരമാവൂ. പമ്പ് ഹൗസിലെ ട്രാന്‍സ്‌ഫോര്‍മറിരിക്കുന്നതിനു സമീപം വന്‍ വൃക്ഷങ്ങള്‍ വളര്‍ന്ന് ഹൈടെന്‍ഷന്‍ ലൈനിലേക്ക് ശിഖരങ്ങള്‍ വീണ് വൈദ്യുതി തകരാറില്‍ ആകുന്നസ്ഥിതിവിശേഷവും നിലനില്‍ക്കുന്നുണ്ട്. ചെറുകരക്കുന്നിലേക്ക് വെള്ളം പമ്പ് ചെയ്യുന്നതിനുള്ള 120 എച്ച്പി മോട്ടോറില്‍നിന്നാണ് മലയില്‍കുന്നിലെ വാട്ടര്‍ ടാങ്കിലേക്ക് വെള്ളം പമ്പ് ചെയ്യുന്ന കുഴല്‍ ഘടിപ്പിച്ചിരിക്കുന്നത്. ഇത് വലിയ ബുദ്ധിമുട്ടും അപകടത്തിനും കാരണമാകും. പുതിയ 40 എച്ച്പി മോട്ടോര്‍ സ്ഥാപിച്ച് മലയില്‍ക്കുന്നിലേക്കുള്ള വിതരണം സുഖമവും അപകടരഹിതവുമാക്കുന്നതിനുള്ള അടിയന്തിര നടപടികളാണ് ആവശ്യം. ട്രാന്‍സ്‌ഫോര്‍മറും മറ്റുസംവിധാനങ്ങളും കുറ്റമറ്റതാക്കി തീര്‍ക്കുന്നതിനുള്ള പണികളും ചെയ്താല്‍ മാത്രമേ പ്രശ്‌നത്തിനു ശാശ്വത പരിഹാരമാകൂ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.