എടത്വയിലെ അനധികൃത നിലം നികത്തലിനെതിരെ നടപടി

Thursday 22 September 2016 9:03 pm IST

നിലം നികത്താനുപയോഗിച്ച ഗ്രാവല്‍ റവന്യൂ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നീക്കം ചെയ്യുന്നു

എടത്വാ: അനധികൃത നിലം നികത്തലിനെതിരെ വ്യാപക പ്തിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ മരിയാപുരം മേരിമാത പള്ളിയുടെ നികത്തലിനെതിരെ കൃഷിമന്ത്രിയുടെ നേരിട്ടുള്ള നടപടി. നികത്തിയ നിലം റവന്യു ഉദ്യോഗസ്ഥര്‍ ജെസിബി ഉപയോഗിച്ച് പൂര്‍വ്വസ്ഥിതിയിലാക്കി.
എടത്വാ ഗ്രാമപഞ്ചായത്ത് 11-ാംവാര്‍ഡില്‍ അഷ്ടമം പാടശേഖരത്തെ പള്ളിയുടെ ഉടമസ്ഥതയിലുള്ള 12 സെന്റ് പുഞ്ചനിലം നികത്തിയതിനെതിരേയാണ് മന്ത്രിയുടെ നടപടിയുണ്ടായത്. കഴിഞ്ഞ ദിവസം എടത്വായില്‍ നടന്ന അഖിലേന്ത്യാ കിസാന്‍ സഭയുടെ നെല്‍കര്‍ഷക സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍ മരിയാപുരത്തെ വിരുന്നു സല്കാരത്തില്‍ പങ്കെടുത്തശേഷം മടങ്ങും വഴിയാണ് നികത്ത് ശ്രദ്ധയില്‍പെട്ടത്.
നികത്തിയ സ്ഥലത്തിറങ്ങിയ മന്ത്രി നികത്തലിന് അനുമതിയില്ലന്നറിഞ്ഞ് റവന്യു ഉദ്യോഗസ്ഥരെ വിളിച്ചു താക്കീത് ചെയ്യുകയും നികത്തിയ നിലം പൂര്‍വ്വസ്ഥിതിയിലാക്കണമെന്ന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. ഇന്നലെ രാവിലെ ഏഴോടെ കുട്ടനാട് തഹസില്‍ദാര്‍ കെ. ചന്ദ്രശേഖരന്‍ നായരുടെ നേതൃത്വത്തിലുള്ള റവന്യു ഉദ്യോഗസ്ഥര്‍ നികത്തിയ സ്ഥലത്തെത്തി ജെസിബി ഉപയോഗിച്ച് ചെമ്മണ്ണ് നീക്കംചെയ്തു.
മണ്ണ് നീക്കംചെയ്യന്‍ തുടങ്ങിയതോടെ വാര്‍ഡ് മെമ്പറിന്റെ നേതൃത്വത്തില്‍ വിശ്വാസികള്‍ പള്ളിയില്‍ തടിച്ചുകൂടിയെങ്കിലും റവന്യു ഉദ്യോഗസ്ഥര്‍ നടപടിയുമായി മുന്നോട്ടുപോയി. നിലംനികത്തിയ സ്ഥലത്തെ ചെമ്മണ്ണ് പള്ളിയുടെ പരിസരത്തുതന്നെ ഉദ്യോഗസ്ഥര്‍ കൂട്ടിയിട്ടു. നികത്തല്‍ തടഞ്ഞുകൊണ്ട് സ്റ്റോപ്പ് മെമ്മോ നല്‍കിയിട്ടുണ്ടന്നും, വരും ദിവസങ്ങളില്‍ കുട്ടനാട്ടിലെ അനധികൃത നികത്തല്‍ പൂര്‍വ്വസ്ഥിതിയിലാക്കുമെന്നും തഹസില്‍ദാര്‍ പറഞ്ഞു.
നെല്‍കര്‍ഷക സെമിനാറില്‍ പങ്കെടുക്കാനെത്തിയ മന്ത്രി വരുംവഴിക്ക് മരിയാപുരത്തെ ഒരുസ്വകാര്യ വ്യക്തി നികത്തിയ സ്ഥലത്ത് ഇറങ്ങി പരിശോധന നടത്തിയെങ്കിലും കോടതിയുടെ അനുമതിയുണ്ടന്നറിഞ്ഞ് തിരികെ പോകുകയായിരുന്നു. സമ്മേളനശേഷം മടങ്ങും വഴിയാണ് പള്ളിയുടെ നികത്തല്‍ പിടികൂടിയത്. അസ്സി. തഹസില്‍ദാര്‍ എം. പ്രകാശ്, എടത്വാ വില്ലേജ് ഓഫീസര്‍ എസ്. സുഭാഷ്, കൃഷി ഓഫീസര്‍ സന്തോഷ് എന്നിവര്‍ റവന്യു നടപടിക്ക് എത്തിയിരുന്നു.
പള്ളി നിലം നികത്തുന്നതിനെതിരെ പരിസ്ഥിതി വാദികള്‍ നേരത്തെ തന്നെ റവന്യൂ അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നുവെങ്കിലും അവര്‍ ഒത്താശ ചെയ്യുകയായിരുന്നു. പോലീസിന്റെയും റവന്യൂ അധികൃതരുടെയും ഒത്താശയോടെയാണ് കുട്ടനാട്ടില്‍ വ്യാപകമായി നിലംനികത്തല്‍ നടത്തുന്നത്.

എതിര്‍പ്പുമായി വിശ്വാസികള്‍ രംഗത്ത്
എടത്വാ: മരിയാപുരം അഷ്ടമം പാടശേഖരത്തെ മേരിമാത പള്ളിയുടെ നികത്തലിന് നടപടിയെടുക്കാന്‍ എത്തിയ റവന്യു ഉദ്യോഗസ്ഥര്‍ക്ക് എതിരെ രോഷപ്രകടനവുമായി വിശ്വാസികള്‍ രംഗത്തെത്തി. പൊതുബാത്തുറും നിര്‍മ്മാണത്തിനായാണ് പള്ളിവകസ്ഥലം നികത്തിയത്.
പള്ളിയുടെ നേഴ്‌സറി സ്‌കൂളില്‍ അന്‍പതോളം പിഞ്ചുകുട്ടികള്‍ പഠിക്കുന്നുണ്ട്. കുട്ടികള്‍ക്കും, അദ്ധ്യാപകര്‍ക്കും, പള്ളിയിലെ വിവാഹചടങ്ങിലും, നിത്യാരാധനയിലും പങ്കെടുക്കുന്നവര്‍ക്കും ബാത്തുറുമിന്റെ അഭാവം ബുദ്ധിമുട്ടുണ്ടാക്കാറുണ്ട്. പള്ളിയുടെ പരിസരത്ത് ബാത്തുറും പണിയാന്‍ സ്ഥലമില്ലാത്തതാണ് നിലംനികത്തി ബാത്തുറും പണിയാന്‍ തീരുമാനിച്ചതെന്ന് വിശ്വാസികള്‍ പറഞ്ഞു.
പരിസര പ്രദേശങ്ങളില്‍ സ്വകാര്യ വ്യക്തികള്‍ ഏക്കറുകണക്കിന് നികത്തിയിട്ടും റവന്യു ഉദ്യോഗസ്ഥര്‍ നടപടി സ്വീകരിക്കാറില്ലന്ന് പരാതിപ്പെട്ടു. വിശ്വാസികളുടെ പരാതിയെ തുടര്‍ന്ന് കുട്ടനാട് തഹസില്‍ദാര്‍ കെ. ചന്ദ്രശേഖരന്‍ നയരുടെ നേതൃത്വത്തിലുള്ള റവന്യു ഉദ്യോഗസ്ഥര്‍ കൈതമുക്ക്, മരിയാപുരം, പാണ്ടങ്കരി പ്രദേശങ്ങളിലെ നികത്തല്‍ പരിശോധിച്ചു.
ഓണ അവധി സമയത്ത് കുട്ടനാട്ടില്‍ നിരവധി അനധികൃത നികത്തല്‍ നടന്നിട്ടുണ്ടന്നും, അനധികൃത നികത്തിലിനെതിരെ ഉടന്‍ നടപടി സ്വീകരിക്കുമെന്നും തഹസില്‍ദര്‍ വശ്വാസികള്‍ക്ക് ഉറപ്പുനല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.