മണിക്കൂറുകള്‍ക്കുള്ളില്‍ മൂന്ന് വീടുകളില്‍ മോഷണം

Friday 23 September 2016 2:57 pm IST

കൊല്ലം: അഞ്ചാലൂംമൂട് സ്റ്റേഷന്‍ പരിധിയില്‍ അര്‍ദ്ധരാത്രിയില്‍ മൂന്നിടത്ത് മോഷണം നടന്നു. മോഷ്ടാക്കളുടെ അക്രമത്തില്‍ ഒമ്പതാംക്ലാസുകാരന് തലയ്ക്ക് ഗുരുതര പരിക്കേറ്റു. പത്തുപവനോളം സ്വര്‍ണം മോഷ്ടാക്കള്‍ മൂന്ന് വീടുകളില്‍ നിന്നായി അപഹരിച്ചു. പനയം ചോനംചിറ, ചെമ്മക്കാട് മാടന്‍കാവ്, അഞ്ചാംകുറ്റി എന്നിവടങ്ങളിലാണ് കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രി 12നും മൂന്നിനും ഇടയില്‍ മോഷണം നടന്നത്. ചോനംചിറ കുത്തിരത്തറ അജ്മല്‍ മന്‍സിലില്‍ അബ്ദുള്‍ഗഫീറിന്റെ വീട്ടിലാണ് ആദ്യം മോഷണം ഉണ്ടായത്. ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ഡ്രൈവറായിരുന്ന അബ്ദുള്‍ ഗഫൂര്‍ വീടിന്റെ സിറ്റൗട്ടില്‍ കിടന്നുറങ്ങുന്നതിനിടെ വീടിന്റെ പിന്‍വശത്തെ വാതില്‍ തുറന്ന് അകത്ത് കയറിയ മോഷ്ടാക്കള്‍ ഉറങ്ങി കിടന്ന ഭാര്യ ഷംലയുടെ കഴുത്തില്‍ കിടന്ന മൂന്നര പവന്റെ സ്വര്‍ണമാല അപഹരിക്കുകയായിരുന്നു. ഷംലയുടെ ബഹളം കേട്ട് വീട്ടുകാരും പരിസരവാസികളും ഇറങ്ങിയെങ്കിലും മോഷ്ടാക്കള്‍ പിന്‍വശത്തെ വാതിലിലൂടെ രക്ഷപ്പെടുകയായിരുന്നു. 22 വയസുള്ള മെലിഞ്ഞ ഒരാളെ മാത്രമേ കണ്ടുവെന്നാണ് ഷംല പോലീസിനോട് പറഞ്ഞത്. അപ്പോള്‍ തന്നെ പോലീസ് കണ്‍ട്രോളില്‍ വിവരം അറിയിച്ചതനുസരിച്ച് അഞ്ചാലുംമൂട് പോലീസ് സ്ഥലത്തെത്തിച്ചേര്‍ന്നു. തുടര്‍ന്ന് അവിടെ നിന്നും ഒന്നര കിലോമീറ്റര്‍ അകലെയുള്ള ചെമ്മക്കാട് മാടന്‍കാവിന് സമീപം വിജയലക്ഷ്മി ഭവനത്തില്‍ ശ്രീലക്ഷ്മിയുടെ വീട്ടില്‍ കയറിയ മോഷ്ടാക്കള്‍ രണ്ടാംനിലയിലെ മൂന്ന് വാതിലുകള്‍ തുറന്നശേഷം താഴത്തെ അലമാര കുത്തിതുറക്കുകയായിരുന്നു. അലമാരയില്‍ ഒന്നും ഇല്ലെന്ന് മനസിലാക്കിയ മോഷ്ടാക്കള്‍ മുകളിലത്തെ റൂമിലെത്തി ഉറങ്ങികിടന്ന ശ്രീലക്ഷ്മിയുടെയും രണ്ട് പവന്റെ മാലയും അരപവന്റെ മോതിരവും അമ്മ രാധയുടെ ഒന്നരപവന്റെ മാലയും അപഹരിച്ചു. ഇവര്‍ ഉണര്‍ന്നപ്പോഴേക്കും ശ്രീലക്ഷ്മിയുടെ മുഖത്ത് അടിച്ച ശേഷം മോഷ്ടാക്കള്‍ പിന്‍വശത്തെ വാതിലൂലൂടെ രക്ഷപ്പെട്ടു. ഇവിടെ മോഷണം നടക്കുന്നത് 2.15 ഓടെയാണെന്ന് വീട്ടുകാര്‍ പറഞ്ഞു. ഇവിടെ നിന്നും വിവരം അറിയിച്ചതനുസരിച്ച് അഞ്ചാലുംമൂട് പോലീസ് ഇവിടെ എത്തിയപ്പോഴേക്കും മോഷ്ടാക്കള്‍ ചെമ്മക്കാട് മഹാവിഷ്ണു ക്ഷേത്രത്തിന് സമീപമുള്ള സജിയുടെ വീട്ടില്‍ കയറുകയായിരുന്നു. പിന്‍വശത്തെ വാതില്‍ തുറന്ന് അകത്ത് കയറിയ മോഷ്ടാക്കള്‍ മുകളിലത്തെ നിലയിലെ ബെഡ് റൂമിലെത്തുകയായിരുന്നു. ഉറങ്ങി കിടന്ന സജിയുടെ ഭാര്യ ബിനുവിന്റെ കഴുത്തിലെ മൂന്ന് പവന്റെ മാലയും രണ്ട് പവന്റെ വളയും അപഹരിച്ചു. അനക്കം കേട്ട് ഇവര്‍ ഉണര്‍ന്നപ്പോഴേക്കും മോഷ്ടാക്കള്‍ താഴേക്ക് ഇറങ്ങിയോടി. മോഷ്ടാക്കളെ പിടികൂടാന്‍ പിന്തുടരുന്നതിനിടെയാണ് ഇവരുടെ മകന്‍ 14 വയസുള്ള നിഖിലിന് പരിക്കേല്‍ക്കുന്നത്. പിന്നാലെ ഓടിയെത്തിയ നിഖിലിനെ മോഷ്ടാക്കള്‍ ക്രിക്കറ്റ് ബാറ്റും ടോര്‍ച്ചും കൊണ്ടും തലയ്ക്കടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ബിനുവിന് രണ്ട് ഭാഗത്തും കൂടി എട്ട് തുന്നിക്കെട്ടുണ്ട്. കൊല്ലം എസിപി ജോര്‍ജ്ജ് കോശി, സിഐ ഇഎസ്.ബിജു, വെസ്റ്റ് എസ്‌ഐ വിനോദ്, അഞ്ചാലൂംമൂട് എസ്‌ഐ പ്രശാന്ത്, സ്‌പെഷ്യല്‍ സ്‌ക്വാഡ് അംഗം എഎസ്‌ഐ ജോസ്പ്രകാശ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. വിരലടയാള വിദഗ്ദരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.