പാക്കിസ്ഥാന്‍ ഭീകര രാഷ്ട്രം: ഭാരതം, കശ്മീരില്‍ ഇടപെടില്ലെന്ന് യുഎന്‍

Friday 23 September 2016 1:24 am IST

  ന്യൂദല്‍ഹി: യുഎന്‍ പൊതുസഭയില്‍ കശ്മീര്‍ വിഷയം ഉയര്‍ത്തിയ പാക്കിസ്ഥാന് ഭാരതത്തിന്റെ ചുട്ടമറുപടി. പാക്കിസ്ഥാന്‍ ഭീകര രാഷ്ട്രമാണെന്ന് തുറന്നടിച്ച ഭാരതം, അക്കമിട്ട് മറുപടി നിരത്തി. ഭീകരത നയമാക്കിയ പാക്കിസ്ഥാന്‍ ഭാരതത്തിനെതിരെ യുദ്ധക്കുറ്റമാണ് നടത്തുന്നതെന്ന് ഭാരത പ്രതിനിധി ഈനാം ഗംഭീര്‍ വ്യക്തമാക്കി. കശ്മീരില്‍ ഭാരതം മനുഷ്യാവകാശ ലംഘനം നടത്തുന്നുവെന്നായിരുന്നു പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ ആരോപണം. സൈന്യം വധിച്ച ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരന്‍ വാനി കശ്മീരിന്റെ വിമോചന നായകനെന്നും ഷെരീഫ് വിശേഷിപ്പിച്ചിരുന്നു. ഏറ്റവും വലിയ മനുഷ്യാവകാശ ലംഘനം ഭീകരപ്രവര്‍ത്തനമാണെന്നു തിരിച്ചടിച്ച ഭാരതം, വാനിയെ മഹത്വവത്കരിച്ച ഷെരീഫിന്റെ പ്രസംഗം ഭീകരവാദത്തോടുള്ള പാക്കിസ്ഥാന്റെ ബന്ധം ശരിവെക്കുന്നതാണെന്നും വ്യക്തമാക്കി. കശ്മീര്‍ വിഷയത്തിലും പാക്കിസ്ഥാന് യുഎന്നില്‍ നിന്ന് തിരിച്ചടി. വിഷയത്തില്‍ ഇടപെടില്ലെന്ന് ഐക്യരാഷ്ട്ര സഭ പറഞ്ഞു. ഇരുരാജ്യങ്ങളും ഒരുമിച്ച് ആവശ്യപ്പെട്ടാല്‍ മാത്രമേ ഇടപെടാനാകു എന്ന് സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണിന്റെ ഓഫീസ് വ്യക്തമാക്കി. അവിടെ മനുഷ്യാവകാശ ലംഘനമുണ്ടെനന്ന പാക് വാദവും യുഎന്‍ തള്ളി. ഐക്യരാഷ്ട്ര സഭ ഭീകരരെന്ന് പ്രഖ്യാപിച്ച ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസര്‍, മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ സഖിയൂര്‍ റഹ്മാന്‍ ലഖ്‌വി എന്നിവര്‍ ഭരണകൂടത്തിന്റെ സഹായത്തോടെ പാക്കിസ്ഥാനില്‍ വിഹരിക്കുകയാണെന്ന് ഭാരതം പറഞ്ഞു. അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന്റെ ആസൂത്രകനായ ബിന്‍ലാദനെ വധിച്ചത് പാക്കിസ്ഥാനില്‍ വച്ചാണ്. ഭീകരത നയമാക്കിയ പാക്കിസ്ഥാന്‍ ഭാരതത്തിനും അയല്‍രാജ്യങ്ങള്‍ക്കും മാത്രമല്ല, മേഖലയ്ക്ക് പുറത്തും പ്രത്യാഘാതം ഏല്‍പ്പിക്കുന്നു. അന്താരാഷ്ട്ര സഹായങ്ങള്‍ ഭീകരരെ പരിശീലിപ്പിക്കാനും അയല്‍രാജ്യങ്ങള്‍ക്കെതിരെ നിഴല്‍ യുദ്ധത്തിനും ഉപയോഗിക്കുന്നു. സര്‍ക്കാര്‍ അനുവാദത്തോടെ ഭീകരര്‍ പരസ്യമായി പണം പിരിക്കുന്നത് ഗൗരവകരം. സ്വന്തം ജനതയ്ക്ക് മേല്‍ ഭീകരവാദം നടപ്പാക്കുകയാണ് പാക്കിസ്ഥാന്‍. ഭീകരരെ പിന്തുണക്കുന്നതോടൊപ്പം ന്യൂനപക്ഷങ്ങളെ അടിച്ചമര്‍ത്തി, പ്രാകൃത നിയമങ്ങള്‍ നടപ്പാക്കുന്നു. തക്ഷശില നിലനിന്നിരുന്ന സ്ഥലം ഇന്ന് ഭീകരപരിശീലന കേന്ദ്രമാണെന്നും ഭാരതം വ്യക്തമാക്കി. വിദേശമന്ത്രി സുഷമ സ്വരാജും യുഎന്‍ പൊതുസഭയെ അഭിസംബോധന ചെയ്യും. സിന്ധു നദീജല കരാറിനെതിരെ ഭാരതം ന്യൂദല്‍ഹി: പാക്കിസ്ഥാനെതിരെ ഭാരതം പുതിയ നടപടിക്ക് തുടക്കമിട്ടു. സിന്ധു നദീജല കരാറില്‍ പിടിമുറുക്കാനാണ് കേന്ദ്ര തീരുമാനം. കരാര്‍ ഏകപക്ഷീയമാണെന്ന് ഭാരതം ഇന്നലെ പ്രഖ്യാപിച്ചു. സിന്ധു, ബിയാസ്, രവി, സത്‌ലജ്, ചെനാബ്, ഝലം നദികളിലെ ജലം പാക്കിസ്ഥാനുമായി പങ്കിടാനുള്ള കരാറില്‍ 1960ല്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവും പാക് പ്രസിഡന്റ് അയൂബ് ഖാനുമാണ് ഒപ്പുവച്ചത്. ഇത്തരമൊരു കരാര്‍ നടപ്പാകണമെങ്കില്‍ പരസ്പര വിശ്വാസം വേണം- വിദേശ മന്ത്രാലയ വക്താവ് പറഞ്ഞു. കരാര്‍ റദ്ദാക്കണമെന്ന ആവശ്യം ശക്തമായിട്ടുമുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.