കാണ്‍പൂര്‍: ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തില്‍ 500-ാം മത്സരത്തിനിറങ്ങിയ ഇന്ത്യ ന്യൂസിലാന്‍ഡിനെതിരെ ഒന്നാം ഇന്നിങ്ങ്സില്‍ കലമുടച്ചു. ആദ്യ ദിവസത്തെ കളിനിര്‍ത്തുമ്പോള്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 291 എന്ന നിലയില്‍. ഒന്നിന് 154 എന്ന ശക്തമായ നിലയില്‍ നിന്നാണ് ഇന്ത്യ തകര്‍ച്ചയിലേക്ക് നീങ്ങിയത്. 16 റണ്‍സുമായി രവീന്ദ്ര ജഡേജയും എട്ട് റണ്ണുമായി ഉമേഷ് യാദവും ക്രീസില്‍.
ടോസ് നേടിയ ഇന്ത്യന്‍ നായകന് കോഹ്ലി ബാറ്റിങ് തെരഞ്ഞെടുത്തു. സ്കോര്‍ 42-ല്‍ എത്തിയപ്പോള്‍ 32 റണ്ണെടുത്ത ലോകേഷ് രാഹുലിനെ നഷ്ടമായി. എന്നാല്‍ രണ്ടാം വിക്കറ്റില്‍ മുരളി വിജയും (65) ചേതേശ്വര്‍ പൂജാരയും (62) ചേര്‍ന്ന് നേടിയ 112 റണ്‍സ് ഇന്ത്യയെ മികച്ച നിലയിലേക്ക് നയിച്ചു. സ്കോര്‍ 154-ല്‍ എത്തിയപ്പോള്‍ പൂജാര നഷ്ടമായതോടെ ഇന്ത്യന്‍ തകര്‍ച്ച തുടങ്ങി. തുടര്‍ന്നെത്തിയ കോഹ്ലി 9 റണ്ണെടുത്ത് മടങ്ങിയതോടെ ഇന്ത്യ 3ന് 167 എന്ന നിലയില്‍. പിന്നീട് മുരളി വിജയ്, അജിന്‍ക്യ രഹാനെ (18) എന്നിവരും മടങ്ങിയതോടെ 5ന് 209 എന്ന നിലയില്‍. പിന്നീട് രോഹിത് ശര്‍മ്മയും അശ്വിനും ചേര്‍ന്ന് ഇന്നിങ്ങ്സ് കെട്ടിപ്പടുക്കാന്‍ ശ്രമിച്ചെങ്കിലും സ്കോര്‍ 261-ല്‍ എത്തിയപ്പോള്‍ ഈ കൂട്ടുകെട്ട് പിരിഞ്ഞു.
മികച്ച തുടക്കത്തിനുശേഷം അനാവശ്യഷോട്ടിനുശ്രമിച്ചാണ് 35 റണ്‍സെടുത്ത രോഹിത് പുറത്തായത്. തുടര്‍ന്നെത്തിയ വൃദ്ധിമാന്‍സാഹ റണ്ണൊന്നുമെടുക്കാതെ മടങ്ങി. അധികം കഴിയും മുന്നേ 40 റണ്‍സെടുത്ത അശ്വിനും തൊട്ടുപിന്നാലെ റണ്ണൊന്നുമെടുക്കാതെ മുഹമ്മദ് ഷാമിയും മടങ്ങി. ഇതോടെ ഒന്നാം ദിനം തന്നെ ഇന്ത്യന്‍ ഇന്നിങ്സ് അവസാനിക്കുമോയെന്ന ആശങ്കക്ക് വഴിതുറന്നു. എന്നാല്‍ 16 രവീന്ദ്ര ജഡേജയും ഉമേഷ് യാദവും ചേര്‍ന്ന് ഓള് ഔട്ടാകാതെ പിടിച്ചുനിര്‍ത്തി. കിവികള്‍ക്കായി ബോള്‍ട്ടും സാന്റനറും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.
സ്കോര്‍ ബോര്‍ഡ്: ഇന്ത്യ ഒന്നാമിന്നിങ്ങ്സ്
കെ.എല്‍. രാഹുല്‍ സി വാറ്റ്ലിങ് ബി സാന്റ്നര്‍ 32, മുരളി വിജയ് സി വാറ്റ്ലിങ് ബി സോധി 65, പൂജാര സി ആന്റ് ബി സാന്റ്നര്‍ 62, വിരാട് കോഹ്ലി സി സോധി ബി വാഗ്നര്‍ 9, രഹാനെ സി ലാഥം ബി ക്രെയ്ഗ് 18, രോഹിത് ശര്‍മ്മ സി സോധി ബി സാന്റ്നര്‍ 35, ആര്. അശ്വിന് സി ടെയ്ലര് ബി ബൗള്‍ട്ട് 40, സാഹ ബി ബൗള്‍ട്ട് 0, ജഡേജ നോട്ടൗട്ട് 16, ഷാമി ബി ബൗള്‍ട്ട് 0, ഉമേഷ് യാദവ് നോട്ടൗട്ട് 8, എക്സ്ട്രാസ് 6. ആകെ 9വിക്കറ്റിന് 291.
വിക്കറ്റ് വീഴ്ച: 1-42, 2-154, 3-167, 4-185, 5-209, 6-261, 7-262, 8-273, 9-277.
ബൗളിങ്ങ്: ബൗള്‍ട്ട് 17-2-57-3, വാഗ്നര്‍ 14-3-42-1, സാന്റ്നര്‍ 20-2-77-3, ക്രെയ്ഗ് 24-6-59-1, സോധി 15-3-50-1
പ്രതികരിക്കാൻ ഇവിടെ എഴുതുക: