ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് : പാസ്റ്ററെ തിരയുന്നു

Thursday 22 September 2016 10:22 pm IST

ചങ്ങനാശേരി: ദേവസ്വം ബോര്‍ഡ് സ്‌കൂളില്‍ അദ്ധ്യാപകജോലി വാഗ്ദാനംചെയ്ത് ലക്ഷങ്ങള്‍തട്ടിയ കേസില്‍ വ്യാജസീല്‍ നിര്‍മ്മിച്ച് നല്‍കാന്‍ സഹായിച്ച പാസ്റ്ററെതേടി പോലീസ് ഡല്‍ഹിയിലേക്ക് പോകും. കേസിലെ പ്രധാനപ്രതി രാധാകൃഷ്ണന്‍ പിടിയിലായതോടെ തട്ടിപ്പിനിരയായ നിരവധി പേരാണ് പരാതിയുമായി വിവിധ പോലീസ് സ്‌റ്റേഷനുകളില്‍ എത്തുന്നത്. പിടിയിലായ പാലക്കാട് ശ്രീകൃഷ്ണപുരം ഈശ്വരമംഗലം രാധാഭവനില്‍ രാധാകൃഷ്ണനെ (55) കോടതി റിമാന്‍ഡ് ചെയ്തു. ഇയാള്‍ കോട്ടയം നാട്ടകം സ്വദേശിയാണ്. ചെത്തിപ്പുഴ സ്വദേശി സാല്‍വിദാസ് നല്‍കിയ പരാതിയില്‍ ചങ്ങനാശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. 2015ലാണ് കേസിനാസ്പദമായ സംഭവം. പരാതിക്കാരന്റെ ഭാര്യയ്ക്ക് ദേവസ്വം ബോര്‍ഡ് വിദ്യാലയത്തില്‍ ജോലി വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. ദേവസ്വം ബോര്‍ഡിന്റെ വ്യാജസീല്‍ പതിച്ച നിയമനഉത്തരവ് രാധാകൃഷ്ണന്‍ ഇവര്‍ക്ക് നല്‍കിയിരുന്നു. ജോലി ലഭിക്കാത്തതിനെക്കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് മനസിലായത്. തുടര്‍ന്ന് പോലീസില്‍ പരാതിപ്പെട്ടെങ്കിലും രാധാകൃഷ്ണന്‍ ഒളിവില്‍ പോയി. രണ്ടാം ഭാര്യയോടൊപ്പം പാലക്കാട് ഒളിച്ച്ുതാമസിക്കുന്നതായി പോലീസ് കണ്ടെത്തി. രഹസ്യനീക്കങ്ങള്‍ക്കൊടുവിലാണ് പ്രതി പിടിയിലായി. തൃക്കൊടിത്താനം, പള്ളിക്കത്തോട് സ്‌റ്റേഷനുകളിലായി സമാനമായ കേസുകള്‍ ഇയാള്‍ക്കെതിരെ നിലവിലുണ്ട്. ക്രിമിനല്‍ കേസുകളില്‍ പ്രതിയായ തിരുവല്ല സ്വദേശി പാസ്റ്റര്‍ തമ്പാന്‍ വര്‍ഗീസാണ് വ്യാജസീല്‍ നിര്‍മ്മിക്കാന്‍ സഹായിച്ചതെന്ന് ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍ പാസ്റ്റര്‍ ഇപ്പോള്‍ ഡല്‍ഹിയിലാണ്. സംഭവത്തില്‍ കൂടുതല്‍ പ്രതികളുണ്ടെന്നാണ് കരുതുന്നത്. ഇയാളുടെ ടെലിഫോണ്‍ ഇടപാടുകളും മറ്റും പോലീസ് പരിശോധിക്കുന്നുണ്ട്. ദേവസ്വം ബോര്‍ഡില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ ഇയാള്‍ ജോലി ചെയ്തിട്ടുണ്ട്. ഈ പരിചയമാണ് തട്ടിപ്പിന് മുതല്‍ക്കൂട്ടായത്. ദവസ്വം ബോര്‍ഡിന്റെ ലെറ്റര്‍ പാഡിലാണ് വ്യാജ നിയമന ഉത്തരവ് നല്‍കിയത്. ചിലര്‍ക്ക് ജോലി നല്‍കാമെന്നുള്ള എഗ്രിമെന്റും നല്‍കിയിട്ടുണ്ട്. ഡിവൈഎസ്പി വി. അജിത്തിന്റെ നേതൃത്വത്തില്‍ ചിങ്ങവനം എസ്‌ഐ എം.എസ്. ഷിബു, തൃക്കൊടിത്താനം എസ്‌ഐ സുധീഷ്‌കുമാര്‍, എഎസ്‌ഐ സെബാസ്റ്റ്യന്‍, അനില്‍കുമാര്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.