ഇനി നമുക്ക്‌ ഇ-ടോയ്‌ലറ്റ്‌!

Wednesday 21 March 2012 8:55 pm IST

ഹരിതവിപ്ലവം ധവളവിപ്ലവം, വഴുതനവിപ്ലവം തുടങ്ങിയവയ്ക്കുശേഷം കേരളരാജ്യം സാക്ഷ്യം വഹിക്കുന്ന പുതിയ വിപ്ലവമാണ്‌ ടോയ്‌ലറ്റ്‌ വിപ്ലവം. വെറും ടോയ്‌ലറ്റല്ല, ഇ-ടോയ്‌ലറ്റ്‌, കുറഞ്ഞവില ഒന്നിനു മൂന്നരലക്ഷം രൂപ, കൂടിയതിന്‌ എട്ടരലക്ഷം. ഇ-ടോയ്‌ലറ്റിന്റെ വ്യാപനത്തില്‍ പഞ്ചായത്തു-മുനിസിപ്പല്‍-നഗരസഭാ-അധ്യക്ഷന്മാര്‍ ആവേശത്തിലാണ്‌. ലക്ഷങ്ങള്‍ മറിയുന്ന ഏര്‍പ്പാടാണല്ലോ? രാമന്‍ നായരും സന്തുഷ്ടനാണ്‌. പുതിയ ടെക്നോളജി വരുമ്പോള്‍ നാം പുറംതിരിഞ്ഞു നിന്നുകൂടാ, പഴഞ്ചനെന്നു മുദ്രകുത്തും. ട്രാക്ടര്‍ വന്നപ്പോള്‍ എതിര്‍ത്തില്ലേ, മെതി യന്ത്രം, കമ്പ്യൂട്ടര്‍ ഇവയൊക്കെ വന്നപ്പോഴും എതിര്‍ത്തില്ലേ, പക്ഷെ എന്തുണ്ടായി? മൊബെയിലില്‍ കെട്ടിമറിയാതെ ഇന്ന്‌ ജനത്തിന്‌ ഉറങ്ങാന്‍ പറ്റാതായി. ടെക്നോഫോബിയ ഒരിക്കലും പാടില്ല, രാമന്‍നായര്‍ തലകുലുക്കി സമ്മതിച്ചു. നാം എതിര്‍ത്താലും വരാനുള്ളത്‌ വഴിയില്‍ തങ്ങില്ല.
പണ്ടു രാജഭരണകാലത്ത്‌ സൗജന്യമായി ഉപയോഗിക്കാവുന്ന ശൗചാലയങ്ങള്‍ ഉണ്ടായിരുന്നു, അവ വൃത്തിയായി സൂക്ഷിച്ചുപോന്നിരുന്നു. ഇന്ന്‌ കംഫര്‍ട്ടുസ്റ്റേഷനുകളാണ്‌, അതും ബസ്സ്റ്റേഷനിലും റെയില്‍വേ സ്റ്റേഷനിലും മാത്രം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക്‌ ഇവ സൂക്ഷിക്കുന്നതില്‍ താല്‍പ്പര്യമില്ല. എന്തിനധികം പറയുന്നു, മത്സ്യമാര്‍ക്കറ്റുകള്‍ തന്നെ അപ്രത്യക്ഷമായി, പകരം മീന്‍ കച്ചവടം ഹൈവേയിലല്ലേ?
ഇ-ടോയ്‌ലറ്റ്‌ വന്നതോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഇ-ടോയ്‌ലറ്റിന്റെ വിശേഷങ്ങള്‍ നിരത്തുകയാണ്‌. എന്തൊക്കെയാണ്‌ വിശേഷങ്ങള്‍? ഇ-ടോയ്‌ലറ്റ്‌ സ്ഥാപിക്കാന്‍ ഇരുപത്‌ സ്ക്വയര്‍ഫീറ്റ്‌ സ്ഥലം മതി, മൂന്നരലക്ഷം രൂപാമതി. ഓരോ ഫ്ലഷിനും 5ലിറ്റര്‍ വെള്ളം മാത്രം മതി. എട്ടരലക്ഷം മുടക്കിയാല്‍ ഈ അഞ്ചുലിറ്റര്‍ വെള്ളവും റി-സൈക്കിള്‍ ചെയ്തു തിരികെത്തും. അങ്ങനെയൊത്തിരിവിശേഷങ്ങള്‍. ടോയ്‌ലറ്റ്‌ ഉപയോഗിക്കുകയെന്നത്‌ സാധാരണ ജനത്തെ സംബന്ധിച്ചിടത്തോളം ഒരു സ്വാഭാവിക ഇടപെടലാണെങ്കിലും ടോയ്‌ലറ്റിന്റെ പ്രവര്‍ത്തനം അത്ര സ്വാഭാവികമല്ല. ഇടപാടുകാരന്‍ നിക്ഷേപിക്കുന്ന സാധനം ബാക്ടീരിയ വിമുക്തമാക്കി പൊടിരൂപത്തിലാക്കും. വളമായി വിതരണം ചെയ്യും, ആവശ്യമുണ്ടെങ്കില്‍ ഇടപാടുകാരന്‍ തന്നെ ഇ-കൊമേഴ്സുവഴി പാഴ്സലായി തിരികെ അയച്ചുകൊടുക്കും. കമ്പ്യൂട്ടര്‍, വെബ്‌, മൊബെയില്‍ ബ്ലൂടൂത്ത്‌, യൂറോപ്യന്‍ ക്ലോസറ്റ്‌ എന്നിവയുടെ സമഞ്ജസ സമ്മേളനം, ഇ-ടോയ്‌ലറ്റിന്റെ നാലു ചുവരും പരസ്യത്തിന്‌ നല്‍കും, ടോയ്‌ലറ്റ്‌ കാവല്‍ക്കാരന്‌ എക്സിക്യൂട്ടീവ്‌ ലുക്ക്‌, കോട്ടും സ്യൂട്ടും കഴുത്തിലെ നാടയില്‍ തൂക്കിയ നെയിംപ്ലേറ്റും ഇടപാടുകാരന്‍ ആകെ ചെയ്യേണ്ടത്‌ ടോയ്‌ലറ്റ്‌ ഡോറിലെ സ്ലോട്ടില്‍ നാണയം തിരുകുകയും ഇരുന്നുകൊടുക്കുകയും മാത്രം!
നിലവിലെ പാരമ്പര്യ ടോയ്‌ലറ്റില്‍ ഒരുകപ്പ്‌ വെള്ള മൊഴിക്കാന്‍ സൗകര്യമൊരുക്കാത്ത പഞ്ചായത്ത്‌-മുനിസിപ്പല്‍-നഗരസഭാ അധികാരികളാണ്‌ ഇ-ടോയ്‌ലറ്റിന്റെ പുറകേ പോവുന്നത്‌. പക്ഷെ എഴ്‌ വര്‍ഷം കഴിഞ്ഞാല്‍ എട്ടരലക്ഷം ആവിയാകും. ഇ-ടോയ്‌ലറ്റിന്റെ കാലാവധി ഏഴുവര്‍ഷമാണ്‌. അതുകഴിഞ്ഞാല്‍ ഐ-ടോയ്‌ലറ്റ്‌, അതായത്‌ ഇന്റലിജന്‍സ്‌ ടോയ്‌ലറ്റ്‌.
ഐ-ടോയ്‌ലറ്റാകുമ്പോള്‍ തുക യെന്നിലൊ ഡോളറിലൊ നല്‍കണം. ഇതിന്‌ സ്പെഷ്യല്‍ എഫക്ട്‌ കൂടുതലാണ്‌. പെര്‍ഫ്യൂ സ്പ്രേ, ഓഡിയോ-വീഡിയോ പ്രോഗ്രാം, ബിപി, ഷുഗര്‍, ബോഡി ടെമ്പറേച്ചര്‍ ഇവയളക്കാന്‍ സംവിധാനം, അങ്ങനെ പലതും. ഇ-വേണ്ട, നമുക്ക്‌ ഐ-മതിയെന്ന്‌ കൂത്രപ്പള്ളി പഞ്ചായത്തു പ്രസിഡന്റ്‌ പറഞ്ഞാല്‍ എങ്ങനെ പറ്റില്ലെന്ന്‌ പറയും?
കെ.എ.സോളമന്‍പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.