ഗുരുദേവ ദര്‍ശനം അംഗീകരിച്ചതാണ് കേരളത്തിന്റെ ഏറ്റവും വലിയ നേട്ടം: ഉമ്മന്‍ചാണ്ടി

Thursday 22 September 2016 12:03 am IST

വര്‍ക്കല: ഗുരുവിന്റെ ജീവിതത്തെയും ദര്‍ശനങ്ങളെയും അംഗീകരിച്ചതാണ് കേരളത്തിന്റെ ഏറ്റവും വലിയ നേട്ടമെന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. 89-ാമത് ശ്രീനാരായണ ഗുരു സമാധി ദിനാചരണനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉന്നത വിദ്യാഭ്യാസ രംഗത്ത് ഗുരുവിനെ കുറിച്ചുള്ള പഠനങ്ങളും ഗവേഷണങ്ങളും നടത്തുവാന്‍ ഉള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നും ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു. ജാതിചിന്ത കൊണ്ട് കലുഷിതമായിരുന്ന കാലഘട്ടത്തില്‍ ഗുരുദേവ ദര്‍ശനമായിരുന്നു ഏക പരിഹാരമാര്‍ഗ്ഗമെന്ന് മുഖ്യപ്രഭാഷകനായ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു. ശ്രീനാരായണ ധര്‍മ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി പ്രകാശാനന്ദ അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ ജപയജ്ഞം ഉദ്ഘാടനം ചെയ്തു. സ്വാമി ഗുരുപ്രസാദ്, സ്വാമി പരാനന്ദ, സ്വാമി സച്ചിതാനന്ദ, സ്വാമി സര്‍വ്വേശ്വരാനന്ദ, സ്വാമി സൂക്ഷ്മാനന്ദ, സ്വാമി അമേയാനന്ദ, സ്വാമി വിശാലന്ദ, ഡോ:എ. സമ്പത്ത് എംപി, നഗരസഭ ചെയര്‍ പേഴ്‌സണ്‍ ബിന്ദു ഹരിദാസ്, വര്‍ക്കല കഹാര്‍, ഗുരുധര്‍മ്മ പ്രചാരണ സഭ കേന്ദ്ര വൈസ് പ്രസിഡന്റ് കെ.കെ .കൃഷ്ണനാന്ദ ബാബു, രജിസ്ട്രാര്‍ വി.ടി.ശശീന്ദ്രന്‍, ദേശപാലന്‍ പ്രദീപ്, പ്രേമാനന്ദന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഗുരുദേവ സമാധിയോടനുബന്ധിച്ചു ശാരദ മഠത്തില്‍ പ്രത്യേകം തയാറാക്കിയ പന്തലില്‍ കലശപൂജ സുഗതന്‍ തന്ത്രിയുടെ നേതൃത്വത്തില്‍ നടന്നു. ജനറല്‍ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ കലശം തലയിലേറ്റി മഹാസമാധിയില്‍ എത്തിച്ചു. തുടര്‍ന്നു സ്വാമി പ്രകാശനന്ദയുടെ നേതൃത്വത്തില്‍ കലശാഭിഷേകവും മറ്റ് പൂജാകര്‍മ്മങ്ങളും നടന്നു. മഹാസമാധി പൂജയില്‍ പങ്കെടുക്കുന്നതിനായി നാടിന്റെ നാനാഭാഗത്ത് നിന്നുഭക്തജനങ്ങള്‍ ശിവഗിരിയില്‍ എത്തി ചേര്‍ന്നിരുന്നു. പൂജകള്‍ക്ക് ശേഷം ഗുരുപൂജ ഹാളില്‍ കഞ്ഞി സദ്യയും നടന്നു. ഗുരു സമാധിയോടനുബന്ധിച്ചു ഗുരുമന്ദിരങ്ങളിലും എസ്എന്‍ഡിപി ഉള്‍പ്പെടെ വിവിധ സംഘടനകളുടെ നേതൃത്വത്തിലും കഞ്ഞി സദ്യയും പായസസദ്യയും നടന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.