ബൈക്കിലെത്തി മാലപറിക്കുന്ന രണ്ടംഗ സംഘം അറസ്റ്റില്‍

Thursday 22 September 2016 9:05 pm IST

അറസ്റ്റിലായ ബുനാഷ്ഖാന്‍, മുഹമ്മദ് ഷാന്‍

മാവേലിക്കര: ഇരുചക്രവാഹനങ്ങളില്‍ യാത്രചെയ്യുന്ന സ്ത്രീകളെ പിന്തുടര്‍ന്ന് മുളകുപൊടി എറിഞ്ഞ് അടിച്ചു വീഴ്ത്തി സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്യുന്ന രണ്ടംഗ സംഘത്തെ പോലീസ് അറസ്റ്റു ചെയ്തു. പത്തിയൂര്‍ ബിസ്മിനാ മന്‍സിലില്‍ ബുനാഷ്ഖാന്‍ (24), കായംകുളം കളീക്കല്‍ വീട്ടില്‍ മുഹമ്മദ്ഷാന്‍ (19) എന്നിവരെയാണ് മാവേലിക്കര സിഐ പി. ശ്രീകുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്.
16ന് വൈകിട്ട് നാലര മണിയോടെ കുറക്കാവ് ക്ഷേത്രത്തിനു സമീപം സ്‌കൂട്ടറില്‍ വരികയായിരുന്ന സ്ത്രീയെ പിന്തുടര്‍ന്ന് വള്ളികുന്നം മണക്കാടം ചന്തയ്ക്കു കിഴക്കുവശം ആള്‍ ഒഴിഞ്ഞ സ്ഥലത്തു വച്ച് ഹോണടിച്ചു മുന്നില്‍ കയറി മുളകുപൊടിയും മണലും കലര്‍ത്തിയ മിശ്രിതം കണ്ണിലെറിഞ്ഞ് മാല പൊട്ടിക്കാന്‍ ശ്രമിച്ചു. അതേ സമയം എതിരെ കാറും പിറകെ ബുള്ളറ്റു യാത്രക്കാരും വരുന്നതു കണ്ട് ഹോണ്ടാ ഡിയോ സ്‌കൂട്ടറില്‍ വന്ന പ്രതികള്‍ അതിവേഗം രക്ഷപെട്ടു.
അന്നു രാത്രി ഏഴു മണിയോടുകൂടി കുറത്തികാട് കൈപ്പള്ളി ജങ്ഷനില്‍ ചതയദിന ഘോഷയാത്രയില്‍ പങ്കെടുത്ത് തിരികെപോന്ന സ്ത്രീയുടെ കഴുത്തിലടിച്ചു വീഴ്ത്തി രണ്ടു പവന്‍ തൂക്കം വരുന്ന സ്വര്‍ണ്ണമാല പൊട്ടിച്ചെടുത്തു കൊണ്ടു പോയതും ഇതേ സ്‌കൂട്ടറില്‍ വന്ന പ്രതികളായിരുന്നു.
തുടര്‍ന്ന് മൊബൈല്‍ ടവര്‍ ലോക്കേഷന്‍ പരിശോധിച്ചും, 8000ത്തോളം കറുപ്പും ചാരനിറത്തിലുള്ളതുമായ ഡിയോ സ്‌കൂട്ടറുകള്‍ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണമാണ് പ്രതികള്‍ കസ്റ്റഡിയിലാകുന്നതിന് സഹായിച്ചത്.
കായംകുളം, കുറത്തികാട്, വള്ളികുന്നം, പന്തളം പോലീസ് സ്റ്റേഷനുകളിലായി പന്ത്രണ്ടോളം കവര്‍ച്ചാ കേസ്സകളിലും, തട്ടിക്കൊണ്ടുപോകല്‍ കേസ്സുകളിലും, ക്വട്ടേഷന്‍ ആക്രമങ്ങളിലും പ്രതിയാണ് ബുനാഷ് ഖാന്‍, ക്വട്ടേഷന്‍ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയില്‍ ബുനാഷ് ഖാന്റെ കാലിന് വെട്ടേറ്റ നിലയിലാണ്. എന്നാല്‍പോലും ഇയാള്‍ സ്ഥിരം കുറ്റകൃത്യങ്ങള്‍ക്ക് നേതൃത്വം നല്‍കിവരുന്നതായാണ് വിവരം.
ചാപ്പാത്തി യൂണിറ്റുണ്ടാക്കി ബേക്കറികളിലും മറ്റും സപ്ലൈ ചെയ്യാനെന്ന വ്യാജേന ബേക്കറികളിലെത്തുകയും അവിടെയെത്തുന്ന സ്ത്രീകളെ നിരീക്ഷിച്ച് പിന്‍തുടര്‍ന്ന് ആക്രമിച്ച് സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്യുന്നത് ഇവരുടെ പുതിയ ശൈലിയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.