പാക്കിസ്ഥാന് പേടി

Thursday 22 September 2016 12:13 am IST

ന്യൂദല്‍ഹി: ഉറി ഭീകരാക്രമണത്തിനു ശേഷമുള്ള ഭാരതത്തിന്റെ നീക്കത്തില്‍ പാക്കിസ്ഥാന് പേടി. വ്യോമാക്രമണം ഭയന്ന് ഗില്‍ഗിത്-ബാള്‍ട്ടിസ്ഥാന്‍ ഉള്‍പ്പെടുന്ന വടക്കന്‍ മേഖലയാകെ അവര്‍ വ്യോമഗതാഗതം നിര്‍ത്തി. ഹൈവേകളിലും നിയന്ത്രണമുണ്ട്. ന്യൂയോര്‍ക്കിലുള്ള പ്രധാനമന്ത്രി നവാസ് ഷെരീഫ് സൈനിക മേധാവി റഹീല്‍ ഷെരീഫുമായി ഫോണ്‍ ചര്‍ച്ച നടത്തി. പാക് ഭീകരതക്കെതിരെ ശക്തമായി തിരിച്ചടിക്കാന്‍ സൈന്യത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍ദ്ദേശം നല്‍കി. നടപടി മയപ്പെടുത്തേണ്ടതില്ലെന്നും ശക്തമായ മറുപടി നല്‍കണമെന്നും മോദി സൈനിക, അര്‍ദ്ധ സൈനിക വിഭാഗങ്ങളോട് ആവശ്യപ്പെട്ടു. സൈന്യം സര്‍വ്വ സന്നാഹങ്ങളും ഒരുക്കിത്തുടങ്ങി. കേന്ദ്രമന്ത്രിസഭയുടെ സുരക്ഷാ സമിതി യോഗത്തിലാണ് നിര്‍ദ്ദേശം. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലും കരസേനാ മേധാവി ജനറല്‍ ദല്‍ബീര്‍ സിംഗ് സുഹാഗും കാര്യങ്ങള്‍ വിശദീകരിച്ചു. ഉചിത സമയത്ത് നിര്‍ദ്ദിഷ്ട സ്ഥലത്ത് തിരിച്ചടിക്കാമെന്നായിരുന്നു സൈന്യത്തിന്റെ നിലപാട്. ഏകോപന ചുമതല ദോവലിനാണ്. പാക് സ്ഥാനപതി അബ്ദുള്‍ ബാസിത്തിനെ വിളിച്ചു വരുത്തി ഭാരതം തെളിവുകള്‍ കൈമാറി. കശ്മീരിലെ ഭീകരക്യാമ്പുകള്‍ തകര്‍ക്കാനുള്ള സൈനിക നടപടിയും തിരച്ചിലും സൈന്യം തുടരുകയാണ്. സിആര്‍പിഎഫും കശ്മീര്‍ പോലീസും യുദ്ധോപകരണങ്ങള്‍ പിടിച്ചെടുത്തു. കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുമെന്ന പ്രധാനമന്ത്രിയുടെ ഉറപ്പ് വെറും പ്രസ്താവന മാത്രമാവില്ലെന്ന് പ്രതിരോധ മന്ത്രി പരീഖര്‍ വ്യക്തമാക്കി. ജയ്‌ഷെ മുഹമ്മദ് ഭീകരരായ കാഷിഫ് ജാന്‍, റൗഫ് അസ്ഗര്‍, മസൂദ് അസ്ഗര്‍ എന്നിവരാണ് ഉറി ഭീകരാക്രമണത്തിന് പിന്നിലെ ആസൂത്രകരെന്നാണ് എന്‍ഐഎയുടെ നിഗമനം. പാക്കിസ്ഥാന് യുഎന്നില്‍ തിരിച്ചടി ന്യൂദല്‍ഹി: അടുത്താഴ്ച ചേരുന്ന യുഎന്‍ പൊതുസഭയില്‍ കശ്മീര്‍ വിഷയം അവതരിപ്പിക്കാനുള്ള പാക്കിസ്ഥാന്റെ ശ്രമത്തിനു തിരിച്ചടി. സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണിന്റെ പ്രസംഗത്തില്‍ കശ്മീര്‍ ഉള്‍പ്പെടുത്താന്‍ സമ്മര്‍ദ്ദം ഉണ്ടാക്കിയെങ്കിലും തള്ളി. ആമുഖ പ്രസംഗത്തില്‍ സിറിയ, ഇറാഖ്, പശ്ചിമേഷ്യ വിഷയങ്ങള്‍ പരാമര്‍ശിക്കും. ഉറി ഭീകരാക്രമണത്തെ തുടര്‍ന്ന് അന്താരാഷ്ട്ര തലത്തില്‍ പാക്കിസ്ഥാന്‍ ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു. പിന്നാലെയാണ് യുഎന്നിലെ തിരിച്ചടി. പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ ഭാരതവിരുദ്ധ പ്രവര്‍ത്തനങ്ങളെ ഇത് ബാധിക്കുമെന്നാണ് വിലയിരുത്തല്‍. പൊതുസഭയില്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ നേതൃത്വത്തിലുള്ള നയതന്ത്ര സംഘമാണ് പങ്കെടുക്കുന്നത്. യുഎന്നിലെ പാക്കിസ്ഥാന്റെ പ്രസംഗത്തില്‍ ഭാരതത്തിനെതിരെ പ്രസ്താവന നടത്തിയേക്കും. ഭാരതം രൂപം നല്‍കിയ, അന്താരാഷ്ട്ര ഭീകരതക്കെതിരായ നിയമത്തിന് യുഎന്‍ അംഗീകാരം നല്‍കിയിട്ടുണ്ട്. അതിനിടെ അഫ്ഗാനിസ്ഥാന്റെ ഭാരതനയതന്ത്രപ്രതിധി ഷയ്ദ അബ്ദാലി പാക്കിസ്ഥാനെതിരെ രംഗത്തെത്തി. പാക്കിസ്ഥാന് താക്കീത് നല്‍കേണ്ട സമയം അതിക്രമിെച്ചന്ന് അദ്ദേഹം പറഞ്ഞു. പാക്കിസ്ഥാന്‍ ഭീകരരാജ്യമെന്ന്  യുഎസ് കോണ്‍ഗ്രസില്‍ ബില്‍ വാഷിംഗ്ടണ്‍: ഭീകരവാദം പ്രോത്സാഹിപ്പിക്കുന്ന രാജ്യമെന്ന് പാക്കിസ്ഥാനെ വിശേഷിപ്പിച്ചുകൊണ്ടുള്ള ബില്‍ അമേരിക്കന്‍ കോണ്‍ഗ്രസില്‍. ഒബാമ ഭരണകൂടം ബില്‍ പിന്തുണച്ചാല്‍, സിറിയ, സുഡാന്‍, ഇറാന്‍ എന്നീ രാജ്യങ്ങളെപ്പോലെ പാക്കിസ്ഥാനും യുഎസിന്റെ പരിഗണനയില്‍ ഭീകരതയെ പിന്തുണയ്ക്കുന്ന രാജ്യമാകും. ഭീകരവിരുദ്ധ സബ്കമ്മിറ്റി ചെയര്‍മാന്‍ ടെഡ്‌പോയും കാലിഫോര്‍ണിയ അംഗം ഡാന റോഹ്രബച്ചറുമാണ് ബില്‍ അവതരിപ്പിച്ചത്. പാക്കിസ്ഥാന്‍ ഭരണകൂട ഭീകരതയുടെ ലക്ഷ്യസ്ഥാനം എന്ന പട്ടം നടപ്പാക്കുന്നതിനു മുന്നോടിയാണ് ബില്‍. ബില്ലിന്മേല്‍ പ്രസിഡന്റ് ബരാക് ഒബാമ 90 ദിവസത്തിനകം ഔദ്യോഗിക നിലപാടു പറയണം. പാക്കിസ്ഥാന്‍ ഭീകരത പ്രോത്സാഹിപ്പിക്കുന്നോ എന്ന് അഭിപ്രായം അറിയിക്കണം. ഒരു മാസത്തിനുള്ളില്‍ സര്‍ക്കാര്‍ വിശദ റിപ്പോര്‍ട്ട് തെളിവോടെ നല്‍കണം. നവംബറില്‍ യുഎസ് തെരഞ്ഞെടുപ്പു നടക്കാനിരിക്കെ, ബില്‍ പാസാകാനുള്ള സാധ്യത കുറവാണ്. യുഎസ് ആവശ്യം പാക്കിസ്ഥാന്‍ തള്ളി ന്യൂയോര്‍ക്ക്: ആണവ പരിപാടികള്‍ നിയന്ത്രിക്കില്ലെന്ന് പാക്കിസ്ഥാന്‍. അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിയുടെ ഈ ആവശ്യത്തോട് പാക്ക് വിദേശകാര്യ സെക്രട്ടറി അസീസ് ചൗധരിയും യുഎന്നിലെ പാക്ക് സ്ഥിരം പ്രതിനിധി മലീഹ ലോധിയും സംയുക്ത പത്രസമ്മേളനത്തിലാണ് നിലപാട് വ്യക്തമാക്കിയത്. ജോണ്‍കെറിയും പാക് പ്രധാനമന്ത്രി നവാസ് ഷെരീഫും കൂടിക്കണ്ടപ്പോഴാണ് അമേരിക്ക ആവശ്യം ഉന്നയിച്ചത്. ഭാരതം ആദ്യം ആണവ പരിപാടികള്‍ നിര്‍ത്തണമെന്ന് കെറിയോട് ഷെരീഫ് ആവശ്യപ്പെട്ടതായി മലീഹ പറഞ്ഞു. ''പാക്കിസ്ഥാനെപ്പോലെ ഭീകരപ്രവര്‍ത്തനത്തിനെതിരേ പ്രവര്‍ത്തിക്കുന്ന രാജ്യമില്ലെ''ന്ന് ചൗധരി അവകാശപ്പെട്ടു. ''പ്രധാനമന്ത്രി ഷെരീഫിന്റെ യുഎന്‍ പ്രസംഗം കശ്മീര്‍ വിഷയത്തിലായിരിക്കും, പിഒകെ കാര്യത്തില്‍ ലോകത്തിനു മുന്നില്‍ ശക്തമായ നിലപാടു പറയും,'' അവര്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.