ഈ ദുരന്തത്തില്‍ നാടു കേഴുന്നു

Thursday 22 September 2016 10:11 am IST

കോഴിക്കോട് ജില്ലയിലെ കുറ്റ്യാടിക്കടുത്ത് പശുക്കടവിലുണ്ടായ ദുരന്തം ഒരു നാടിനെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. ഒരു സുഹൃത്തിന്റെ വീട് കോണ്‍ക്രീറ്റിംഗ് കഴിഞ്ഞ ശേഷം പുഴയില്‍ കുളിക്കവെയാണ് മലവെള്ളപ്പാച്ചിലിന്റെ രൂപത്തില്‍ ആറു യുവാക്കളെ മരണം കവര്‍ന്നെടുത്തത്. ഞായറാഴ്ച വൈകിട്ടുണ്ടായ അപകടത്തില്‍ മരിച്ച ആറുപേരുടെയും ഭൗതിക ശരീരങ്ങള്‍ കണ്ടെടുത്തു. നേരത്തെയും അപകടങ്ങള്‍ ഉണ്ടായ സ്ഥലമാണ് പശുക്കടവിലെ കടന്തറപ്പുഴയോരം. ആരെയും മോഹിപ്പിക്കുന്ന തരത്തില്‍ വളഞ്ഞുപുളഞ്ഞൊഴുകുന്ന പുഴ പക്ഷെ, പെട്ടെന്നാണ് രാക്ഷസീയ ഭാവം പ്രാപിക്കുന്നത്. കാണക്കാണെ വെള്ളം ഉയര്‍ന്ന് കുത്തിയൊലിച്ചുപോകുന്ന രീതിയാണ്. എത്ര വിദഗ്ധനായ നീന്തല്‍ക്കാരനും രക്ഷപ്പെടാന്‍ ബുദ്ധിമുട്ടാണ്. പുഴയുടെ പരിസരങ്ങളില്‍ നല്ല അന്തരീക്ഷമാണെങ്കിലും മലമ്പ്രദേശങ്ങളില്‍ മഴ പെയ്താല്‍ വെള്ളം കുത്തിയൊലിച്ചാണ് വരിക. എല്ലാം തട്ടിത്തകര്‍ത്ത് പോവും. പുഴയെക്കുറിച്ച് ശരിക്കറിയുന്നവര്‍ക്കു പോലും അപകടത്തില്‍നിന്ന് രക്ഷപ്പെടാനാവില്ല എന്നാണ് യുവാക്കളുടെ ദുരന്തം തെളിയിക്കുന്നത്. ദുരന്തത്തിനടിപ്പെട്ട യുവാക്കളൊക്കെ സമീപ പ്രദേശത്തുള്ളവരാണ്. പാറക്കെട്ടും വളഞ്ഞുപുളഞ്ഞുപോകുന്ന വെള്ളത്തിന്റെ ഒഴുക്കും രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് വലിയ തടസ്സം തന്നെയാണ്. ഒമ്പതുപേരില്‍ മൂന്നു പേര്‍ രക്ഷപ്പെട്ടത് ഭാഗ്യം ഒന്നുകൊണ്ടുമാത്രം. പ്രദേശവാസികളും ദുരന്ത നിവാരണ സേനാംഗങ്ങളും ഫയര്‍ ആന്റ് റസ്‌ക്യൂ വിഭാഗവും കൈമെയ് മറന്ന് കാണാതായവര്‍ക്കുവേണ്ടി അങ്ങേയറ്റത്തെ പരിശ്രമം തന്നെയാണ് നടത്തിയത്. അതുകൊണ്ടാണ് ദുഷ്‌കരമായ വഴിയില്‍ നിന്ന് ആറുപേരുടെ ശരീരങ്ങള്‍ വീണ്ടെടുക്കാനായത്. കടന്തറപ്പുഴയില്‍ യുവാക്കള്‍ നിരന്തരം കുളിക്കാനും നീന്താനും എത്തുമ്പോള്‍ നാട്ടുകാര്‍ അപകടമുന്നറിയിപ്പ് നല്‍കാറുണ്ട്. എന്നാല്‍ പലരും അതവഗണിക്കാറാണ് പതിവ്. പിന്നീട് ആരും ഇതിനെക്കുറിച്ച് വിശദീകരിക്കാറില്ല. അതോടെ പുഴയുടെ വശ്യതയിലേക്കുള്ള യുവാക്കളുടെ ചാട്ടത്തിന് സര്‍വ സ്വാതന്ത്ര്യവും ലഭിക്കുകയും ചെയ്യുന്നു. ഉത്സവവേളകളില്‍ പുഴയുടെ സൗന്ദര്യം നുകരുക എന്ന ഒറ്റ ആഗ്രഹമേ അവര്‍ക്കുണ്ടാവൂ. വരുംവരായ്കകളെക്കുറിച്ച് തികഞ്ഞ അജ്ഞതയാണ് ഇത്തരമൊരു ദുരന്തത്തിന് ഹേതുവായത്. തെളിഞ്ഞൊഴുകുന്ന പുഴ കാണുമ്പോള്‍ ആര്‍ക്കുമൊന്നു ചാടാന്‍ തോന്നുക സ്വാഭാവികം. എന്നാല്‍ ഒരിക്കലും ഈ പുഴയെ വിശ്വസിക്കരുതെന്ന അഭിപ്രായക്കാരാണ് പ്രദേശവാസികള്‍. കാരണം മലമുകളില്‍ മഴ പെയ്താല്‍ മിനിറ്റുകള്‍ക്കകം പുഴ രൗദ്രഭാവം പൂണ്ട് കുതിച്ചൊഴുകും. ഞായറാഴ്ചയും സംഭവിച്ചത് അതാണ്. പ്രകൃതിക്ഷോഭങ്ങള്‍ക്കും ദുരന്തങ്ങള്‍ക്കും വ്യാപകമായ സാധ്യതയുള്ള സ്ഥലങ്ങളാണ് കോഴിക്കോട് ജില്ലയിലെ മലയോരപ്രദേശങ്ങള്‍. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവ സ്ഥിരമായി ഉണ്ടാകുന്ന ജില്ലയില്‍ ദുരന്ത പ്രതിരോധ നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രീകൃതമായ സംവിധാനം അത്യാവശ്യമാണ്. ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍ (ഇഒസി) ഇത്തരമൊരുകാര്യം കണക്കിലെടുത്താണ് നിലവില്‍ വന്നത്. ദുരന്തങ്ങളുണ്ടാവുമ്പോള്‍ കലക്ടര്‍ക്കാണ് അതിന്റെ ഏകോപനവും നിയന്ത്രണവും. പശുക്കടവിലെ ദുരന്തം അറിഞ്ഞതു മുതല്‍ ഈ കേന്ദ്രം സ്തുത്യര്‍ഹമായ തരത്തില്‍ ഇടപെട്ടത് ആശ്വാസമായി. 2005ലെ ദുരന്ത നിവാരണ നിയമപ്രകാരമാണ് ഇത്തരമൊരു കേന്ദ്രം നിലവില്‍ വന്നത്. കേന്ദ്ര നിര്‍ദ്ദേശമനുസരിച്ചാണിത്. റവന്യൂ-ആരോഗ്യ വകുപ്പ് പ്രവര്‍ത്തകരുടെയും ജില്ലാ ഭരണകൂടത്തിന്റെയും ഇഴുകിച്ചേര്‍ന്നുള്ള പ്രവര്‍ത്തനം സാധ്യമാക്കാന്‍ ഇതിനായി എന്നത് എടുത്തുപറയേണ്ടതാണ്. ഇനി ദുരന്തനിവാരണ സേനാ കേന്ദ്രമാണ് വേണ്ടത്. അതിന് 4.5 ഏക്കര്‍ സ്ഥലം കണ്ടെത്തി കലക്ടര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. സ്ഥലം കിട്ടുന്ന മുറയ്ക്ക് കേന്ദ്രം ആരംഭിക്കാമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഉറപ്പു നല്‍കിയിട്ടുമുണ്ട്. ഇത്തരം കേന്ദ്രം ഇല്ലാത്തതിനാല്‍ മറ്റു സംസ്ഥാനത്തു നിന്ന് സേനാംഗങ്ങള്‍ എത്തണം. അപ്പോഴേക്കും അപകടത്തിന്റെ വ്യാപ്തി കൂടും. അപകട കേന്ദ്രങ്ങളില്‍ വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന സംവിധാനം ഏര്‍പ്പെടുത്തുകയും ജാഗ്രത പാലിക്കാന്‍ ജനങ്ങള്‍, പ്രത്യേകിച്ച് യുവാക്കള്‍ തയാറാവുകയും ചെയ്‌തെങ്കിലേ ഇത്തരം ദുരന്തങ്ങള്‍ സംഭവിക്കാതിരിക്കൂ. നാടിനു കരുത്തുപകരേണ്ട നവയൗവനങ്ങള്‍ കാലയവനികയ്ക്കുള്ളിലേക്ക് പൊടുന്നനെ മറയുമ്പോള്‍ കണ്ണീര്‍ തോരാത്ത അവരുടെ കുടുംബങ്ങള്‍ നിസ്സഹായരാവുകയാണ്; നാട് പരിതപിക്കുകയാണ്. അത്തരം കുടുംബങ്ങള്‍ക്ക് അര്‍ഹമായ സഹായധനങ്ങള്‍ നല്‍കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണം. കുടുംബങ്ങളുടെ കണ്ണീരൊപ്പാന്‍ അതിനൊപ്പം യുക്തിസഹമായ പദ്ധതികളും ഉണ്ടാവണം. ദുരന്തം വിടാതെ പിന്തുടര്‍ന്ന പ്രദേശത്ത് എന്തൊക്കെ ജാഗ്രതാ നീക്കങ്ങള്‍ വേണമെന്നതിനെക്കുറിച്ച് എല്ലാ കക്ഷികളെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള തുറന്ന ചര്‍ച്ച നടത്തണം. തുടര്‍ നടപടികളും ഉണ്ടാവണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.