കബനി കനിയാതെ ജലപൂജ മുടങ്ങി

Wednesday 21 September 2016 11:51 pm IST

എച്ച്ഡി കോട്ട/കല്‍പ്പറ്റ: വയനാട്ടില്‍ കാലവര്‍ഷം ദുര്‍ബലമായത് കര്‍ണാടകക്കാരുടെ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയായി. വയനാട്ടിലെ കാലവര്‍ഷമാണ് കര്‍ണാടകയിലെ ബീച്ചനഹള്ളി ഡാമിന്റെ ജലസ്രോതസ്സ്. സാധാരണ ആഗസ്റ്റില്‍ അണക്കെട്ട് നിറയും, മുഖ്യമന്ത്രിയും മന്ത്രിമാരും കര്‍ഷകരും ബീച്ചനഹള്ളിയിലെത്തി ജലപൂജ നടത്തും. ഇക്കൊല്ലം ജലപൂജ നടന്നില്ല. ഡാം കവിയാതെ കബനിയിലെ ജലമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. വയനാട്ടില്‍ മഴ കുറഞ്ഞാല്‍ ഡാം ശുഷ്‌ക്കമാകും.ഈ വെള്ളമുപയോഗിച്ച് എച്ച് ഡി കോട്ട താലൂക്കില്‍ മാത്രം 3000 ഏക്കറില്‍ പച്ചക്കറികൃഷി ചെയ്യുന്നു. ഇടവപ്പാതി ദുര്‍ബലമായിരുന്ന വയനാട്ടില്‍ വേനലിലേതുപോലെ ഒറ്റപ്പെട്ട മഴയാണ് പെയ്തത്. ജൂണ്‍ 27, 28, 29 തീയതികളില്‍ മാത്രം കാലവര്‍ഷം കലിതുള്ളി. പ്രതിവര്‍ഷം ശരാശരി 3000 മില്ലീമീറ്റര്‍ മഴ പെയ്തിരുന്ന ഇവിടെ ഏതാനും വര്‍ഷങ്ങളായി മഴ കാര്യമായി കുറഞ്ഞു. 2012ല്‍ 1094.2, 2013ല്‍ 2070, 2014ല്‍ 1808, 2015ല്‍ 1942.8 മില്ലീമീറ്റര്‍ മഴയാണ് ലഭിച്ചത്. ഈ വര്‍ഷം ഏറ്റവും കുറച്ച് മഴ ലഭിച്ച ജില്ലയാണ് വയനാട്. ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ വയനാട്ടില്‍ പെയ്ത മഴയില്‍ 59 ശതമാനം കുറവ് ഉണ്ടായി. തൃശൂര്‍ ജില്ലയില്‍ 42, മലപ്പുറത്ത് 38, പാലക്കാട് 34, ശതമാനം മഴക്കുറവാണ് കണക്കാക്കിയത്. അമ്പലവയല്‍ മേഖല കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ രേഖപ്പെടുത്തിയതനുസരിച്ച് വയനാട്ടില്‍ 2016 ജനുവരി മുതല്‍ ജൂലൈ വരെ 1011 മില്ലീമീറ്റര്‍ മഴകിട്ടി. 20 ടി.എം.സി. ജലമാണ് ബീച്ചനഹള്ളി അണക്കെട്ടിന്റെ സംഭരണശേഷി. മൈസൂര്‍, ബംഗളൂരു സിറ്റികളിലേക്കുള്ള കുടിവെള്ളം ബീച്ചനഹള്ളി ഡാമില്‍ നിന്നാണ്. ബീച്ചനഹള്ളി അണക്കെട്ടിലെ വെള്ളം കൂറ്റന്‍ ടണലുകള്‍ വഴി അഞ്ച് കി.മീ. അകലെയുള്ള താരക അണക്കെട്ടിലും എത്തിക്കുന്നുണ്ട്. പ്രതിവര്‍ഷം 90 ടി.എം.സി. ജലമാണ് കബനി വഴി കര്‍ണാടകയിലെ കാവേരിയിലെത്തുന്നത്. എന്നാല്‍ കേരളത്തിന് ഉപയോഗിക്കാവുന്ന 21 ടി.എം.സി. വയനാടിന് അര്‍ഹതപ്പെട്ടതാണെങ്കിലും അഞ്ച് ടി.എം.സി. മാത്രമെ ഉപയോഗപ്പെടുത്തുന്നുള്ളു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.