കാഞ്ഞങ്ങാട്: ബിജെപി ദേശീയ കൗണ്‍സില്‍ നാളെ കോഴിക്കോട്ട് ആരംഭിക്കുമ്പോള്‍ 49 വര്‍ഷം മുമ്പ് കോഴിക്കോട്ടു നടന്ന ജനസംഘം ദേശീയ കൗണ്‍സിലിന്റെ ഓര്‍മ്മകളാണ് കാഞ്ഞങ്ങാട് കാരാട്ടുവയല്‍ അളറായി സ്വദേശി മോഹന്‍ കാമത്തിനുള്ളത്. കാഞ്ഞങ്ങാട്ട് കോഴിത്തീറ്റ വ്യാപാരിയും കോട്ടച്ചേരി സര്‍വ്വീസ് സഹകരണ ബാങ്ക് പിഗ്മി കളക്ഷന്‍ ഏജന്റുമാണ് മോഹന്‍ കാമത്ത്(66).
1967ല്‍ സാമൂതിരി ഹൈസ്ക്കൂളില്‍ നടന്ന ദേശീയ കൗണ്‍സിലില്‍ പ്രതിനിധിയായിരുന്നു അന്ന് 17വയസുള്ള കാമത്ത്. അവിഭക്ത കണ്ണൂര്‍ ജില്ലയില്‍ നിന്നും നൂറോളം പ്രതിനിധികള്‍ പ്രത്യേക തീവണ്ടിയിലാണ് യാത്ര തിരിച്ചത്. അന്നത്തെ ബാഡ്ജ് ഇന്നും കാത്തു സൂക്ഷിക്കുന്നു. കെ.ജി.മാരാര്‍, എം.ഉമാനാഥ റാവു, കൊവ്വല്‍ ദാമോദരന്‍, പ്രഭാകര്‍ റാവു, കെ.വി.ഗോവിന്ദന്, എസ്.കെ.കുട്ടന്, എം.ബാവണ്ണ റാവു, ലക്ഷ്മണന്, കഴിഞ്ഞ ദിവസം അന്തരിച്ച ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം കാസര്‍കോട്ടെ ആര്.ഗണേശന് തുടങ്ങിയവര്‍ പ്രതിനിധികളായിരുന്നു.
ഏലത്തുരാണ് താമസ സൗകര്യമൊരുക്കിയത്. ഇവിടെ നിന്ന് സമ്മേളന നഗരിയിലേക്ക് എത്താന്‍ തീവണ്ടി സൗകര്യം ഒരുക്കിയിരുന്നു. 1975 ല്‍ അടിയന്തരാവസ്ഥ കാലത്ത് ജന്മഭൂമിയുടെ കാഞ്ഞങ്ങാട് ഏജന്റായിരുന്നു മോഹന്‍ കാമത്ത്. കോഴിക്കോട് സമ്മേളനത്തില്‍ പങ്കെടുക്കുന്നതിലുള്ള സന്തോഷത്തിലാണ് മോഹന്‍ജി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: