തോമസ് ഐസക്ക് രാജിക്കൊരുങ്ങി

Friday 23 September 2016 10:01 am IST

പിണറായി, ഐസക്ക്, ഗീത ഗോപിനാഥ്‌

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരു യോഗത്തില്‍ അപമര്യാദയായി പെരുമാറിയതിനെത്തുടര്‍ന്ന്, ധനമന്ത്രി ഡോ. തോമസ് ഐസക്ക് രാജിക്കൊരുങ്ങി.
സര്‍ക്കാര്‍ വിളിച്ചുകൂട്ടിയ ഒരു യോഗത്തിലായിരുന്നു, സംഭവം.

മോശമായി വിജയന്‍ പെരുമാറിയത് ഉദ്യോഗസ്ഥരുടെ മുന്‍പില്‍ പരസ്യമായിട്ടായതിനാല്‍, യോഗത്തില്‍ ഐസക്ക് മൗനം പാലിച്ചു. അതു കഴിഞ്ഞ്, ഓഫീസില്‍ ചെന്ന് രാജിക്കത്തെഴുതി, ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട് എന്നിവരെ വിളിച്ചു വിവരം പറഞ്ഞു. തുടര്‍ന്നുണ്ടായ പ്രതിസന്ധി കനം കൂട്ടിയ മണിക്കൂറുകളില്‍, അടിയന്തര ഇടപെടലുകള്‍ വഴി വെടിനിര്‍ത്തലുണ്ടായി. എന്നാല്‍, അശാന്തി ഒഴിഞ്ഞിട്ടില്ല. ഈ പ്രശ്‌നം ചര്‍ച്ച ചെയ്ത് വഷളാകാതിരിക്കാനാണ് പിണറായി കേന്ദ്ര കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാതിരുന്നത് എന്നു വിശ്വസിക്കപ്പെടുന്നു.

സംഭവം എന്നുണ്ടായി എന്നു കൃത്യമായി പറയുന്നില്ലെങ്കിലും, ഐസക്ക് കുറെ നാളായി തുടരുന്ന മൗനം ആരംഭിച്ച ദിവസത്തിനു തലേന്നായിരുന്നു സംഭവം എന്ന് ഊഹിക്കുന്നതാണ്, എളുപ്പം. വളരെക്കാലമായി, ഐസക്ക് അച്യുതാനന്ദപക്ഷം ചേര്‍ന്നതു മുതല്‍, പിണറായി വിജയന്‍ ഐസക്കുമായി സംസാരിക്കാറില്ല.

അതുകൊണ്ടുതന്നെ, ഐസക്ക് പോകുന്നെങ്കില്‍ പോകട്ടെ എന്നു തന്നെയാണ്, വിജയന്റെ സമീപനം. അതുകൊണ്ടാണ്, വെറും പ്രാദേശിക സാമ്പത്തിക ശാസ്ത്രജ്ഞനായി ഐസക്കിനെ കരുതി, ഹാര്‍വാഡ് സര്‍വകലാശാലയിലെ ജോണ്‍ സ്വാന്‍സ്ട്ര പ്രൊഫസര്‍ ഓഫ് ഇന്റര്‍നാഷണല്‍ സ്റ്റഡീസ് ആയ ഗീത ഗോപിനാഥിനെ, സാമ്പത്തിക ഉദേഷ്ടാവായി, ഐസക്കിനു മേല്‍, വിജയന്‍ കൊണ്ടുവന്നു വെച്ചത്. ഇരുവരും തമ്മിലുള്ള ശണ്ഠ ഇങ്ങനെ ഉച്ചസ്ഥായിയില്‍ എത്തി.

ഹാര്‍വാഡ് പ്രൊഫസറായിരിക്കെത്തന്നെ, ഫെഡറല്‍ റിസര്‍ച്ച് ബാങ്ക് ഓഫ് ബോസ്റ്റണില്‍ വിസിറ്റിങ് സ്‌കോളറും ഫെഡറല്‍ റിസര്‍വ് ബാങ്ക് ഓഫ് ന്യൂയോര്‍ക്കില്‍ ഉപദേഷ്ടാവും ‘റിവ്യൂ ഓഫ് ഇക്കണോമിക് സ്റ്റഡീസ്’ മാനേജിങ് എഡിറ്ററുമാണ്, ഗീത. ഹാര്‍വാഡില്‍ എത്തുംമുന്‍പ്, ഷിക്കാഗോ സര്‍വകലാശാലയുടെ ഗ്രാജ്വേറ്റ് സ്‌കൂള്‍ ഓഫ് ബിസിനസില്‍, അസിസ്റ്റന്റ് പ്രൊഫസറായിരുന്നു, അവര്‍. നോബല്‍ ജേതാവായ ഡോ. അമര്‍ത്യസെന്നിനു ശേഷം പൂര്‍ണ സമയ പ്രൊഫസറാകുന്ന ആദ്യ ഭാരതീയ; ലോകത്തിലെ മൂന്നാമത്തെ വനിത.

2011 ല്‍ ലോക ഇക്കണോമിക് ഫോറം അവരെ യങ് ഗ്ലോബല്‍ ലീഡറായി തെരഞ്ഞെടുത്തു. ഭാരതീയ ധനമന്ത്രാലയത്തില്‍ ജി-20 വിഷയങ്ങളെ സംബന്ധിച്ച ഉപദേഷ്ടാക്കളുടെ സംഘത്തില്‍ അംഗമായിരുന്നു. വാഷിങ്ടണ്‍ സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദം; പ്രിന്‍സ്ടണ്‍ സര്‍വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റ്. 1990-91 ല്‍ ഭാരതം നാണ്യപ്രതിസന്ധി നേരിട്ട്, വിദേശത്തു നിന്ന് പണം കടമെടുത്തതാണ് സാമ്പത്തിക ശാസ്ത്രത്തില്‍ ഗവേഷണത്തിനു പ്രേരിപ്പിച്ചതെന്ന് ഗീത പറഞ്ഞിട്ടുണ്ട്.

അങ്ങനെ, മാര്‍ക്‌സിസവുമായി ഒരു ബന്ധവുമില്ലാത്ത ഗീത, അവരുടെ സര്‍ഗശേഷി വച്ച്, സര്‍ക്കാരിന് ഒന്നാന്തരം സ്വത്താകുമായിരുന്നു. എന്നാല്‍, ഡോ. പ്രഭാത് പട്‌നായിക്കിനെപ്പോലുള്ളവരുടെ സഹായത്തോടെ, ഐസക്ക്, പിണറായിയുടെ ആ നിര്‍ണായക തീരുമാനത്തിന്റെ കടയ്ക്കല്‍ വെട്ടി. ഗീത കണ്ണൂര്‍ക്കാരിയാണ് എന്നെങ്കിലും, ഐസക്ക് ഓര്‍ക്കണമായിരുന്നു.

മാര്‍ക്‌സിസ്റ്റായിട്ടു പോലും, നല്ല നാടകകൃത്തും കവിയുമായിരുന്ന ജര്‍മന്‍കാരന്‍ ബെര്‍തോള്‍ട് ബ്രെഹ്തിന്റെ ഒരു വാചകമാണ്, ഓര്‍മവരുന്നത്: ”നടുക്കുന്ന വാര്‍ത്തകള്‍ വരാനിരിക്കുന്നതേയുള്ളൂ.”

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.