കായംകുളം: കഞ്ചാവ് വില്‍പ്പനക്കാരെ പിടികൂടാനെത്തിയ എഎസ്ഐയെ വടിവാള്‍കൊണ്ട് വെട്ടാന്‍ ശ്രമിച്ച സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍. കാപ്പില്‍ കിഴക്ക് നല്ലേത്ത് പുത്തന്‍ പുരയില്‍ റിയാസ് ഖാനാണ് അറസ്റ്റിലായത്. അറുപതോളം കേസിലെ പ്രതിയാണ് ഇയാള്‍. കഴിഞ്ഞ ദിവസം നര്‍കോട്ടിക് സെല്‍ സ്പെഷല്‍ സ്ക്വാഡിന്റെ നേതൃത്വത്തില്‍ കൃഷ്ണപുരം പനയന്നാര്കാവിനു സമീപം കഞ്ചാവ് വില്‍പ്പനക്കാരെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടയിലാണ് പോലീസിനു നേരേ ആക്രമണം ഉണ്ടായത്.
ബൈക്കിലെത്തിയ രണ്ടംഗ സംഘം എഎസ്ഐ അലിഅക്ബറെ വടിവാള്‍ കൊണ്ട് വെട്ടിവീഴ്ത്താന്‍ ശ്രമിച്ചെങ്കിലും ഒഴിഞ്ഞുമാറിയതോടെ വെട്ടേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു. പോലീസുകാര്‍ ബഹളം വെച്ചതോടെ സംഘം ബൈക്കില്‍ കയറി രക്ഷപ്പെട്ടു. പിന്നീട് കായംകുളം എസ്ഐ ഡി. രജീഷ് കുമാറിന്റെ നേതൃത്വത്തില്‍ കൂടുതല്‍ പോലീസ് എത്തി തിരച്ചില്‍ നടത്തിയാണ് റിയാസ് ഖാനെ പിടികൂടിയത്. ഇയാളോടൊപ്പമുണ്ടായിരുന്ന പ്രതിക്കുവേണ്ടി അന്വേഷണം ഊര്‍ജ്ജിതമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: